Connect with us

Malappuram

സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യത ബദല്‍ സ്‌കൂളുകള്‍ പ്രഖ്യാപനത്തില്‍ ഒതുങ്ങുന്നു

Published

|

Last Updated

നിലമ്പൂര്‍: സര്‍ക്കാരിന്റെ പ്രഖ്യാപനം ഇപ്പോഴും പ്രഖ്യാപനത്തില്‍ തന്നെ ഒതുങ്ങി. ബദല്‍ സ്‌കൂളുകള്‍ ബദലായിത്തന്നെ തുടരുന്നു.
ഇവ എല്‍ പി സ്‌കൂളുകളാക്കുമെന്നായിരുന്ന നേരത്തെ സര്‍ക്കാര്‍ നടത്തിയ പ്രഖ്യാപനം. കേരളത്തിലെ 111 ബദല്‍ സ്‌കൂളുകള്‍ എല്‍ പി സ്‌കൂളുകളാക്കി മാറ്റുമെന്നറിയിച്ചിരുന്നെങ്കിലും സാമ്പത്തിക ബാധ്യത കണക്കിലെടുത്ത് സര്‍ക്കാര്‍ ഇപ്പോഴും ഇതിന് തയ്യാറായിട്ടില്ല. 2010-ല്‍ ആണ് ഇത് സംബന്ധിച്ച് ഉത്തരവ് വന്നത്. എല്‍ പി സ്‌കൂളുകള്‍ ആകണമെങ്കില്‍ കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം 65 ശതമാനം പണം അനുവദിക്കണം. ബാക്കി സംസ്ഥാന സര്‍ക്കാരും അനുവദിക്കും. ഇത് രണ്ടും ഇപ്പോഴും നടന്നിട്ടില്ല. അതോടെ ബദല്‍ സ്‌കൂള്‍ അധ്യാപകരുടെ എല്‍ പി സ്‌കൂള്‍ മോഹങ്ങള്‍ കരിയാനും തുടങ്ങി. അടിസ്ഥാന സൗകര്യങ്ങളും പത്തില്‍ കുറയാത്ത കുട്ടികളുമുണ്ടെങ്കില്‍ എല്‍ പി സ്‌കൂളാകുമെന്നാണ് പറഞ്ഞിരുന്നത്. ശമ്പളം സമയത്ത് നല്‍കാതെ ബദല്‍ സ്‌കൂള്‍ അധ്യാപകരെ ദുരിതത്തിലേക്ക് തള്ളിയിടുന്ന നടപടികളും അതിനിടയില്‍ സര്‍ക്കാര്‍ നടത്തിയിരുന്നു.
കഴിഞ്ഞ മൂന്നു വര്‍ഷമായി സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി ബദല്‍ സ്‌കൂള്‍ അധ്യാപകര്‍ക്കുള്ള പരിശീലനവും നല്‍കിയിരുന്നില്ല. എന്നാല്‍ ഈ വര്‍ഷം ബി ആര്‍ സി കളില്‍ അധ്യാപകര്‍ക്കുള്ള പരിശീലനം നല്‍കിവരുന്നുണ്ട്. ബദല്‍ സ്‌കൂള്‍ അധ്യാപകരുടെ സംഘടനയുടെ സമ്മര്‍ദ്ദ ഫലമായാണ് ഇത്തവണ പരിശീലനത്തിന് സര്‍ക്കാര്‍ തയ്യാറായത്.

 

Latest