ക്യാമ്പില്‍ ആവേശം; ഒരുക്കം സൂപ്പര്‍

Posted on: May 31, 2014 8:07 am | Last updated: May 31, 2014 at 8:07 am

ക്രിസ്റ്റ്യാനോ ടീമിനൊപ്പം ചേര്‍ന്നു
ലിസ്ബന്‍: പോര്‍ച്ചുഗലിന്റെ സൂപ്പര്‍ താരവും ക്യാപ്റ്റനുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ലോകകപ്പ് ടീമിനൊപ്പം ചേര്‍ന്നു. റയല്‍മാഡ്രിഡിന്റെ യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീട ജയത്തിന് ശേഷം അവധിക്കാലം ആഘോഷിച്ച ക്രിസ്റ്റ്യാനോ മറ്റ് റയല്‍ താരങ്ങളായ പെപെ, ഫാബിയോ കോയിന്‍ട്രാവോ എന്നിവര്‍ക്കൊപ്പമാണ് ലിസ്ബണിലെ ഒബിഡോസിലെ ക്യാമ്പിലെത്തിയത്. ലിസ്ബണില്‍ വെച്ചു നടന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ 4-1ന് അത്‌ലറ്റിക്കോ മാഡ്രിഡിനെ തകര്‍ത്തുവിട്ടതിന്റെ ആത്മവിശ്വാസവുമായാണ് റയല്‍ താരങ്ങള്‍ ലോകകപ്പിനൊരുങ്ങുന്നത്.എങ്കിലും പരിക്ക് ക്രിസ്റ്റ്യാനോയെ അലട്ടുന്നുണ്ട്.
ഇന്ന് ഗ്രീസിനെതിരായ സന്നാഹ മത്സരത്തില്‍ ക്രിസ്റ്റ്യാനോ കളിച്ചേക്കില്ല. എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ 120 മിനുട്ടും കളിച്ച ക്രിസ്റ്റ്യാനോ കാല്‍ വേദന വകവെച്ചിരുന്നില്ല. ബോക്‌സിലേക്ക് നടത്തിയ നീക്കത്തില്‍ പെനാല്‍റ്റി സമ്പാദിച്ച് അത് ഗോളാക്കിയിരുന്നു. ചാമ്പ്യന്‍സ് ലീഗില്‍ ഒരു സീസണില്‍ ഏറ്റവുമധികം ഗോളുകള്‍ (17) എന്ന റെക്കോര്‍ഡും ക്രിസ്റ്റ്യാനോ ഫൈനലില്‍ സ്വന്തമാക്കി.ക്ലബ്ബിന് വേണ്ടി പൂര്‍ണമായും സമര്‍പ്പിച്ചു കളിച്ച താരം ടീം ക്യാമ്പിലെത്തിയത് നൂറ് ശതമാനം ഫിറ്റ്‌നെസില്ലാതെയാണ്. ഇക്കാര്യം ക്രിസ്റ്റ്യാനോ തന്നെ പറയുകയും ചെയ്തു. മെഡിക്കല്‍ പരിശോധനക്ക് വിധേയനായ പോര്‍ച്ചുഗല്‍ നായകന്‍ വരും ദിവസങ്ങളില്‍ ടീമിനൊപ്പം കൂടുതല്‍ നേരം പരിശീലനത്തിലേര്‍പ്പെടുമെന്ന് പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അധികൃതര്‍ അറിയിച്ചു. ഗ്രൂപ്പ് ജിയില്‍ ജൂണ്‍ പതിനഞ്ചിന് ജര്‍മനിയെ നേരിട്ടു കൊണ്ടാണ് പോര്‍ച്ചുഗലിന്റെ ലോകകപ്പ് കിക്കോഫ്. അമേരിക്ക, ഘാന എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് എതിരാളികള്‍.
