Connect with us

Palakkad

അനാഥാലയങ്ങളെ ജൂവനൈല്‍ ജസ്റ്റിസ് ആക്ടിന് കീഴില്‍ കൊണ്ടുവരാന്‍ ശിപാര്‍ശ ചെയ്യും: ബാലാവകാശ കമ്മീഷന്‍

Published

|

Last Updated

പാലക്കാട്: അനാഥാലയങ്ങളെ ജൂവനൈല്‍ ജസ്റ്റിസ് ആക്ടിന് കീഴില്‍ കൊണ്ടുവരാന്‍ ശിപാര്‍ശ ചെയ്യുമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍. കഴിഞ്ഞ ദിവസം ഉത്തരേന്ത്യയില്‍ നിന്ന് കൊണ്ടുവന്ന കുട്ടികളെ പാര്‍പ്പിച്ചിരിക്കുന്ന പാലക്കാടുള്ള രണ്ട് അനാഥാലയങ്ങള്‍ കമ്മീഷന്‍ അധ്യക്ഷ നീല ഗംഗാധരന്‍ ഉള്‍പ്പെടെ ആറ് അംഗങ്ങള്‍ സന്ദര്‍ശിച്ചു.
ജില്ലയില്‍ 213 കുട്ടികളെ പാര്‍പ്പിച്ചിരിക്കുന്ന മലമ്പുഴയിലും പേഴുങ്കരയിലും സന്ദര്‍ശനം നടത്തിയ കമ്മീഷന്‍ മുഴുവന്‍ കുട്ടികളുടേയും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ തയാറാക്കാന്‍ ബന്ധപ്പെട്ട വകുപ്പിന് നിര്‍ദ്ദേശം നല്‍കി. ഇതിന് വേണ്ട സാങ്കേതിക സഹായം എന്‍ ഐ സി നല്‍കുമെന്നും അറിയിച്ചു.
കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് വിശദമായ പരിശോധനക്ക് ആരോഗ്യവകുപ്പിനേയും മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് ചൈല്‍ഡ് ലൈനിനേയും ചുമതലപ്പെടുത്തി. മലമ്പുഴയില്‍ സൗകര്യക്കുറവ് കണക്കിലെടുത്ത് പെണ്‍കുട്ടികളെ മുഴുവനും പേഴുങ്കരയിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. പോഷകാഹാരം ശരിയായി ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചതായും കമ്മീഷന്‍ അറിയിച്ചു. ഇക്കാര്യം ജില്ലാ കലക്ടറുടെ നേതൃത്വത്തിലുളള മോണിറ്ററിങ് സമിതി നിരീക്ഷിക്കും. പശ്ചിമബംഗാളിലെ മാള്‍ഡ, ജാര്‍ഖണ്ഡ്, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നാണ് രണ്ട് ഘട്ടങ്ങളിലായി 579 കുട്ടികള്‍ സംസ്ഥാനത്തെത്തിയത്. ഇതില്‍ 242 പേരെ കോഴിക്കോടും 213 പേരെ പാലക്കാടും 124 പേരെ തൃശ്ശൂരുമുള്ള വിവിധ സംരക്ഷണ കേന്ദ്രങ്ങളിലാണ്. കുട്ടികളുടെ പുനരധിവാസം ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു. സംസ്ഥാനത്തെ കുട്ടികളുടെ പുനരധിവാസ കേന്ദ്രങ്ങള്‍ 2013 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണോ പ്രവര്‍ത്തിക്കുന്നതെന്നും അന്വേഷിക്കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പുനരധിവാസ കേന്ദ്രങ്ങളിലേക്ക് എത്തുന്നവര്‍ അവരുടെ സര്‍ക്കാരിന്റെ സമ്മതപത്രത്തോടൊപ്പം വില്ലേജ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ രേഖയും ഹാജരാക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. രാജസ്ഥാനിലും സമാന രീതിയിലുളള സംഭവം നടന്നതായി റയില്‍വേ സംരക്ഷണ സേന അറിയിച്ചതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ബാലാവകാശ കമ്മീഷന് വിവരങ്ങള്‍ കൈമാറുമെന്നും സംസ്ഥാന കമ്മീഷന്‍ പറഞ്ഞു.
മതിയായ രേഖകളില്ലാതെ ഉത്തരേന്ത്യയില്‍ നിന്നെത്തിച്ച കുട്ടികളുടെ പുനരധിവാസത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ പ്രതിനിധി സംഘം ഇന്ന് ജില്ലയിലെത്തും.

Latest