Connect with us

Kerala

സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസുകളില്‍ വന്‍ വര്‍ധന

Published

|

Last Updated

തിരുവനന്തപുരം: നികുതിയേതര വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്തെ ഐ ടി ഐകളിലെ ഫീസ് നിരക്കുകളും വ്യവസായ പരിശീലന വകുപ്പ് നല്‍കുന്ന വിവിധ സേവനങ്ങള്‍ക്കുമുള്ള ഫീസുകള്‍ കുത്തനെ വര്‍ധിപ്പിച്ചു. ഇതുസംബന്ധിച്ച് പരീശീലന വകുപ്പ് ഡയറക്ടറോട് ഫീസ് വര്‍ധനവിനെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് സമര്‍പ്പിച്ച് ശിപാര്‍ശകള്‍ അംഗീകരിച്ചാണ് സര്‍ക്കാര്‍ നിരക്കുകള്‍ പുതുക്കി ഉത്തരവായിരിക്കുന്നത്. ഇതുവഴി ഫീസുകളിലും സേവനങ്ങളിലും ഇരട്ടിയിലധികം രൂപയുടെ വര്‍ധന അനുഭവപ്പെടും.

പുതുക്കിയ നിരക്കുകളനുസരിച്ച് പുതിയ സ്വകാര്യ ഐ ടി ഐ തുടങ്ങുന്നതിനുള്ള അപേക്ഷാ ഫീസ് 25,000 രൂപയായി വര്‍ധിപ്പിച്ചു. നേരത്തെ ഇത് അയ്യായിരം രൂപയായിരുന്നു. ഇതിനുള്ള ലേറ്റ് ഫീസ് 2,500ല്‍ നിന്ന് അയ്യായിരം രൂപയാക്കി ഉയര്‍ത്തി. നിലവിലുള്ള സ്വകാര്യ ഐ ടി ഐകളില്‍ പുതിയ ട്രേഡുകള്‍ അനുവദിക്കുന്നതിനുള്ള ഫീസ് രണ്ടായിരം രൂപയില്‍ നിന്ന് അയ്യായിരം രൂപയും ഇതിനുള്ള ലേറ്റ് ഫീസ് 1,500ല്‍ നിന്ന് മൂവായിരം രൂപയാക്കിയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. വകുപ്പുതല പ്രീ ഇന്‍സ്‌പെക്ഷനുള്ള ഫീസ് 3,500ല്‍ നിന്ന് ആറായിരം രൂപയായും റീ ഇന്‍സ്‌പെക്ഷനുള്ള ഫീസ് അയ്യായിരം രൂപയില്‍ നിന്ന് എട്ടായിരമായും വര്‍ധിപ്പിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഇന്‍സ്‌പെക്ഷനുള്ള ഫീസ് ഇരുപതിനായിരം രൂപയാക്കി. മുമ്പ് ഇത് പതിനായിരം ആയിരുന്നു. ഐ ടി ഐ യുടെ പേര് മാറ്റുന്നതിനുള്ള അപേക്ഷാ ഫീസ് ആയിരം രൂപയും നിലവിലെ ഐ ടി ഐ സ്ഥലംമാറ്റത്തിനുള്ള ഫീസ് ആറായിരം രൂപയുമായി. നേരത്തെ ഇതിന് ഫീസ് ഇല്ലായിരുന്നു.

കൂടാതെ ഐ ടി ഐ വിദ്യാര്‍ഥികളുടെ ഫീസുകളും കുത്തനെ ഉയര്‍ത്തിയിട്ടുണ്ട്. പ്രധാന നിരക്കുകള്‍ (ബ്രാക്കറ്റില്‍ പഴയനിരക്ക്): സ്വകാര്യ ഐ ടി ഐകളിലെ പ്രവേശനത്തിനുള്ള അപേക്ഷാ ഫീസ് അമ്പത് രൂപ (പത്ത്). സ്വകാര്യ സര്‍ക്കാര്‍ ഐ ടി ഐകളിലെ ട്രെയിനികള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ഫീസ് നൂറ് രൂപ. ആറ് മാസം- ഒരു വര്‍ഷം വരെയുള്ള കോഴ്‌സുകളുടെ പരീക്ഷാ ഫീസുകള്‍ നൂറ് രൂപ (40). രണ്ട് വര്‍ഷം- മൂന്ന് വര്‍ഷം വരെയുള്ള കോഴ്‌സുകളുടെ പരീക്ഷാ ഫീസുകള്‍ നൂറ് രൂപ (അമ്പത്). എല്ലാ വിഭാഗങ്ങളിലെയും തോറ്റവര്‍ക്കുള്ള പരീക്ഷാ ഫീസ് 150 രൂപ (അറുപത്). പരീക്ഷക്കുള്ള അപേക്ഷയുടെ ലേറ്റ് ഫീസ് അമ്പത് രൂപ. പ്രൈവറ്റ് അപേക്ഷകരുടെ പരീക്ഷാ ഫീസ് ആയിരം രൂപ (അഞ്ഞൂറ്). ഇതിനുള്ള ലേറ്റ് ഫീസ് അഞ്ഞൂറ് രൂപ. ഉത്തരക്കടലാസുകളുടെ പുനര്‍ മൂല്യനിര്‍ണയത്തിന് അമ്പത് രൂപ (പത്ത്), സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ ഫീസ് നൂറ് രൂപ എന്നിങ്ങനെയാണ് വര്‍ധന.