ഫസ്റ്റ് ലൈനപ്പ് വ്യക്തമാക്കി ബ്രസീല്‍
ബ്രസീലിയ: ബ്രസീലിന്റെ ഫസ്റ്റ് ലൈനപ്പില്‍ ആരൊക്കെയാകും. കഴിഞ്ഞ ദിവസം പരിശീലന സെഷനില്‍ പതിനൊന്ന് റിസര്‍വ് താരങ്ങള്‍ക്കെതിരെ സ്‌കൊളാരി ലോകകപ്പ് ടീമിലുള്ള പതിനൊന്ന് പേരെ അണിനിരത്തി. ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പ് ജയിച്ച അതേ ടീം. ഗോളി ജൂലിയോ സീസര്‍. സെന്‍ട്രല്‍ ഡിഫന്‍സില്‍ ക്യാപ്റ്റന്‍ തിയാഗോ സില്‍വക്കൊപ്പം ചെല്‍സി വിട്ട് പി എസ് ജിയിലേക്ക് ചേക്കേറുന്ന ഡേവിഡ് ലൂയിസ്. വിംഗുകളില്‍ ബാഴ്‌സലോണയുടെ ഡാനിയല്‍ ആല്‍വസും റയലിന്റെ മാര്‍സലോയും. ലൂയിസ് ഗുസ്താവോ, പൗളീഞ്ഞോ, ഓസ്‌കര്‍ മിഡ്ഫീല്‍ഡില്‍. അവര്‍ക്ക് മുന്നിലായി ഹല്‍ക്ക്, നെയ്മര്‍, ഫ്രെഡ്.
ബ്രസീലിന്റെ ഫസ്റ്റ് ലൈനപ്പ് തീരുമാനിക്കപ്പെട്ടു കഴിഞ്ഞു. അത് ശക്തമാണ്. ആ നിരയിലേക്ക് ഇടം പിടിക്കുക പ്രയാസകരം – ഇന്റര്‍മിലാന്‍ മിഡ്ഫീല്‍ഡര്‍ ഹെര്‍നാനസ് പറയുന്നു.
ഫസ്റ്റ് ലൈനപ്പിലെ ഓരോ താരവും മുഴുവന്‍ സമയം കളിക്കാന്‍ ആരോഗ്യമുള്ളവരാണെന്നും ഹെര്‍നാനസിന്റെ സാക്ഷ്യം.
ജൂണ്‍ പന്ത്രണ്ടിന് സാവോപോളോയില്‍ ക്രൊയേഷ്യയെ ആതിഥേയരായ ബ്രസീല്‍ നേരിടുന്നതോടെയാണ് ലോകകപ്പില്‍ പന്തുരുളുക. മെക്‌സിക്കോ, കാമറൂണ്‍ ടീമുകളും ചേരുന്ന ഗ്രൂപ്പ് എയാണ് ബ്രസീലിന്റെ ആദ്യ റൗണ്ട് വെല്ലുവിളി.
ബ്രസീലിന്റെ ഫസ്റ്റ് ലൈനപ്പില്‍ ഇടമുണ്ടാകുമെന്ന പ്രതീക്ഷ തനിക്കില്ലെന്ന് റയല്‍മാഡ്രിഡിന്റെ ഡിഫന്‍ഡര്‍ മാര്‍സലോ. മഞ്ഞപ്പടക്കായി മുപ്പത് മത്സരങ്ങള്‍ കളിച്ചിട്ടുള്ള മാര്‍സലോക്ക് സ്‌കൊളാരിയുടെ പദ്ധതിയില്‍ നിര്‍ണായക റോളുണ്ടെന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍, താന്‍ എതിരില്ലാതെ ഫസ്റ്റ് ലൈനപ്പിലുണ്ടാകുമെന്ന് കരുതുന്നില്ലെന്ന് പറഞ്ഞ് മാര്‍സലോ ബ്രസീല്‍ നിരയുടെ ആഴം വ്യക്തമാക്കാന്‍ ശ്രമിക്കുകയാണ്. എതിരാളികള്‍ക്ക് മേല്‍ മാനസിക ആധിപത്യം നേടാനുള്ള മൈന്‍ഡ് ഗെയിം ആയും ഇതിനെ ഫുട്‌ബോള്‍ പണ്ഡിറ്റുകള്‍ വിലയിരുത്തുന്നു. ടീമിലെ ഓരോ താരവും അവരവരുടെ പൊസിഷനിലേക്ക് കടുത്ത മത്സരം നേരിടുകയാണെന്ന് മാര്‍സലോ പറയുന്നു.
