Connect with us

Gulf

ഉല്‍പന്നങ്ങള്‍ ഇറക്കുമതി കേന്ദ്രങ്ങളില്‍ പരിശോധിക്കാന്‍ സാസോ പദ്ധതി

Published

|

Last Updated

തബൂക്ക്: നിലവാരം കുറഞ്ഞതും വ്യാജവുമായ ഉല്‍പന്നങ്ങള്‍ സഊദി വിപണിയില്‍ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ ഉല്‍പന്നങ്ങളുടെ ഇറക്കുമതി കേന്ദ്രങ്ങളില്‍ തന്നെ അവ പരിശോധനക്കു വിധേയമാക്കാന്‍ സഊദി സ്റ്റാന്റേഡ്‌സ്, മെറ്ററോളജി ആന്റ് ക്വാളിറ്റി ഓര്‍ഗനൈസേഷന്‍ (സാസോ) പദ്ധതി.
വ്യാജ ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ സഊദി വിപണിയില്‍ യഥേഷ്ടം ലഭ്യമാകുന്നതായി ശ്രദ്ധയില്‍പെട്ടതും നിര്‍മാണത്തിലെ അപാകത നിമിത്തം നിരവധി കാറുകള്‍ വാണിജ്യ മന്ത്രാലയം ഇയ്യിടെയായി തിരിച്ചുവിളിച്ച പശ്ചാത്തലത്തിലുമാണ് ഉല്‍പന്നങ്ങള്‍ വരുന്ന പോയിന്റുകളില്‍ തന്നെ പരിശോധന നടത്താന്‍ സാസോ തീരുമാനിച്ചത്. കടകളിലും ഇറക്കുമതി കേന്ദ്രങ്ങളിലും ഉടന്‍ ഗുണനിലവാര പരിശോധനകള്‍ ആരംഭിക്കുമെന്ന് സഊദി സ്റ്റാന്റേഡ്‌സ്, മെറ്ററോളജി ആന്റ് ക്വാളിറ്റി ഓര്‍ഗനൈസേഷന്‍ വക്താവും സാങ്കേതിക കാര്യ അതോറിറ്റി ഡപ്യൂട്ടി ഗവര്‍ണറുമായ അബ്ദുല്‍ മുഹ്‌സിന്‍ അല്‍ യൂസുഫ് വെളിപ്പെടുത്തി.
അതേസമയം, നിര്‍മാണത്തകരാര്‍ നിമിത്തം കാറുകള്‍ തിരിച്ചുവിളിക്കുന്നത് വലിയ സംഭവമല്ലെന്നും ആഗോള തലത്തില്‍ തന്നെ അംഗീകരിക്കപ്പെട്ട ഗുണനിലവാരം ഉറപ്പുവരുത്തുന്ന രീതിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. വാഹന നിര്‍മാണ മേഖലയില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന രാജ്യങ്ങളില്‍ വരെ വാഹനങ്ങള്‍ തിരിച്ചുവിളിക്കുകയും വിപണിയില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്യാറുണ്ട്.
ഓരോ ഉല്‍പന്നത്തിനും സഊദി നിഷ്‌കര്‍ഷിക്കുന്ന ഗുണനിലവാര മാനദണ്ഡമുണ്ടെന്നും ഇത് പാലിക്കാത്ത ഉല്‍പന്നങ്ങള്‍ വിപണി കയ്യടക്കുന്നത് കര്‍ശനമായി തടയുക തന്നെ ചെയ്യുമെന്നും അബ്ദുല്‍ മുഹ്‌സിന്‍ അല്‍ യൂസുഫ് വ്യക്തമാക്കി.

Latest