കിഴക്കന്‍ മേഖല വിമതരില്‍ നിന്ന് തിരിച്ചുപിടിച്ചു: ഉക്രൈന്‍

Posted on: May 31, 2014 6:00 am | Last updated: May 31, 2014 at 8:08 am

കീവ്: കിഴക്കന്‍ മേഖലയുടെ നിയന്ത്രണം റഷ്യന്‍ അനുകൂല വിമതരില്‍ നിന്ന് സൈന്യം തിരിച്ചുപിടിച്ചതായി ഉക്രൈന്‍. ഡൊണേറ്റ്‌സ്‌കില്‍ സ്വയം പ്രഖ്യാപിത സര്‍ക്കാര്‍ പ്രവര്‍ത്തിച്ചിരുന്ന മേഖലാ ഭരണ കാര്യാലയം സൈന്യം തിരിച്ചുപിടിച്ചിട്ടുണ്ട്. ഇവിടെ നിന്ന് തങ്ങളുടെ നിരവധിയാളുകളെ ഒഴിപ്പിച്ചതായി വിമതരും സമ്മതിച്ചിട്ടുണ്ട്. അതേസമയം, ചെച്‌നിയന്‍ സൈനികരുടെ സാന്നിധ്യം ഉണ്ടോയെന്നതില്‍ അമേരിക്ക ആശങ്ക പ്രകടിപ്പിച്ചു.
കഴിഞ്ഞ ദിവസം സൈനിക ഹെലികോപ്റ്റര്‍ വിമതര്‍ വെടിവെച്ചു വീഴ്ത്തി ജനറലടക്കം 11 പേര്‍ കൊല്ലപ്പെട്ട സംഭവം സൈനികരുടെ മനോവീര്യം തകര്‍ത്തിട്ടില്ലെന്ന് ഉക്രൈന്‍ ഇടക്കാല പ്രതിരോധ മന്ത്രി മിഖയ്‌ലോ കോവല്‍ പറഞ്ഞു. ഡൊണേറ്റ്‌സ്‌കിന്റെ തെക്കു പടിഞ്ഞാറ് മേഖലയും ലുഗാന്‍സ്‌കിന്റെ വടക്കന്‍ മേഖലയും വിമതരില്‍ നിന്ന് പിടിച്ചെടുത്ത് സൈന്യം ദൗത്യം പൂര്‍ത്തിയാക്കിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൈനിക നടപടിയെ റഷ്യ എതിര്‍ത്തിട്ടുണ്ടെങ്കിലും സൈന്യം തീവ്രവാദവിരുദ്ധ ദൗത്യവുമായി മുന്നോട്ടുപോകും. സാധാരണ ജീവിതത്തിലേക്ക് കിഴക്കന്‍ പ്രദേശങ്ങള്‍ തിരിച്ചുവരുന്നത് വരെ കര്‍മം തുടരുമെന്നും കോവല്‍ പറഞ്ഞു. അത്യാധുനിക മിസൈല്‍ ഉപയോഗിച്ച് സൈനിക ഹെലികോപ്റ്റര്‍ വീഴ്ത്തിയവരെ പിടികൂടി കനത്ത ശിക്ഷ നല്‍കുമെന്ന് പുതിയ പ്രസിഡന്റ് പെഡ്രോ പൊറോഷെങ്കോ പറഞ്ഞു. അടുത്ത മാസം ആറിന് നോര്‍മാണ്ടിയിലെ സൈനിക ദിന ആഘോഷത്തില്‍ റഷ്യന്‍ പ്രസിഡന്റ് വഌദിമര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തുമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതിനോട് പുടിന്‍ പ്രതികരിച്ചിട്ടില്ല.
ഈ രണ്ട് വാണിജ്യപ്രധാന കിഴക്കന്‍ മേഖലകളില്‍ ഡസന്‍ കണക്കിന് നഗരങ്ങള്‍ വിമതര്‍ കൈയടക്കിയിരുന്നു. ഇവിടുത്തെ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ പിടിച്ചെടുക്കുകയും സ്വയംഭരണം പ്രഖ്യാപിക്കുകയും റഷ്യയുമായി ലയിക്കാന്‍ ഹിതപരിശോധന നടത്തുകയും ചെയ്തിരുന്നു. കരിങ്കടല്‍ ഉപദ്വീപ് നഗരമായ ക്രിമിയയില്‍ ഹിതപരിശോധന നടത്തി റഷ്യയുമായി ലയിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.