ലഹരി വസ്തുക്കള്‍ക്കെതിരെ ഒറ്റയാള്‍ പോരാട്ടവുമായി സെയ്ത്‌

Posted on: May 31, 2014 1:04 pm | Last updated: May 31, 2014 at 1:04 pm

പാലക്കാട്: ലഹരി വസ്തുക്കള്‍ക്കെതിരെ ഒറ്റയാള്‍ പോരാട്ടവുമായി സെയ്ത്. തന്റെ ജീവിതം ലഹരി വസ്തുവില്‍ തകര്‍ന്നതോടെ ഇനി ഒരാള്‍ക്കും ഈ ഗതി വരുത്തുതെന്ന പ്രാര്‍ഥനയുമായാണ് പറക്കുന്നും ദാറുല്‍അമാനിലെ സെയതിന്റെ പോരാട്ടം.
വിക്ടോറിയ കോളജിന് സമീപം പറക്കുന്നം പള്ളിക്ക് മുമ്പില്‍ 17 വര്‍ഷത്തോളം കെ എന്‍ സ്‌റ്റോര്‍ എന്ന പലചരക്ക് കട നടത്തിയിരുന്ന അഞ്ചാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള സെയ്ത് ഇപ്പോള്‍ പത്ര ഏജന്റും സാമൂഹ്യപ്രവര്‍ത്തകനും കൂടിയാണ്. ഒരു ദിവസം മുപ്പത് കിലോമീറ്ററോളം ദൂരം പത്രവിതരണത്തിനായി സഞ്ചരിക്കുന്ന സെയ്ത് കവലകളിലും വഴിയോരങ്ങളിലും പുകവലിക്കെതിരെ ബോധവത്ക്കരണവും നടത്തുന്നു. ഇതിനകം നിരവധി പേരെ മദ്യപാനത്തില്‍ നിന്നും ലഹരിവസ്തുക്കളില്‍ നിന്നും വിമുക്തമാക്കാന്‍ കഴിഞ്ഞതായി സെയ്ത് പറയുന്നു.
നെറ്റ് വര്‍ക്കിംഗ് സ്‌മോക്കിംഗ് എന്ന വിഷയത്തില്‍ പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള സംഭാഷണവും സെയ്തിന്റേതായുണ്ട്. ഹര്‍ത്താല്‍ ദിനങ്ങളില്‍ സെയ്ത് റെയില്‍ സ്റ്റേഷനിലും കെ എസ് ആര്‍ ടി സി സ്റ്റാന്റിലും കുടുങ്ങുന്നവരെ സ്വന്തം ബൈക്കില്‍ ലക്ഷ്യസ്ഥാനത്തെത്തിക്കും. കോളകമ്പനികള്‍ക്കെതിരെ മയിലാമ്മയുടെ പോരാട്ടമാണ് സെയ്തിന് പ്രചോദനമായത്.
ഇതേപോലെ പുകയില, ലഹരി, മദ്യത്തിനെതിരെ താന്‍ നടത്തുന്ന പോരാട്ടവും ലക്ഷ്യം കാണുമെന്നാണ് സെയ്തിന്റെ പ്രതീക്ഷ. പലചരക്ക് നടത്തിയിരുന്ന കാലത്ത് ലഹരിഉത്പ്പന്നങ്ങള്‍ വില്‍ക്കാതെയിരിക്കുക മാത്രമല്ല, ലഹരി വസ്തു ചോദിച്ച് കടയില്‍ വരുന്നരെ കൗണ്‍സിലിംഗ് നടത്തി വിടുകയും ചെയ്തിരുന്നു. റൈഹാനയാണ് ഭാര്യ. അനീഷ് അഹമ്മദും സഫ്ദയും മക്കളാണ്.