സുഗന്ധ വ്യഞ്ജന പ്രദര്‍ശന മേളക്ക് ഗൂഡല്ലൂരില്‍ ഉജ്ജ്വല തുടക്കം

Posted on: May 31, 2014 10:27 am | Last updated: May 31, 2014 at 10:27 am

ഗൂഡല്ലൂര്‍: വസന്തോത്സവത്തിന്റെ ഭാഗമായി കൃഷിവകുപ്പ്, ടൂറിസംവകുപ്പ്, ജില്ലാഭരണകൂടം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന അഞ്ചാമത് സുഗന്ധവ്യഞ്ജന പ്രദര്‍ശന മേളക്ക് ഗൂഡല്ലൂരില്‍ ഉജ്ജ്വല തുടക്കം.
ഗൂഡല്ലൂര്‍ സെന്റ്‌തോമസ് സ്‌കൂള്‍ മൈതാനിയില്‍ ആരംഭിച്ച മേള ജില്ലാകലക്ടര്‍ പി ശങ്കര്‍ ഉദ്ഘാടനം ചെയ്തു. ഡോ. സി ഗോപാലകൃഷ്ണന്‍ എം പി, കെ ആര്‍ അര്‍ജുനന്‍ എം പി, ഗൂഡല്ലൂര്‍ ആര്‍ ഡി ഒ ജഗജോതി, തഹസില്‍ദാര്‍ രാമചന്ദ്രന്‍, പന്തല്ലൂര്‍ തഹസില്‍ദാര്‍ ഹാരി, ഗൂഡല്ലൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ രമ, ഗൂഡല്ലൂര്‍ പഞ്ചായത്ത് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ പി ഇന്ദിരാണി, ഡി എഫ് ഒ തേജസ് വി, താകോ ചെയര്‍മാന്‍ കലൈശെല്‍വന്‍, നെല്ലാക്കോട്ട പഞ്ചായത്ത് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ എസ് പ്രേമലത, ദേവര്‍ഷോല പഞ്ചായത്ത് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ സഫിയ്യ, എല്‍ പത്മനാഭന്‍, അബ്ദുപ്പ, തമ്പിവര്‍ഗീസ്, വാര്‍ഡ് കൗണ്‍സിലര്‍ രാമസ്വാമി, കൃഷിവകുപ്പ് ഡപ്യുട്ടി ഡയറക്ടര്‍ മണി, മുഹമ്മദ് സഫി, രാമന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പരിപാടിയുടെ ഭാഗമായി ഗൂഡല്ലൂരില്‍ സാംസ്‌കാരിക ഘോഷ യാത്ര നടത്തി. ഗൂഡല്ലൂര്‍ നഗരസഭാ ഓഫീസ് പരിസരത്തില്‍ നിന്ന് ആരംഭിച്ച ഘോഷ യാത്ര ടൗണ്‍ ചുറ്റി സെന്റ്‌തോമസ് സ്‌കൂള്‍ മൈതാനിയില്‍ സമാപിച്ചു. പ്രദര്‍ശന മേളയോട് അനുബന്ധിച്ച് കാര്‍ണിവല്‍, വോളിബോള്‍ മത്സരം, ആദിവാസികളുടെ പരമ്പരാഗത കലാനൃത്ത്യങ്ങള്‍, വിവിധ കലാപരിപാടികള്‍ തുടങ്ങിയവ നടന്നു. പതിനാറ് അടി നീളവും നാല് അടി അകലവുമുള്ള 30 കിലോഗ്രാം സുഗന്ധവ്യഞ്ജനങ്ങള്‍ കൊണ്ട് കൃഷിവകുപ്പ് സൃഷ്ടിച്ച നീലഗിരി പര്‍വത തീവണ്ടിയുടെ എന്‍ജിന്റെ മാതൃകയും മുഖ്യമന്ത്രി ജയലളിതയുടെ പടവുമാണ് മേളയിലെ ശ്രദ്ധേയമായ കാഴ്ച. കുരുമുളക്, ജാതിക്ക, ഗ്രാന്‍പു, ഇഞ്ചി, ഏലം, പട്ട, ജീരകം, കരിന്‍ജീരകം, മല്ലി തുടങ്ങിയ സുഗന്ധവ്യജ്ഞനങ്ങള്‍കൊണ്ടാണ് പര്‍വത തീവണ്ടിയുടെ മാതൃക സൃഷ്ടിച്ചിരുന്നത്. എച്ച് എ ഡി പി, കൃഷിവകുപ്പ്, വനംവകുപ്പ്, ടാന്‍ടി, ടൂറിസംവകുപ്പ് തുടങ്ങിയ 25 സ്റ്റാളുകളാണ് ഇവിടെ ഒരുക്കിയിരുന്നത്. കേരള, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളുടെ സംഗമഭൂമിയായ ഗൂഡല്ലൂരിലും വസന്തോത്സവം നടത്തണമെന്ന് ജനങ്ങള്‍ വര്‍ഷങ്ങളായി ആവശ്യപ്പെട്ടുവരികയായിരുന്നു. സുഗന്ധ വ്യഞ്ജന പ്രദര്‍ശന മേള കാണാന്‍ നിരവധി സഞ്ചാരികളാണ് ഇന്നലെ എത്തിയിരുന്നത്. ഗൂഡല്ലൂര്‍-പന്തല്ലൂര്‍ താലൂക്കുകളിലെ ജനങ്ങള്‍ക്ക് മേള കാണാന്‍ പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ട്. സുഗന്ധവ്യജ്ഞനങ്ങളുടെ നാടായാണ് ഗൂഡല്ലൂര്‍ മേഖല അറിയപ്പെടുന്നത്. കുരുമുളക്, ജാതിക്ക, ഉലുവ, കടുക്, ഗ്രാന്‍പു, ഇഞ്ചി, ഏലം തുടങ്ങിയ സുഗന്ധവ്യജ്ഞനങ്ങള്‍ ഗൂഡല്ലൂരില്‍ ധാരാളം ഉത്പാദിപ്പിക്കുന്നുണ്ട്. വിവിധ വര്‍ണവിസ്മയ കാഴ്ചകളാണ് സഞ്ചാരികള്‍ക്കായി ഇവിടെ ഒരുക്കിയിരിക്കുന്നത്. മേളയുടെ അലങ്കാരത്തിനായി പ്രവേശന കവാടത്തില്‍ വലിയ അലങ്കാര കമാനങ്ങളും സ്ഥാപിച്ചിട്ടുണ്ട്. മേള ഇന്ന് സമാപിക്കും. ഇതോടെ വസന്തോത്സവം സമാപിക്കുകയും ചെയ്യും.