Connect with us

Articles

വിദ്യാഭ്യാസത്തിന്റെ കരുതല്‍

Published

|

Last Updated

വേനല്‍ അവധി കഴിഞ്ഞ് വിദ്യാലയങ്ങള്‍ ഇന്ന് തുറക്കുകയാണ്. ഉത്സവാന്തരീക്ഷത്തിലാണ് വിദ്യാര്‍ഥികളും വിദ്യാലയങ്ങളും. 40 ലക്ഷത്തോളം കുട്ടികളാണ് അറിവ് തേടി എത്തുന്നത്. ഇവരില്‍ ഏകദേശം മൂന്ന് ലക്ഷം കുട്ടികള്‍ ആദ്യമായാണ് പള്ളിക്കൂടങ്ങളിലെത്തുന്നത്. ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തമാണ് ആദ്യ വിദ്യാലയ ദിനം.
നമ്മുടെ കുട്ടികള്‍ക്ക് ഏറ്റവും മികച്ചത് ലഭിക്കാനുള്ള ഇടമാകണം വിദ്യാലയങ്ങള്‍. അതിന് കഴിയും വിധം പള്ളിക്കൂടങ്ങളെ പരിവര്‍ത്തിപ്പിക്കാന്‍ നാം ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം. വിദ്യാലയങ്ങളുടെ കരുത്താണ് ഒരു രാഷ്ട്രത്തിന്റെ ഉത്തമ ഭാവി നിര്‍ണയിക്കുന്നത്. അറിവിന്റെ മേഖല, പരിധിയില്ലാത്ത വിധത്തില്‍ അനുദിനം വലുതായിക്കൊണ്ടിരിക്കുന്ന കാലമാണിത്. സംസ്‌കാരത്തിനും ധാര്‍മികതക്കും കരുത്ത് പകരാന്‍ തക്ക ശക്തികേന്ദ്രമാകണം വിദ്യാലയങ്ങള്‍. വിദ്യാലയങ്ങളുടെ‘ലയം എന്നത് അറിവിന്റെ വിശാല ലോകം ഉള്‍ക്കൊണ്ട അധ്യാപകന്റെയും അറിവിന്റെ തൃഷ്ണ പേറുന്ന വിദ്യാര്‍ഥിയുടെ മനസ്സുകള്‍ തമ്മില്‍ ഉണ്ടാകേണ്ട പ്രതിഭാസമാണ്. ഗുരു പ്രകാശഗോപുരമാണെന്ന് ഇരുകൂട്ടര്‍ക്കും ബോധ്യപ്പെടുകയും വേണം. കാലത്തിന്റെ നന്മയെ ജ്വലിപ്പിക്കാന്‍ വിദ്യാലയ മുറികള്‍ക്ക് ബാധ്യതയുണ്ട്. അത് നിറവേറുമ്പോഴാണ് വൈജ്ഞാനികമായി നാം മുന്നേറി എന്നു പറയാനാകുക. സ്വയം നവീകരിച്ച് കാലത്തിന് കാവല്‍ നില്‍ക്കാന്‍ കഴിയുന്ന പൗരസഞ്ചയത്തെ വാര്‍ത്തെടുക്കാനുള്ള അക്ഷയ ഖനികളായി വിദ്യാലയങ്ങള്‍ മാറാനായി നാം സദാ ശ്രദ്ധിക്കണം. പള്ളിക്കൂടങ്ങളില്‍ ചെറിയ വീഴ്ച പോലും ഉണ്ടാകരുത്. അധ്യാപകര്‍ മഹാ പാഠപുസ്തകമാകണം. അവരുടെ സ്വഭാവ നൈര്‍മല്യവും വിശാല കാഴ്ചപ്പാടുമാണ് അറിവും ആത്മവിശ്വാസവും പകരുന്നത്. അത് ഉള്‍ക്കൊണ്ടാകണം അധ്യയനം നടക്കേണ്ടത്.
ജീവിതത്തെക്കുറിച്ചുള്ള ശരിയായ ധാരണയാണ് മുഖ്യമായും വിദ്യാലയങ്ങള്‍ പകര്‍ന്നുനല്‍കേണ്ടത്. ജീവിതം എന്നാല്‍ ജീവനെ പങ്കുവെക്കലാണ്. കുട്ടികളുടെ മനസ്സുകളില്‍ രൂപപ്പെടുന്ന മാതൃക അവരുടെ വ്യക്തിത്വ വികസനത്തിന് ഉപകരിക്കുന്ന രീതിയുള്ളതാകണം. ജീവിതത്തിലുടനീളം പിന്തുടരുന്ന ഗുരുശിഷ്യബന്ധങ്ങള്‍ രൂപപ്പെടുത്താനും പള്ളിക്കൂടങ്ങള്‍ക്ക് കഴിയണം. വിദ്യാലയാതിര്‍ത്തികളില്‍ അവസാനിക്കുന്ന ബന്ധമില്ല ഗുരുശിഷ്യരുടെത് എന്ന ബോധ്യം വേണം. എല്ലാ മേഖലകളിലും തിളക്കത്തോടെ വഴികാട്ടിയാകുന്ന അധ്യാപകര്‍ക്ക് ലോകത്തെ മാറ്റിമറിക്കാനുള്ള കഴിവുണ്ട്. ഒരു പ്രലോഭനം കൊണ്ടോ പ്രകോപനം കൊണ്ടോ അത് തകര്‍ക്കപ്പെടാന്‍ ഇടയാകരുത്. അത്ര കരുത്ത് അതിനുണ്ടാകണം. ആ കരുത്ത് വിദ്യാര്‍ഥികള്‍ക്ക് അവരറിയാതെ പകരണം. അവരുടെ മൂല്യം സത്യത്തിലും നീതിയിലും വിദ്യാര്‍ഥികളുടെ ഉല്‍ക്കര്‍ഷത്തിലും വ്യാപരിക്കണം. സങ്കുചിതമായ ഒരു ചിന്തയും അധ്യാപകരിലേക്ക് കടന്നു വരരുത്. പഠിക്കുകയും പഠിപ്പിക്കുകയും എന്നതു പോലെ ഉല്‍ക്കൃഷ്ടമായ മറ്റൊന്നും ലോകത്തില്ല. അധ്യാപകര്‍ ക്രാന്തദര്‍ശികളാകണം. നാളെകള്‍ അവരാണ് ശരിയായി രൂപപ്പെടുത്തേണ്ടത്. പരിപാലനത്തിലെ സൂക്ഷ്മത പ്രധാനമാണ്. കരുത്തും കരുണയും വറ്റാത്ത മൂല്യ സ്രോതസ്സുകള്‍ ജനിക്കുന്നിടത്ത് വിദ്യാലയങ്ങള്‍ മേന്മയുള്ളതാകുന്നു. പള്ളിക്കൂടത്തിന്റെ മികച്ച നേട്ടമെന്നത് പരീക്ഷാ വിജയത്തിലെ അക്കങ്ങളുടെ വലിപ്പം മാത്രമല്ല.
ഭാഗ്യവശാല്‍ നമ്മുടെ വിദ്യാലയങ്ങള്‍ക്ക് ഏറെ മുമ്പോട്ടു പോകാന്‍ കഴിഞ്ഞിട്ടുണ്ട്. പരിശീലനത്തില്‍ പുതിയ ദിശ കടന്നു വരുന്നു. കമ്പ്യൂട്ടറിന്റെ ആധിക്യത്തിലും അത് ജീവനില്ലാത്ത വസ്തുവാണെന്നും ജീവനുള്ളവയുമായുള്ള ഇടപഴകലാണ് ജീവിതത്തെ ധന്യമാക്കേണ്ടതെന്നും വിദ്യാര്‍ഥികള്‍ പഠിക്കുന്നത് ശുഭോദര്‍ക്കമാണ്. അക്ഷരങ്ങള്‍ക്കു പുറത്തും ലോകമുണ്ടെന്നും സുഖം പോലെ തന്നെ ദുഃഖവും ലോകത്തുണ്ടെന്നും അവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കാന്‍ കഴിയുന്നുണ്ട്. വിദ്യാര്‍ഥി-അധ്യാപക ബന്ധങ്ങള്‍ ഹൃദ്യമായി സൂക്ഷിക്കേണ്ടതിന്റെ പ്രാഥമിക പാഠങ്ങളും വിദ്യാലയങ്ങള്‍ പറഞ്ഞു കൊടുക്കണം. അധ്യാപകര്‍ നല്ല അധ്യാപകനും രക്ഷകര്‍ത്താവ് നല്ല രക്ഷകര്‍ത്താവുമായാല്‍ വിദ്യാര്‍ഥി നല്ല വിദ്യാര്‍ഥിയാകും. വിദ്യാഭ്യാസത്തിന്റെ പ്രാഥമിക മാര്‍ഗ നിര്‍ദേശത്തിന് ഉപകരിക്കുന്ന പരിരക്ഷയുടെ പാഠങ്ങള്‍ എന്ന കൈപ്പുസ്തകം ഇക്കുറിയും വിദ്യാലയങ്ങള്‍ക്ക് നല്‍കുന്നുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ഈ പുസ്തക കത്തിന് ഉണ്ടായ സ്വീകാര്യത മനസ്സിലാക്കിയാണ് പരിഷ്‌കരിച്ച മൂന്നാം പതിപ്പ് പ്രസിദ്ധപ്പെടുത്തുന്നത്. സംസ്ഥാനത്തെ 1000 കേന്ദ്രങ്ങളിലാണ് പ്രകാശനം നടത്തുന്നത്.
