സംസ്ഥാനത്ത് 5,137 സ്‌കൂളുകള്‍ നഷ്ടത്തില്‍

Posted on: May 31, 2014 8:03 am | Last updated: May 31, 2014 at 8:03 am

തിരുവനന്തപുരം: സംസ്ഥാനത്ത് നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളുടെ എണ്ണം വര്‍ധിക്കുന്നതായി കണക്കുകള്‍. 2012- 13ലെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്തുള്ളത് 5,137 ആദായകരമല്ലാത്ത സ്‌കൂളുകള്‍. ആള്‍ ഇന്ത്യ സേവ് എജ്യുക്കേഷന്‍ കമ്മിറ്റി പുറത്തുവിട്ട പൊതുവിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോര്‍ട്ടിലാണ് നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളുടെ കണക്കുകളുള്ളത്. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ കഴിഞ്ഞ വര്‍ഷത്തേക്കാളും 523 എണ്ണം കൂടുതലാണ്. 2,413 സര്‍ക്കാര്‍ സ്‌കൂളുകളും 2,724 എയ്ഡഡ് സ്‌കൂളുകളും നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നവയില്‍ ഉള്‍പ്പെടും. വിദ്യാര്‍ഥികളുടെ എണ്ണം പര്യാപ്തമല്ലാത്ത സ്‌കൂളുകളെയാണ് ആദായകരമല്ലാത്തവയുടെ പട്ടികയില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തുന്നത്.
ഒരു ക്ലാസില്‍ ശരാശരി 25ല്‍ താഴെ കുട്ടികളുള്ള സ്‌കൂളുകളെയാണ് അനാദായകരമായി വിശേഷിപ്പിക്കുന്നത്. തമിഴ്, കന്നഡ മീഡിയം പഠിപ്പിക്കുന്ന സ്‌കൂളുകളില്‍ ഒരു ക്ലാസില്‍ പതിനഞ്ച് കുട്ടികളില്‍ താഴെയുള്ളവയും ഈ ഗണത്തില്‍പ്പെടും. സര്‍ക്കാര്‍, എയ്ഡഡ് മേഖലകളിലായി 2,577 സ്‌കൂളുകളില്‍ അമ്പതില്‍ താഴെ കുട്ടികള്‍ മാത്രമാണ് പഠിക്കുന്നതെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇവയില്‍ 1,217 സ്‌കൂളുകള്‍ എയ്ഡഡും 1,360 സ്‌കൂളുകള്‍ അണ്‍ എയ്ഡഡ് മേഖലയിലുമാണ്.
കുട്ടികളില്ലാതെ സംസ്ഥാനത്ത് ആറ് എല്‍ പി സ്‌കൂളുകളാണ് പ്രവര്‍ത്തിക്കുന്നത്. പത്തില്‍ താഴെ കുട്ടികള്‍ പഠിക്കുന്ന 109 സ്‌കൂളുകളുമുണ്ട്. ഇതില്‍ നാല് സ്‌കൂളുകളില്‍ ഒരു കുട്ടി വീതം മാത്രമാണുള്ളത്.
പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആദായകരമല്ലാത്ത സ്‌കൂളുകളുള്ളതായി കണ്ടെത്തിയിരിക്കുന്നത്- 502. ഏറ്റവും കുറവ് വയനാട് ജില്ലയിലാണ്- 79. ആദായകരമല്ലാത്ത 499 സ്‌കൂളുകളുള്ള കോഴിക്കോട് ജില്ലയാണ് രണ്ടാം സ്ഥാനത്ത്. തിരുവനന്തപുരം- 402, കൊല്ലം- 337, ആലപ്പുഴ- 378, കോട്ടയം- 486, ഇടുക്കി- 224, എറണാകുളം- 466, തൃശൂര്‍- 357, പാലക്കാട്- 304, മലപ്പുറം- 183, കോഴിക്കോട്- 499, വയനാട്- 79, കണ്ണൂര്‍- 731, കാസര്‍കോട്- 189 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. സര്‍ക്കാര്‍ മേഖലയില്‍ ഏറ്റവും കൂടുതല്‍ ആദായകരമല്ലാത്ത സ്‌കൂളുകളുള്ളത് തിരുവനന്തപുരത്തും (281) എയ്ഡഡ് മേഖലയില്‍ കണ്ണൂരുമാണ് (585).
ആദായകരമല്ലാത്ത സ്‌കൂളുകളില്‍ കൂടുതലും എല്‍ പി വിഭാഗത്തിലാണ്. സര്‍ക്കാര്‍ മേഖലയില്‍ 76 ശതമാനവും എയ്ഡഡ് മേഖലയില്‍ 82.27 ശതമാനവും എല്‍ പി സ്‌കൂളുകളാണ് ലാഭകരമല്ലെന്ന് കണ്ടെത്തിയിരിക്കുന്നത്.
സര്‍ക്കാര്‍ മേഖലയില്‍ 1,834 എല്‍ പി സ്‌കൂളുകളും 427 യു പി സ്‌കൂളുകളും 152 ഹൈസ്‌കൂളുകളുമാണ് നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നത്. എയ്ഡഡ് മേഖലയില്‍ 2241 എല്‍ പി സ്‌കൂളുകളും 430 യു പി സ്‌കൂളുകളും അമ്പത്തിമൂന്ന് ഹൈസ്‌കൂളുകളും ഈ പട്ടികയില്‍പ്പെടുന്നു.
നിലവിലെ പാഠ്യപദ്ധതിയും പരീക്ഷാ സമ്പ്രദായവുമാണ് പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറയുന്നതിന് കാരണമെന്ന് സേവ് എജ്യുക്കേഷന്‍ കമ്മിറ്റി കണ്‍വീനര്‍ എം ഷാജര്‍ഖാന്‍ പറഞ്ഞു. പരീക്ഷ കുറ്റമറ്റതാക്കാനും മൂല്യനിര്‍ണയത്തിലെ ഉദാര സമീപനം അവസാനിപ്പിക്കാനും സര്‍ക്കാര്‍ തയ്യാറാകണം. ജയം, തോല്‍വി സമ്പ്രദായം പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.