Connect with us

Editorial

പ്രതിരോധ മേഖലയിലെ എഫ് ഡി ഐ

Published

|

Last Updated

ഭരണമേറ്റെടുത്ത് ഒരു വാരം പിന്നിടുന്നതിന് മുമ്പ് തന്നെ സാമ്പത്തിക രംഗത്ത് നരേന്ദ്ര മോദി സര്‍ക്കാര്‍ സ്വീകരിക്കാന്‍ പോകുന്ന നിലപാടുകള്‍ വ്യക്തമായിരിക്കുന്നു. പ്രതീക്ഷിക്കപ്പെട്ടപോലെ ഉദാരീകരണ നയങ്ങളെ ആവോളം പുല്‍കാന്‍ തന്നെയാണ് തീരുമാനം. ഈ രംഗത്ത് മുന്‍ സര്‍ക്കാറിന്റെ ആവര്‍ത്തനം തന്നെയായിരിക്കും മോദി സര്‍ക്കാറെന്ന നിലയാണ് ബലപ്പെട്ടുവരുന്നത്. സ്ഥാനമൊഴിയുന്ന സര്‍ക്കാറിന്റെ നല്ല വശങ്ങള്‍ അപ്പടി സ്വീകരിക്കുന്നത് ജനാധിപത്യപരമായ ശരിയാണ്. നിര്‍ബന്ധപൂര്‍വം, കൃത്രിമമായി, മാറ്റങ്ങള്‍ക്ക് വേണ്ടി കൊണ്ടു വരുന്ന മാറ്റങ്ങള്‍ ഭരണകൂടത്തിന്റെ തുടര്‍ച്ച നഷ്ടപ്പെടുത്തുകയേ ഉള്ളൂ. എന്നാല്‍ മുന്‍ സര്‍ക്കാറിന്റെ വിമര്‍ശവിധേയമായ നയങ്ങള്‍ അന്നത്തേക്കാള്‍ ആഴത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത് ബുദ്ധിയാകില്ല. പ്രതിരോധ മേഖലയില്‍ നൂറ് ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കാനുള്ള നീക്കം ഇത്തരത്തിലുള്ള ഒന്നാണ്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് തന്നെ ഈ നിര്‍ദേശം വ്യാവസായിക സമൂഹത്തില്‍ നിന്നും അന്താരാഷ്ട്ര കമ്പനികളില്‍ നിന്നും അമേരിക്കയടക്കമുള്ള വന്‍ ശക്തികളില്‍ നിന്നും ഉയര്‍ന്നു വന്നതാണ്. വാണിജ്യമന്ത്രി കമല്‍നാഥാണ് അന്ന് കാബിനറ്റില്‍ ഈ ശക്തികളുടെ പ്രതിനിധിയായത്. വിവിധ ഗുണഫലങ്ങള്‍ ഉയര്‍ത്തി കമല്‍നാഥ് ഇക്കാര്യം ശക്തമായി ഉന്നയിച്ചു. ഉദാരീകരണത്തിന്റെയും സ്വകാര്യവത്കരണത്തിന്റെയും വക്താക്കളായ മന്‍മോഹന്‍ സിംഗ് അടക്കമുള്ളവര്‍ ഇതിനെ പിന്താങ്ങി. പ്രതിരോധ മന്ത്രി എ കെ ആന്റണിയാണ് ഈ നിര്‍ദേശത്തെ ഒറ്റക്ക് പ്രതിരോധിച്ചതെന്ന് പറയാം. അങ്ങനെയാണ് പ്രതിരോധ മേഖലയിലെ വിദേശ നിക്ഷേപ പരിധി 26 ശതമാനത്തില്‍ നിജപ്പെടുത്തിയത്. ബഹുരാഷ്ട്ര ഭീമന്‍മാരോടും വിദേശ മൂലധന ശക്തികളോടും അങ്ങേയറ്റത്തെ വിധേയത്വമുണ്ടെന്ന് പഴിക്കപ്പെടുന്ന മന്‍മോഹന്‍ സിംഗിനും കൂട്ടര്‍ക്കും 26ലെത്താനേ കഴിഞ്ഞുള്ളൂ. എന്നാല്‍ മോദിയുടെ ടീമിന് നൂറ് ശതമാനത്തിലേക്ക് എടുത്തുചാടാന്‍ സാധിച്ചുവെങ്കില്‍ അത് എന്തൊക്കെ ഗുണങ്ങള്‍ നിരത്തിയാലും ആശങ്കാജനകമായ തീരുമാനമായേ വിലയിരുത്താനാകൂ.
പ്രതിരോധ മേഖലയിലെ എഫ് ഡി ഐ സംബന്ധിച്ച് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷന്‍ വകുപ്പ്(ഡി ഐ പി പി) തയ്യാറാക്കിയ കേന്ദ്ര മന്ത്രിസഭാ യോഗ കുറിപ്പിന്റെ കരട് വിവിധ മന്ത്രിമാരുടെ കൂടിയാലോചനകള്‍ക്കായി വാണിജ്യ, വ്യവസായ മന്ത്രാലയം കൈമാറിക്കഴിഞ്ഞു. ഇത് ഒട്ടും അപ്രിതീക്ഷിതമല്ലെന്നതാണ് വസ്തുത. