Connect with us

Palakkad

റെയില്‍വേ മേല്‍പ്പാലം നിര്‍മാണത്തോട് സര്‍ക്കാര്‍ മുഖം തിരിക്കുന്നു: വി എസ്

Published

|

Last Updated

പാലക്കാട്: അകത്തേത്തറ-നടക്കാവ് റെയില്‍വേ മേല്‍പ്പാലം നിര്‍മാണത്തോട് സര്‍ക്കാര്‍ മുഖം തിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. മേല്‍പ്പാലം ജനകീയ സമിതിയുടെ മൂന്നാംഘട്ട പ്രക്ഷോഭം ഉദ്ഘാടനം ചെയ്യുകയായിരുന്നൂ അദ്ദേഹം.
മേല്‍പ്പാലം നിര്‍മാണത്തിനുള്ള പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ഉടന്‍തന്നെ റെയില്‍വേക്ക് സമര്‍പ്പിക്കണമെന്ന് വി എസ് ആവശ്യപ്പെട്ടു. ഏകദേശം 20 കോടിരൂപയുടെ പദ്ധതിയാണിത്. ഇതില്‍ പകുതി തുക സംസ്ഥാന സര്‍ക്കാര്‍ നല്‍കണം. മേല്‍പ്പാലം യാഥാര്‍ഥ്യമാവുന്നതിന് കൂടുതല്‍ ശക്തമായ പ്രക്ഷോഭം ഉയര്‍ന്നുവരേണ്ടതുണ്ട്.
മേല്‍പ്പാലം ഇനിയും വൈകിയാല്‍ കൂടുതല്‍ ജീവന്‍ പൊലിയും. ജനങ്ങളുടെ ജീവിനെയാകെ ബാധിക്കുന്ന പ്രശ്‌നമാണിത്. നിരത്തില്‍ കൂടുതല്‍ ചോര വീഴാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് വി എസ് അറിയിച്ചു. പ്രക്ഷോഭത്തിന് തുടക്കം കുറിച്ച് നടക്കാവ് റെയില്‍വേ ഗേറ്റില്‍ വി എസ് പതാക ഉയര്‍ത്തി. ഗേറ്റ് അടച്ചതു മൂലം സമയത്തിന് ആശുപത്രിയിലെത്താന്‍ സാധിക്കാതെ മരിച്ചവരോടുള്ള ആദര സൂചകമായി അവരുടെ ചിത്രത്തില്‍ പുഷ്പ്പാര്‍ച്ചന നടത്തി. യോഗത്തില്‍ സമിതി ചെയര്‍മാന്‍ ടി മുരളീധരന്‍ അധ്യക്ഷനായി. വിപിന്‍ ചേക്കുറി സ്വാഗതം പറഞ്ഞു. അകത്തേത്തറ പഞ്ചായത്ത് പ്രസിഡന്റ് വത്സലാ ചന്ദ്രന്‍, ഡി സദാശിവന്‍, ഇ സുശീല്‍കുമാര്‍, ടി രാമാനുജന്‍, കെ സി ജയപാലന്‍, രാമചന്ദ്രന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
മേല്‍പ്പാലം പണിയാന്‍ റെയില്‍വേ തയ്യാറാണെന്നും സംസ്ഥാന സര്‍ക്കാര്‍ പദ്ധതി സമര്‍പ്പിച്ചാല്‍ പാലം യാഥാര്‍ഥ്യമാകുമെന്നും ചടങ്ങില്‍ പങ്കെടുത്ത എം ബി രാജേഷ് എംപി പറഞ്ഞു. റെയില്‍വേ ബജറ്റിനു വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടക്കുകയാണ്. ഈ സമയത്ത് സംസ്ഥാനം പദ്ധതി സമര്‍പ്പിച്ചാല്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയേക്കും. ഇല്ലെങ്കില്‍ അടുത്ത ബജറ്റിലെങ്കിലും ലഭിക്കും. ഇക്കാര്യം നിരവധി തവണ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടും മന്ത്രി ആര്യാടന്‍ മുഹമ്മദിനോടും ആവശ്യപ്പെടുകയും കൂടാതെ എഴുതിനല്‍കുകയും ചെയ്തു. ബജറ്റിലേക്ക് നല്‍കിയ നിര്‍ദേശങ്ങളുടെ പട്ടികയില്‍ മേല്‍പ്പാലമില്ല. പദ്ധതിയ്ക്ക് മുന്തിയ പരിഗണന നല്‍കാന്‍ റെയില്‍വേ തയ്യാറാണ്. ഇനി സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി പാലം യാഥാര്‍ഥ്യമാക്കുകയാണ് വേണ്ടത്- രാജേഷ് പറഞ്ഞു.

 

Latest