Connect with us

Editorial

ജനാധിപത്യത്തിന് ഭൂഷണമല്ല

Published

|

Last Updated

“ഞാന്‍ എന്റെ ജീവിതത്തെ സ്‌നേഹിക്കുന്നു. ലോകത്തെ എല്ലാ ആഹ്ലാദങ്ങളും എനിക്ക് നുകരണം. എനിക്ക് മനുഷ്യസഹജമായ എല്ലാ വികാരങ്ങളുമുണ്ട്. വിവാഹം കഴിക്കാന്‍, കുട്ടികളെ ഗര്‍ഭം ധരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ജീവിതവും പ്രണയവും ആസ്വദിക്കാന്‍ ഞാന്‍ അഭിലഷിക്കുന്നു. ഞാന്‍ ഒരിക്കലും ആത്മഹത്യചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല. പക്ഷെ, അതെല്ലാം കിരാതമായ സായുധസേനാ പ്രത്യേകാധികാര നിയമം(എ എഫ് എസ് പി എ) റദ്ദാക്കിയ ശേഷം മാത്രം”.- “ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍” പോലെ, വരുംകാലത്ത് “ഒരു പ്രജ പ്രധാനമന്ത്രിക്ക് അയച്ച കത്തെ”ന്ന പേരില്‍ മേല്‍കുറിച്ച സന്ദേശം പ്രശസ്തമായേക്കാം. മനുഷ്യാവകാശങ്ങള്‍ക്കും സ്വാതന്ത്യത്തിനും വേണ്ടി, കഴിഞ്ഞ പതിനാല് വര്‍ഷങ്ങളായി അനിശ്ചിതകാല ഉപവാസമനുഷ്ഠിക്കുന്ന, “മണിപ്പൂരിന്റെ ഉരുക്കുവനിത”യെന്ന് പ്രശസ്തയായ ഇറോം ശര്‍മിള പ്രധാനമന്ത്രി നരേന്ദ്രമോദി മുമ്പാകെ സമര്‍പ്പിക്കുന്നതാണ് ഈ കുറിപ്പ്. സായുധസേനകളുടെ എല്ലാ ചെയ്തികള്‍ക്കും സംരക്ഷണവും പരിരക്ഷയും നല്‍കുന്ന കരിനിയമത്തിനെതിരെ നിശബ്ദമായി പ്രതിഷേധിക്കുകയാണ് ശര്‍മിള. 2000 നവമ്പര്‍ മാസത്തില്‍ സായുധ സേന മണിപ്പൂരിലെ മലോമില്‍ നടത്തിയ കൂട്ടക്കൊലയില്‍ മനംനൊന്താണ് ശര്‍മിള അനിശ്ചിതകാല ഉപവാസം ആരംഭിച്ചത്. അതിന് ശേഷം ഇന്നുവരെ ശര്‍മിള ആശുപത്രിയിലോ, ജുഡീഷ്യല്‍ കസ്റ്റഡിയിലോ, പോലീസ് കാവലിലോ ആണ് ജീവിക്കുന്നത്.

2006ല്‍ ഡല്‍ഹിയില്‍ ജന്ദര്‍മന്തറില്‍ സമരം നടത്തിയതിന് ശര്‍മിളക്കെതിരെ ആത്മഹത്യാശ്രമത്തിന് കേസെടുത്തിരുന്നു. ഈ കേസില്‍ ഡല്‍ഹിയിലെ പട്യാല ഹൗസ് മെട്രൊ പോളിറ്റന്‍ കോടതിയില്‍ പോലീസ് അകമ്പടിയോടെ കഴിഞ്ഞ ബുധനാഴ്ച ഹാജരാക്കപ്പെട്ട ശര്‍മിള, മജിസ്‌ട്രേറ്റ് ആകാശ് ജെയിനിന്റെ ചോദ്യങ്ങള്‍ക്ക് ദൃഢനിശ്ചയത്തോടെയാണ് മറുപടി നല്‍കിയത്. അനിശ്ചിതകാല ഉപവാസം അവസാനിപ്പിച്ചുകൂടേ എന്ന ചോദ്യത്തിന്, “തീര്‍ച്ചയായും ഞാന്‍ ഭക്ഷണം കഴിക്കാം. ഈ ജനവിരുദ്ധ നിയമം റദ്ദാക്കുമോ” എന്ന മറുചോദ്യത്തിന് മുന്നില്‍ മജിസ്‌ട്രേറ്റ് നിസ്സഹായനായി. നിയമം റദ്ദാക്കണമെന്ന ആവശ്യം ഞങ്ങളുടെ അധികാരപരിധിയില്‍ വരുന്ന വിഷയമല്ല -അദ്ദേഹം കൈമലര്‍ത്തി.

