ആഭ്യന്തര യുദ്ധം സിറിയക്കാരെ പാപ്പരാക്കി

Posted on: May 31, 2014 6:11 am | Last updated: May 31, 2014 at 8:12 am

ദമസ്‌കസ്: മൂന്ന് വര്‍ഷമായി തുടരുന്ന ആഭ്യന്തര യുദ്ധം സിറിയക്കാരെ പാപ്പരാക്കിയതായി റിപ്പോര്‍ട്ട്. സിറിയന്‍ ജനസംഖ്യയിലെ പകുതിയും പട്ടിണിയിലാണെന്നാണ് സിറിയന്‍ റിസര്‍ച്ച് സെന്റര്‍ നടത്തിയ പഠനങ്ങളില്‍ പറയുന്നത്. യുദ്ധം മൂലം പാപ്പരായ ജനങ്ങള്‍ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ അകപ്പെടുമ്പോള്‍ നിയമം കാരണം മനുഷ്യവകാശവും സ്വാതന്ത്ര്യവും തിരസ്‌കരിക്കപ്പെടുകയാണ്.
കൊള്ളയും കൊള്ളിവെപ്പും നടത്തുന്ന പുതിയ വിഭാഗം തന്നെ ഉയര്‍ന്നു വന്നു. ആയുധവില്‍പ്പനയും കവര്‍ച്ചയും തട്ടിക്കൊണ്ടുപോകലും ഇത്തരം സംഘങ്ങള്‍ പതിവാക്കിയിരിക്കുകയാണ്. രാജ്യത്തെ മൂന്നിലൊന്ന് പേരും പട്ടിണിയിലാണ്. ഇതില്‍ പകുതി പേരും കടുത്ത ദാരിദ്ര്യത്തിലാണ്. ഇവരില്‍ 20 ശതമാനം പേരും വൃത്തിഹീനമായ ചുറ്റുപാടിലാണ് ജീവിക്കുന്നത്. സംഘര്‍ഷം നടക്കുന്ന മേഖലകളില്‍ പട്ടിണിയും പോഷകാഹാരക്കുറവും കൊണ്ട് ജനങ്ങള്‍ ദുരിതമനുഭവിക്കുന്നുണ്ട്. 27 ലക്ഷം ജനങ്ങള്‍ക്ക് ജോലി നഷ്ടപ്പെട്ടു. ഇത് 1.1 കോടി ജനങ്ങളെയാണ് ബാധിച്ചത്. 2011ന് ശേഷം 178 ശതമാനമാണ് വിലക്കയറ്റമുണ്ടായത്. സിറിയയുടെ വളര്‍ച്ചാ നിരക്ക് 41 ശതമാനം ഇടിഞ്ഞുവെന്നും പഠനം വ്യക്തമാക്കുന്നു.