സ്ത്രീകളോടും കുട്ടികളോടും നീതി കാണിക്കണം: വനിതാ കമ്മീഷന്‍

Posted on: May 31, 2014 10:26 am | Last updated: May 31, 2014 at 10:26 am

കല്‍പ്പറ്റ: സ്ത്രീകളോടും കുട്ടികളോടും നീതി കാണിക്കുന്നവരായി കേരളീയ സമൂഹം മാറണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ കെ.സി റോസക്കുട്ടി ടീച്ചര്‍. സ്ത്രീകള്‍ക്കും കിട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്ന കുടുംബശ്രീ ക്രൈം മാപ്പിങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ച വനിതാ അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
വിദ്യാഭ്യാസവും സാക്ഷരതയുമുണ്ടെങ്കിലും കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുളള അതിക്രമങ്ങള്‍ ഏറി വരികയാണ്.
ഇതിനെതിരെ സമൂഹമൊന്നടങ്കം പ്രതികരിക്കുകയും ബോധവന്‍മാരാവുകയും വേണം. വിവിധ വകുപ്പുകളുടേയും പൊതുജനങ്ങളുടേയും കൂട്ടായ പ്രവര്‍ത്തനം ഇതിനാവശ്യമാണ്. ദുര്‍ബല വിഭാഗങ്ങക്കെതിരെയുളള കുറ്റ കൃത്യങ്ങള്‍ സംബന്ധിച്ച പരാതികളില്‍ നിയമ പാലകര്‍ സ്വാധീനത്തിന് വഴങ്ങരുത്. പരാതി ലഭിച്ചാല്‍ ഉടന്‍ കേസ്സ് രജിസ്റ്റര്‍ ചെയ്ത് സത്യസന്ധവും നീതീപൂര്‍വ്വകവുമായ അന്വേഷണം പോലിസിന്റെ ഭാഗത്ത് നിന്നുമുണ്ടാകണം. കുറ്റവാളികള്‍ക്ക് മാതൃകപരമായ ശിക്ഷ ഉറപ്പാക്കേണ്ട ബാധ്യതയും പോലീസിനുണ്ട്. കുറ്റകൃത്യങ്ങള്‍ക്കെതിരെ ബോധവത്കരണം നടത്തുകയും ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി ഇത്തരത്തിലുളള പരാതികള്‍ സ്വീകരിക്കുകയും ചെയ്യുന്ന കുടുംബശ്രീയുടെ പ്രവര്‍ത്തനം മാതൃകാപരവും അഭിനന്ദാര്‍ഹവുമാണെന്നും റോസക്കുട്ടി ടീച്ചര്‍ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എന്‍ കെ റഷീദ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പോലീസ് മേധാവി പുട്ട വിമലാദിത്യ മുഖ്യാഥിതിയായിരുന്നു.
സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ എസ് വിജയ , അഡ്വ. എസ് സുജാത വര്‍മ്മ, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി മുഹമ്മദ്, അഡ്വ. ജി ബബിത എന്നിവര്‍ പങ്കെടുത്തു. നെന്‍മേനി ഗ്രാമപഞ്ചായത്ത് പ്രിസഡണ്ട് ജയ മുരളി അദ്ധ്യക്ഷത വഹിച്ചു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരാതികള്‍ നെന്‍മേനി സിഡി എസ്സില്‍ സ്ഥാപിച്ച പരാതിപ്പെട്ടിയിലും ഗ്രാപഞ്ചായത്തില്‍ സ്ഥാപിച്ച നിര്‍ഭയ പരാതി പെട്ടിയിലും നിക്ഷേിപക്കാം.