മെസിയെ സഹായിച്ച് സഹതാരങ്ങള്‍
ബ്യൂണസ്‌ഐറിസ്: ബുധനാഴ്ച ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയെ നേരിടുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു അര്‍ജന്റീന. സൂപ്പര്‍ താരം ലയണല്‍ മെസിയുള്‍പ്പടെ പ്രമുഖരെല്ലാം കോച്ച് അലസാന്‍ഡ്രെ സബെലക്കൊപ്പമുണ്ടായിരുന്നു. മെസിക്ക് ഏറെ പിന്തുണ ലഭിക്കുന്ന ടീം ഘടനയാണ് സബെല വിഭാവനം ചെയ്യുന്നത്. പരിശീലന സെഷന് ശേഷം അദ്ദേഹം ഇത് വ്യക്തമാക്കുകയും ചെയ്തു. മെസിക്ക് കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ നല്‍കി തളര്‍ത്തുകയല്ല, ടീമിനൊപ്പം ഇഴചേര്‍ന്ന് കളിക്കാനുള്ള അവസരമുണ്ടാക്കുകയാണ് ചെയ്യുന്നതെന്ന് കോച്ച് പറഞ്ഞു.
ബ്യൂണസ് ഐറിസിലെ ഇസിസ പരിശീലന ക്യാമ്പില്‍ മെസി തന്റെ ഡ്രിബ്ലിംഗ് പാടവം പ്രദര്‍ശിപ്പിച്ചപ്പോള്‍ കണ്ടുനിന്നവര്‍ക്ക് ആവേശം.
ബാഴ്‌സലോണക്കൊപ്പം ഇതിഹാസമാനമായ നേട്ടങ്ങള്‍ കൈവരിച്ച മെസി ലോകകപ്പില്‍ അര്‍ജന്റീനക്കായി ആകെ നേടിയത് ഒരു ഗോളാണ്. ബ്രസീലില്‍ മെസിയുടെ വിളയാട്ടം കാണാമെന്ന പ്രതീക്ഷയിലാണ് അര്‍ജന്റീനക്കാര്‍.
എസ്റ്റുഡിയന്റ്‌സിന് അര്‍ജന്റൈന്‍ ലീഗ് കിരീടവും കോപ ലിബര്‍ട്ടഡോറസും നേടിക്കൊടുത്ത സബെല ഓരോ ചുവടും സൂക്ഷിച്ചാണ് വെക്കുന്നത്. അമിത പ്രതീക്ഷയുടെ ഭാരം അര്‍ജന്റീനക്കില്ല. സീസണില്‍ ബാഴ്‌സക്കായി മികവിലേക്കുയരാന്‍ സാധിക്കാതെ പോയ മെസിയും വളരെ റിലാക്‌സഡ് മൂഡിലാണ്. പ്രതീക്ഷകളുടെ അമരത്ത് മെസിയെ ആരും പ്രതിഷ്ഠിക്കുന്നില്ല. ബ്രസീലും ജര്‍മനിയും അത്തരമൊരു വെല്ലുവിളി നേരിടുന്നുണ്ട്.
