പ്രതിരോധ മേഖലയിലും100%എഫ് ഡി ഐ വരും

Posted on: May 31, 2014 8:02 am | Last updated: June 3, 2014 at 1:01 am

ന്യൂഡല്‍ഹി: പ്രതിരോധ മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ് ഡി ഐ) നൂറ് ശതമാനമാക്കി ഉയര്‍ത്താനുള്ള നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട്. ഇതു സംബന്ധിച്ച് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രെമോഷന്‍ വകുപ്പ് (ഡി ഐ പി പി) തയ്യാറാക്കിയ കേന്ദ്ര മന്ത്രിസഭാ യോഗ കുറിപ്പിന്റെ കരട് വിവിധ മന്ത്രിമാരുടെ കൂടിയാലോചനകള്‍ക്കായി വാണിജ്യ, വ്യവസായ മന്ത്രാലയം കൈമാറി. പ്രതിരോധ മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം ഇരുപത്തിയാറ് ശതമാനത്തില്‍ നിന്ന് നൂറ് ശതമാനമാക്കുന്ന നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. പ്രതിരോധ മേഖലയിലെ സാമഗ്രികളുടെ ഇറക്കുമതി കുറച്ച് രാജ്യത്ത് തന്നെ ഉത്പാദിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായി നിര്‍മല സീതാരാമന്‍ ചുമതലയേറ്റതിനു പിന്നാലെയാണ് എഫ് ഡി ഐ ഉയര്‍ത്തുന്ന നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. പ്രതിരോധ മേഖലക്കാവശ്യമായ സാമഗ്രികള്‍ രാജ്യത്ത് തന്നെ ഉത്പാദിപ്പിക്കുന്നതിന് പ്രാമുഖ്യം നല്‍കുമെന്ന് പ്രതിരോധ വകുപ്പിന്റെ ചുമതലയുള്ള അരുണ്‍ ജെയ്റ്റ്‌ലി നേരത്തെ സൂചന നല്‍കിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി ജെ പി പുറത്തിറക്കിയ പ്രകടനപത്രികയിലും പ്രതിരോധ മേഖലയിലെ വിദേശ നിക്ഷേപം ഉയര്‍ത്തുന്ന കാര്യം ഉള്‍പ്പെടുത്തിയിട്ടുണ്ട്. എഫ് ഡി ഐ പരിധി ഉയര്‍ത്തുന്നത് രാജ്യത്തെ ഉത്പാദന മേഖലയെ സജീവമാക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഇടയാക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
എഫ് ഡി ഐ നിരക്ക് 49 മുതല്‍ നൂറ് വരെ ശതമാനമാക്കി ഉയര്‍ത്തുന്നതിനുള്ള നിര്‍ദേശങ്ങളാണ് മുന്നോട്ടുവെച്ചിട്ടുള്ളത്. സാങ്കേതികവിദ്യ കൈമാറാത്ത കമ്പനികള്‍ക്ക് 49 ശതമാനം വരെ വിദേശ നിക്ഷേപം അനുവദിക്കാനും സാങ്കേതികവിദ്യ കൈമാറാന്‍ തയ്യാറാകുന്ന കമ്പനികള്‍ക്ക് 74 ശതമാനം വരെ എഫ് ഡി ഐ അനുവദിക്കാനുമാണ് നിര്‍ദേശം. പൂര്‍ണമായും തദ്ദേശീയമായ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നൂറ് ശതമാനം വരെ എഫ് ഡി ഐ അനുവദിക്കാനും പതിനഞ്ച് പേജ് വരുന്ന കരടില്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ യു പി എ സര്‍ക്കാറാണ് പ്രതിരോധ മേഖലയിലെ എഫ് ഡി ഐ ഇരുപത്തിയാറ് ശതമാനമാക്കിയത്. പ്രതിരോധ മേഖലയില്‍ എഫ് ഡി ഐ അനുവദിക്കണമെന്ന ആവശ്യം ഡി ഐ പി പി 2010ല്‍ തന്നെ ഉയര്‍ത്തിയിരുന്നു. 2001 മെയില്‍ വാജ്പയി സര്‍ക്കാറിന്റെ കാലത്താണ് പ്രതിരോധ സാമഗ്രികള്‍ നിര്‍മിക്കുന്നതിനുള്ള സ്ഥാപനങ്ങള്‍ ആരംഭിക്കാനുള്ള അനുവാദം സ്വകാര്യ മേഖലക്ക് തുറന്നു കൊടുത്തത്. എന്നാല്‍, എഫ് ഡി ഐ ഇരുപത്തിയാറ് ശതമാനമായി കൊണ്ടുവന്നത് യു പി എ സര്‍ക്കാറാണ്.
വന്‍തോതില്‍ പ്രതിരോധ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ആയുധ ഇറക്കുമതിയില്‍ ഇന്ത്യ 2010ല്‍ ചൈനക്കൊപ്പമെത്തിയതായാണ് സ്റ്റോക്‌ഹോം ഇന്റര്‍നാഷനല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് പറയുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം 190 കോടി ഡോളറിന്റെ പ്രതിരോധ ഉപകരണങ്ങളാണ് യു എസില്‍ നിന്ന് ഇറക്കുമതി ചെയ്തത്. യു എസ് നിര്‍മിത ആയുധങ്ങളുടെ പ്രധാന ഉപഭോക്താവാണ് ഇന്ത്യ. നാല് വര്‍ഷം മുമ്പ് വരെ റഷ്യയില്‍ നിന്നാണ് ഭൂരിഭാഗം ആയുധങ്ങളും ഇന്ത്യ വാങ്ങിയിരുന്നത്. 2006- 07 മുതല്‍ ശരാശരി 13.4 ശതമാനമാണ് രാജ്യത്തെ പ്രതിരോധ ബജറ്റിലെ വര്‍ധന. നൂറ് ശതമാനം എഫ് ഡി ഐ നടപ്പാക്കുന്നതോടെ യു എസ്, ഇസ്‌റാഈല്‍ തുടങ്ങിയ ആയുധക്കച്ചവടം നടത്തുന്ന രാജ്യങ്ങളിലെ കമ്പനികളാകും ഇന്ത്യയിലും നിക്ഷേപം നടത്തുക. ഇത് രാജ്യത്തിന്റെ പ്രതിരോധ രഹസ്യങ്ങള്‍ പുറത്താകാന്‍ ഇടയാക്കിയേക്കുമെന്ന വിലയിരുത്തലുമുണ്ട്.
ആയുധ ഉത്പാദനത്തില്‍ ഇന്ത്യ സ്വയംപര്യാപ്തത കൈവരിക്കുന്നതോടെ പാക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ള അയല്‍ രാജ്യങ്ങളും ആയുധങ്ങള്‍ വാങ്ങിക്കൂട്ടാന്‍ നിര്‍ബന്ധിതരാകും. ഇത് ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ആയുധ കിടമത്സരത്തിന് വഴിവെക്കും. ഇത്തരം ആയുധമത്സരത്തിന്റെ ഗുണഭോക്താക്കളും വന്‍കിട രാജ്യങ്ങളായിരിക്കും. തദ്ദേശീയമായി ആയുധങ്ങളും മറ്റ് സാമഗ്രികളും വികസിപ്പിക്കുന്നതിന് നേരിട്ടുള്ള വിദേശ നിക്ഷേപം വഴിവെക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്താണെന്ന് വിലയിരുത്തപ്പെടുന്നു. വിദേശ നിക്ഷേപകരുടെ സാങ്കേതികവിദ്യ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുകയെന്ന സാധ്യതയാണ് മുന്നിട്ട് നില്‍ക്കുക.