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി ജെ പി പുറത്തിറക്കിയ പ്രകടനപത്രികയില്‍ പ്രതിരോധ മേഖലയിലെ വിദേശ നിക്ഷേപം ഉയര്‍ത്തുന്ന കാര്യം ഉള്‍പ്പെടുത്തിയിട്ടുണ്ട്. എഫ് ഡി ഐ നിരക്ക് 49 മുതല്‍ നൂറ് വരെ ശതമാനമാക്കി ഉയര്‍ത്തുന്നതിനുള്ള നിര്‍ദേശങ്ങളാണ് മുന്നോട്ടുവെച്ചിട്ടുള്ളത്. സാങ്കേതികവിദ്യ കൈമാറാത്ത കമ്പനികള്‍ക്ക് 49 ശതമാനം വരെ വിദേശ നിക്ഷേപം അനുവദിക്കാനും സാങ്കേതികവിദ്യ കൈമാറാന്‍ തയ്യാറാകുന്ന കമ്പനികള്‍ക്ക് 74 ശതമാനം വരെ എഫ് ഡി ഐ അനുവദിക്കാനുമാണ് നിര്‍ദേശം. പൂര്‍ണമായും തദ്ദേശീയമായ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നൂറ് ശതമാനം വരെ എഫ് ഡി ഐ അനുവദിക്കാനും പതിനഞ്ച് പേജ് വരുന്ന കരടില്‍ ചൂണ്ടിക്കാട്ടുന്നു.
ആയുധ ഇറക്കുമതി കുറക്കാനും അതുവഴി കറന്റ് അക്കൗണ്ട് കമ്മി നിയന്ത്രിക്കാനും സഹായിക്കുന്നതാണ് തീരുമാനമെന്നാണ് എഫ് ഡി ഐയെ പിന്തുണക്കുന്നവര്‍ പറയുന്നത്. ഇതില്‍ ഇറക്കുമതിയുടെ ഭാഗം ശരിയാണ്. ആയുധ ഇറക്കുമതിയില്‍ ഇന്ത്യ 2010ല്‍ ചൈനക്കൊപ്പമെത്തിയതായാണ് സ്റ്റോക്‌ഹോം ഇന്റര്‍നാഷനല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് പറയുന്നത്. യു എസ് നിര്‍മിത ആയുധങ്ങളുടെ പ്രധാന ഉപഭോക്താവാണ് ഇന്ത്യ. നാല് വര്‍ഷം മുമ്പ് വരെ റഷ്യയില്‍ നിന്നായിരുന്നു ഭൂരിഭാഗം ആയുധങ്ങളും ഇന്ത്യ വാങ്ങിയിരുന്നത്. 2006- 07 വര്‍ഷം മുതല്‍ ശരാശരി 13.4 ശതമാനമാണ് രാജ്യത്തിന്റെ പ്രതിരോധ ബജറ്റിലുണ്ടാകുന്ന വര്‍ധന.
പ്രതിരോധ ഉപകരണങ്ങളുടെ ഇറക്കുമതി വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നുവെന്ന് മാത്രമല്ല രാജ്യം കണ്ട ഏറ്റവും വലിയ അഴിമതികള്‍ക്ക് വഴി വെച്ചതും ഇത്തരം ഇടപാടുകളാണ്. ബോഫോഴ്‌സ് മുതല്‍ അഗുസ്ത വെസ്റ്റ്‌ലാന്‍ഡ് വരെ അത് നീണ്ടു കിടക്കുന്നു. വിദേശ മൂലധനം ഉപയോഗിച്ച് തദ്ദേശീയമായി സാമഗ്രികളും ആയുധങ്ങളും ഉണ്ടാക്കാന്‍ സാധിക്കുകയാണെങ്കില്‍ അത് രാജ്യത്തെ സ്വയം പര്യാപ്്തതയിലേക്ക് നയിക്കുമെന്നും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും എഫ് ഡി ഐ അനുകൂലികള്‍ വാദിക്കുന്നു. ഇതൊക്കെ ഭാഗികമായി ശരിയാണ്.
എന്നാല്‍ ഇന്ത്യയില്‍ മുതല്‍ മുടക്കാന്‍ പോകുന്നത് ആരാണ്? ഇപ്പോള്‍ നമുക്ക് ആയുധങ്ങള്‍ തന്നുകൊണ്ടിരിക്കുന്ന അമേരിക്കയും ഇസ്‌റാഈലുമടക്കമുള്ള ശക്തികള്‍. അവര്‍ക്ക് ലാഭമാണ് ലക്ഷ്യം. ഇന്ത്യയുടെ തദ്ദേശീയമായ ശേഷി വികസിപ്പിക്കാന്‍ അവര്‍ക്ക് താത്പര്യമുണ്ടാകില്ല. അവരുടെ സാങ്കേതികവിദ്യ ഇവിടെ ഇറക്കുമതി ചെയ്യുകയെന്നതില്‍ കവിഞ്ഞ് ഒന്നും സംഭവിക്കില്ല. അപ്പോള്‍ തദ്ദേശീയമായ ശേഷി പിന്നോട്ടടിക്കുകയാണ് ചെയ്യുക. രാജ്യസുരക്ഷ സംബന്ധിച്ചും ആയുധശേഷി സംബന്ധിച്ചുമുള്ള രഹസ്യങ്ങള്‍ക്ക് പിന്നെ എന്ത് പ്രസക്തിയാണ് ഉണ്ടാകുക? മേഖലയില്‍ ഗുരുതരമായ ആയുധ മത്സരത്തിന് ഈ തീരുമാനം വഴിവെക്കുമെന്ന് കൂടി കാണേണ്ടിയിരിക്കുന്നു. ചുരുക്കത്തില്‍ വളരെ അവധാനതയോടെ എടുക്കേണ്ട തീരുമാനമണ് പ്രതിരോധ മേഖലയിലെ വിദേശ നിക്ഷേപം. ആ നിലക്കുള്ള ആലോചനകള്‍ നടക്കട്ടെ. എന്നിട്ടാകാം അന്തിമ തീരുമാനം.