ഹോളണ്ട് കോച്ച് ഫോട്ടോയെടുക്കുകയാണ്
കളിക്കാര്‍ക്കൊപ്പം അവരിലൊരാളായി മാറുകയാണ് ഹോളണ്ടിന്റെ പരിചയ സമ്പന്നനായ പരിശീലകന്‍ ലൂയിസ് വാന്‍ ഗാല്‍. അയ്യായിരത്തോളം കാണികളാണ് ഘാനയെ സൗഹൃദ മത്സരത്തില്‍ നേരിടാന്‍ ഡച്ച് പട തയ്യാറെടുക്കുന്നത് കാണുവാന്‍ റോട്ടര്‍ഡാമിലെ ഡി കുപ് ക്യാമ്പിലെത്തിയത്. പരിശീലന സെഷനില്‍ ജയിച്ച ടീമിന്റെ ഫോട്ടോയെടുക്കുന്ന കോച്ചിനെയാണ് അവര്‍ക്കവിടെ കാണാന്‍ സാധിച്ചത്. ഏഴ് താരങ്ങള്‍ വീതമുള്ള മൂന്ന് ഗ്രൂപ്പുകളായി തിരിച്ചായിരുന്നു മത്സരം. ലിവര്‍പൂള്‍ മുന്‍ സ്‌ട്രൈക്കര്‍ ഡിര്‍ക് ക്യുയിറ്റ്, ന്യൂകാസില്‍ യുനൈറ്റഡ് ഗോള്‍കീപ്പര്‍ ടിം ക്രുല്‍ എന്നിവരുള്‍പ്പെട്ട ടീമാണ് ജയിച്ച്, കോച്ചിന്റെ ഫോട്ടോ സെഷന് യോഗ്യത നേടിയത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സ്‌ട്രൈക്കര്‍ റോബിന്‍ വാന്‍ പഴ്‌സി ഷാര്‍പ് ഷൂട്ടിംഗ് പരിശീലനത്തിലായിരുന്നു. ബോക്‌സിന് പുറത്തു നിന്നുള്ള ഗോളുകളാണ് ബ്രസീലില്‍ വാന്‍ പഴ്‌സി ലക്ഷ്യമിടുന്നതെന്ന് തോന്നുന്നു. കോച്ച് ലൂയിസ് വാന്‍ ഗാല്‍ പന്തടിക്കുമ്പോഴെല്ലാം കാണികള്‍ കൈയ്യടിച്ചു. അടുത്ത ക്ലബ്ബ് സീസണില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പരിശീലക കുപ്പായത്തിലേക്ക് ചേക്കേറുന്ന വാന്‍ ഗാല്‍ ഹോളണ്ടിന് കന്നി ലോകകിരീടം സമ്മാനിക്കുമെന്ന് ഡച്ചുകാര്‍ വിശ്വസിക്കുന്നു. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ തോല്‍വിയറിയാതെയാണ് ഹോളണ്ട് മുന്നേറിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഘാനയെ നേരിടുന്ന ഹോളണ്ട് ബുധനാഴ്ച വെയില്‍സിനെയും സൗഹൃദ മത്സരത്തില്‍ നേരിടും. ലോകകപ്പില്‍ സ്‌പെയിന്‍, ചിലി, ആസ്‌ത്രേലിയ ഉള്‍പ്പെട്ട ഗ്രൂപ്പിലാണ് ഡച്ച്.
ടോറസ് ഗോളടിക്കുന്നില്ല, എന്ത് ചെയ്യും?
സ്‌പെയിനിന്റെ ലോകകപ്പ് ക്യാമ്പിലും ആത്മവിശ്വാസം കാണാം. കിരീടം നിലനിര്‍ത്താന്‍ ബ്രസീല്‍ അല്ല ആരെ വേണമെങ്കിലും തോല്‍പ്പിക്കാന്‍ തയ്യാറെന്ന മട്ടിലാണ് വിസെന്റ് ഡെല്‍ ബൊസ്‌കിന്റെ ശിഷ്യന്‍മാര്‍. ഡിയഗോ കോസ്റ്റ പരിക്കിന്റെ പിടിയില്‍ നില്‍ക്കുമ്പോള്‍ മുന്‍ നിരയിലേക്ക് പരിഗണിക്കപ്പെടുന്ന ഫെര്‍നാണ്ടോ ടോറസ് അവര്‍ക്ക് ആശ്വാസം നല്‍കുന്നില്ല. പരിശീലന സെഷനിലും ഗോളടിക്കാന്‍ സാധിക്കാതെ ടോറസ് ഉഴലുന്ന കാഴ്ച. ക്ലബ്ബ് സീസണിലുടനീളം ടോറസ് പരാജയമായിരുന്നു.
സെവിയ്യയിലെ ക്യാമ്പില്‍ ഗോളി പെപെ റെയ്‌നയെ മറികടക്കാന്‍ ഒരു തവണ പോലും ടോറസിന് സാധിച്ചില്ല. സ്‌പെയിനിന്റെ 23 അംഗ സ്‌ക്വാഡ് കോച്ച് ഇനിയും പ്രഖ്യാപിച്ചിട്ടില്ല. കോസ്റ്റയുടെ പരിക്ക് ഭേദപ്പെട്ടാല്‍ ടോറസ് പുറത്താകുമെന്ന സൂചനയാണ് ലഭിക്കുന്നത്.
