Connect with us

Kerala

അനാഥാലയങ്ങള്‍ക്കെതിരായ സംഘടിത നീക്കം ആശങ്കാജനകം: കാന്തപുരം

Published

|

Last Updated

കോഴിക്കോട്: സംസ്ഥാനത്തെ അനാഥാലയങ്ങള്‍ക്കെതിരായ സംഘടിത നീക്കം ആശങ്കാജനകമാണെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പഠിക്കുന്ന അനാഥലയങ്ങളെ ലക്ഷ്യം വെച്ച് വ്യാപകമായ കുപ്രചാരണങ്ങളാണ് നടക്കുന്നത്. ഇതിനെ സാധൂകരിക്കും വിധം സംസ്ഥാന ആഭ്യന്തര മന്ത്രി തന്നെ പ്രസ്താവന നടത്തിയത് ഖേദകരമാണ്. പ്രസ്താവനയില്‍ കാന്തപുരം പറഞ്ഞു.

പ്രാഥമിക വിദ്യാഭ്യാസം നല്‍കേണ്ടത് ഭരണകൂടങ്ങളുടെ ഉത്തരവാദിത്വമാണെന്നിരിക്കെ ഇതിന് കഴിയാതെ വരുന്നതു കൊണ്ടാണ് സാമൂഹിക സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ ഈ ചുമതല നിര്‍വഹിക്കേണ്ടി വരുന്നത്. മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് ഈ സ്ഥാപനങ്ങള്‍ നടത്തുന്നത്. വിദ്യാഭ്യാസത്തിനായി അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികള്‍ വരുന്നതിനെ മനുഷ്യക്കടത്തായി ചിത്രീകരിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. മലയാളികളായ നിരവധി വിദ്യാര്‍ഥികള്‍ അന്യ സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും പഠനം നടത്തുന്നുണ്ട്. സുന്നി സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കീഴില്‍ അന്യ സംസ്ഥാനങ്ങളില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നു. ഭക്ഷണത്തിന് പോലും വകയില്ലാത്ത ദരിദ്ര ഗ്രാമങ്ങളില്‍ നിന്നുള്ള കുട്ടികളെ സംരക്ഷിച്ച് ഉന്നത വിദ്യാഭ്യാസം നല്‍കി മാതൃകാ പൗരന്‍മാരെ വാര്‍ത്തെടുക്കുകയെന്ന ദൗത്യമാണ് ഇത്തരം സ്ഥാപനങ്ങള്‍ നിര്‍വഹിക്കുന്നത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ അംഗീകാരത്തോടെയാണ് ഈ സ്ഥാപനങ്ങളുടെയെല്ലാം പ്രവര്‍ത്തനവും. നിയമപരമല്ലാതെ പ്രവര്‍ത്തിക്കുന്നവയെ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് പകരം ഉത്തരവാദപ്പെട്ടവര്‍ തന്നെ അടച്ചാക്ഷേപിക്കുന്ന പ്രവണത അംഗീകരിക്കാന്‍ കഴിയില്ലെന്നും കാന്തപുരം വ്യക്തമാക്കി.

Latest