ജമ്മുകാശ്മീരിനും മണിപ്പൂരിനും പുറമെ അസം, നാഗാലാന്‍ഡ്, അരുണാചല്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ “അസ്വസ്ഥ ബാധിത” മെന്ന് പ്രഖ്യാപിക്കപ്പെട്ട മേഖലകളിലാണ് ഈ നിയമം പ്രാബല്യത്തിലുള്ളത്. രാജ്യദ്രോഹ ശക്തികളെ നേരിടാനെന്ന പേരില്‍ ഈ കാടന്‍ നിയമത്തെ ന്യായീകരിക്കുന്നവര്‍, നിരപരാധികളും നിസ്സഹായരുമായ സാധാരണക്കാര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നു. ഭീകര പ്രവര്‍ത്തനങ്ങള്‍ നേരിടാനെന്ന പേരില്‍ കൊണ്ടുവന്ന പോട്ട, ടാഡ എന്നീ കാടന്‍ നിയമങ്ങള്‍ റദ്ദാക്കാന്‍ കേന്ദ്ര ഭരണകൂടത്തിന് ആകുമെങ്കില്‍ എ എഫ് എസ് പി എ എന്ന കരിനിയമവും റദ്ദാക്കാന്‍ പ്രയാസമുണ്ടാകില്ല. നീതിന്യായ പീഠത്തെ പോലും നിസ്സഹായരാക്കുന്ന നിയമം ഒരു ജനാധിപത്യ രാഷ്ട്രത്തിന് ഭൂഷണമല്ല.

പോലീസാണെങ്കിലും പട്ടാളമാണെങ്കിലും ഭരണകൂടത്തിന്റെ മര്‍ദ്ദനോപാധിയാണെന്ന് പണ്ടേ വിശേഷിപ്പിക്കപ്പെടാറുണ്ട്. കോണ്‍ഗ്രസ് നയിക്കുന്ന യു പി എയും മുപ്പത് വര്‍ഷത്തിനിടയില്‍ ലോക്‌സഭയില്‍ തനിച്ച് കേവലഭൂരിപക്ഷം നേടിയ ബി ജെ പി നയിക്കുന്ന എന്‍ ഡി എയും സായുധ സേനകള്‍ക്കുള്ള പ്രത്യേകാധികാര നിയമത്തെ പിന്തുണക്കുന്നവരാണ്. ഈ സാഹചര്യത്തില്‍ ഇറോം ശര്‍മിളയുടെ ധര്‍മസമരം നീണ്ടുനില്‍ക്കാനാണ് സാധ്യത. ഭരണഘടന ഉറപ്പ് നല്‍കിയ അവകാശങ്ങളും അധികാരങ്ങളും സ്വാതന്ത്ര്യവും ജനങ്ങളില്‍ നിന്നും പട്ടാളം പിടിച്ചുപറിക്കുന്ന ഇന്നത്തെ അവസ്ഥ മാറണമെന്നാണ് ശര്‍മിള ആവശ്യപ്പെടുന്നത്.

കേന്ദ്രത്തില്‍ അധികാരമേറ്റ ശേഷമുള്ള മോദി സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ പൊതുവെ പ്രതീക്ഷ ഉണര്‍ത്തിയതാണ്. പ്രധാനമന്ത്രിയെ കാണാന്‍ ശര്‍മിള ശ്രമിച്ചതും അതുകൊണ്ടാണ്. പക്ഷെ “തിരക്കിലാ”യതിനാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ശര്‍മിളയുടെ അപേക്ഷ നിരസിച്ചു. നേരില്‍ കാണാനായില്ലെങ്കിലും കത്തിലൂടെ വിവരം പ്രധാനമന്ത്രിയെ അറിയിക്കാന്‍ ശര്‍മിള തീരുമാനിച്ചു. ഇന്ത്യയുമായി അത്ര സൗഹൃദപരമല്ലാത്ത നിലപാട് പുലര്‍ത്തുന്ന പാക്കിസ്ഥാനും ശ്രീലങ്കയുമടക്കം സാര്‍ക്് രാഷ്ട്രത്തലവന്മാരെ തന്റെ സ്ഥാനാരോഹണത്തിന് ക്ഷണിച്ചുവരുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാട് പരക്കെ ശ്ലാഘിക്കപ്പെട്ടതാണ്. തമിഴ്‌നാട്ടില്‍ ചില ചില്ലറ തര്‍ക്കങ്ങളുണ്ടായെങ്കിലും മോദി അതെല്ലാം തണുപ്പിച്ചു. ശര്‍മിളയുടെ ഉപവാസത്തിന് കാരണമായ, സായുധസേന നടത്തുന്ന മനുഷ്യാവകാശലംഘനങ്ങള്‍ ഗൗരവപൂര്‍ണം മനസിലാക്കാനും വിലയിരുത്താനും പ്രധാനമന്ത്രി ശ്രമിക്കുമെന്നാണ് ശര്‍മിളയുടെ പ്രതീക്ഷ. ശര്‍മിള മാത്രമല്ല, രാജ്യം മുഴുവന്‍ ഈ പ്രതിക്ഷയിലാണ്.