എന്നാല്‍, കോസ്റ്റ ലോകകപ്പിനുണ്ടാകില്ലെന്ന് തന്നെയാണ് കോച്ച് വിസെന്റ് ഡെല്‍ബോസ്‌ക് നല്‍കുന്ന സൂചന. അയാളുടെ കാര്യം ഉറപ്പില്ല. ബൊളിവിയക്കെതിരെ ടോറസാകും മുന്‍നിരയില്‍ – ഡെല്‍ ബോസ്‌ക് ഇത് പറയുന്നത് ചിത്രം വ്യക്തമായതു കൊണ്ടാകാമെന്നും സൂചനയുണ്ട്.
ജര്‍മനി ആല്‍പ്‌സ് പര്‍വതനിരയില്‍ ഭാഗ്യം തേടുന്നു
കിരീടം ലക്ഷ്യംവച്ചുള്ള പരിശീലനത്തിനു ജോവാക്കിം ലോ ടീമിനെ നയിച്ചത് ആല്‍പ്‌സ് മലമുകളിലേക്ക്. ക്യാമ്പിനായി ലോ ആല്‍പ്‌സിന്റെ മടിത്തട്ട് തെരഞ്ഞെടുക്കാന്‍ കാരണമുണ്ട്. 1990 ലോകകപ്പിനുള്ള ജര്‍മനിയുടെ അവസാന വട്ട പരിശീലന ക്യാമ്പും ആല്‍പ്‌സ് പര്‍വതനിരയിലായിരുന്നു. അന്നു ലോതര്‍ മത്തേവൂസിന്റെ നേതൃത്വത്തിലുള്ള ജര്‍മന്‍ സംഘം കിരീടവുമായാണു മടങ്ങിയത്. ലാറ്റിനമേരിക്കയില്‍ നിന്നും ലോകകപ്പ് കടല്‍കടത്തുന്ന ആദ്യ യൂറോപ്യന്‍ ടീമാവുകയാണ് ജര്‍മനിയുടെ ലക്ഷ്യം.
ലാറ്റിനമേരിക്കയില്‍ നടന്ന ലോകകപ്പുകള്‍ ബ്രസീലും അര്‍ജന്റീനയും ഉറുഗ്വെയും പങ്കിട്ടെടുത്ത ചരിത്രമാണുള്ളത്.കഴിഞ്ഞ രണ്ടു ലോകകപ്പുകളിലും സെമിയില്‍ പുറത്താകേണ്ടിവന്നതിന്റെ വേദനയില്‍ ജര്‍മനി വരുന്നത്.
മറ്റു ടീമുകളുടെയൊക്കെ ചില പ്രധാന കളിക്കാര്‍ പരിക്കിന്റെ പിടിയിലാണെന്നതു വാസ്തവം. എന്നാല്‍, ജര്‍മന്‍ സാധ്യതാ സംഘത്തിലെ നിരവധി കളിക്കാര്‍ പരിക്കിന്റെ പിടിയിലാണ്. നായകന്‍ ഫിലിപ്പ് ലാം, പ്ലേ മേക്കര്‍ ബാസ്റ്റ്യന്‍ ഷൈ്വന്‍സ്റ്റൈഗര്‍, മധ്യനിരക്കാരന്‍ സാമി ഖെദീറ, ഗോളി മാനുവല്‍ ന്യൂവര്‍, സ്‌ട്രൈക്കര്‍ മിറോസ്ലാവ് ക്ലോസ നിര നീളുകയാണ്.
കളിമികവിനൊപ്പം ശാരീരിക കരുത്തും കളത്തിലുപയോഗിക്കുന്നതാണ് ജര്‍മന്‍ ശൈലി. അതിനാല്‍ ശാരീരിക ക്ഷമത അനിവാര്യം. ബ്രസീലിലെ കടുത്ത ചൂടിലും പിടിച്ചു നില്‍ക്കാനുള്ള വിദ്യകള്‍ ജര്‍മനി പയറ്റുന്നുണ്ട്.