കേരളത്തിലെ വിദ്യാഭ്യാസ ചരിത്രത്തെ കാലോചിതമാക്കാന്‍ ഈ ലഘു കൃതിക്ക് കഴിഞ്ഞു എന്നത് സന്തോഷജനകമാണ്. സര്‍വശിക്ഷാ അഭിയാന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ അവകാശ നിയമം പ്രതിപാദിച്ച് വിദ്യാഭ്യാസ വിചക്ഷണര്‍മാര്‍ തയ്യാറാക്കിയതാണ് കൈപ്പുസ്തകം.
രക്ഷകര്‍ത്താക്കളുടെ ജാഗ്രത വിദ്യാലയത്തെ സമൃദ്ധമാക്കും. വിദ്യാലയങ്ങളുടെ പുരോഗതിയുടെ കാര്യത്തില്‍ രക്ഷകര്‍ത്താക്കളുടെ നവജാഗരണം അനിവാര്യമാണ്. നമ്മുടെ പ്രാര്‍ഥനാനിര്‍ഭരമായ ആഗ്രഹം സഫലമാകാന്‍ വിദ്യാലയങ്ങള്‍ നടത്തുന്ന മുന്നേറ്റത്തിന് ചുക്കാന്‍ പിടിക്കാന്‍ രക്ഷകര്‍ത്താക്കള്‍ക്ക് ബാധ്യതയുണ്ട്.
ഒട്ടേറെ പുരോഗതിയുണ്ടായ വര്‍ഷമാണ് കടുന്ന പോയത്. അധ്യാപകരും വിദ്യാര്‍ഥികളും, രക്ഷകര്‍ത്താക്കളും ഒരു പോലെ തൃപ്തരായിരുന്നു. സമാധാനഭരിതമായ അന്തരീക്ഷത്തിലാണ് അധ്യയനം നടന്നത്. വിജയശതമാനം വര്‍ധിക്കുന്നതിനും അത് ഇടയാക്കി. പ്രാഥമിക പള്ളിക്കൂടങ്ങള്‍ മുതല്‍ സര്‍വകലാശാലയുടെ ഉന്നതങ്ങളില്‍ വരെ പുരോഗതി പ്രതിഫലിച്ചു. വിദ്യാഭ്യാസ അവകാശ നിയമം പ്രാബല്യത്തിലാണ്. ഒരു കുട്ടിക്ക് പോലും വിദ്യാലയ പ്രവേശം അന്യമാക്കരുത്. കലാ പഠനവും ആരംഭിക്കുന്നു. ഗൃഹാതുരത്വം സൃഷ്ടിച്ച് 30 വര്‍ഷത്തിനു ശേഷം കലാപഠനത്തിന് ഒരു പുതിയ പിരീഡ് ഉണ്ടാകുന്നു. സമൃദ്ധിയുടെയും സന്തോഷത്തിന്റെയും വിദ്യാലയങ്ങളായിരിക്കണം ഉണ്ടാകേണ്ടത്.
ഇന്ത്യയിലാദ്യമായി ഒന്നാം ക്ലാസ് മുതല്‍ സംസ്‌കൃത പഠനം ആരംഭിക്കുന്നത് ഇന്ന് മുതല്‍ നമ്മുടെ സംസ്ഥാനത്താണ്. ശ്രീനാരായണ കൃതികള്‍ പാഠ്യഭാഗത്ത് ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന മിഷന്‍ 676 പദ്ധതി പ്രകാരം ലോകോത്തര വിദ്യാഭ്യാസം ഉറപ്പ് വരുത്തുന്നതിനായി നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നു. നമ്മുടെ സംസ്ഥാനത്തിന് അവ സമ്മാനിക്കുന്ന പരിവര്‍ത്തനങ്ങള്‍ മികച്ചതായിരിക്കുമെന്ന് ഉറപ്പാണ്.
ഭാഷ, ശാസ്ത്രം, സാഹിത്യം, രാഷ്ട്ര മീംമാംസ, ചരിത്രം, ഗണിതം തുടങ്ങിയവയുടെ പഠന രീതിശാസ്ത്രങ്ങള്‍ നമ്മുടെ ലോകം ആര്‍ജിക്കുമ്പോള്‍ അതിന്റെ മുഖ്യധാരാ സ്രഷ്ടാക്കളായി നാമുമുണ്ടാകണം. അതിന് ഈ അധ്യയനവര്‍ഷം ഉപയോഗപ്പെടട്ടെ എന്ന് ആശംസിക്കുന്നു.

 

Latest