ജൂണ്‍ മാസത്തെ അവശ്യ ഭക്ഷ്യ വസ്തുക്കളുടെ ശേഖരണം പൂര്‍ത്തിയായി: സപ്ലൈക്കോ

Posted on: May 31, 2014 7:57 am | Last updated: May 31, 2014 at 7:57 am

കൊച്ചി: ജൂണ്‍ മാസത്തേക്കുള്ള പഞ്ചസാര, പയറുവര്‍ഗങ്ങള്‍ എന്നിവയുള്‍പ്പടെ അവശ്യ ഭക്ഷ്യ വസ്തുക്കളുടെ പര്‍ച്ചേഴ്‌സ് നടപടികള്‍ പൂര്‍ത്തിയായി. ഈമാസം 24ന് നടന്ന ഇ ടെന്‍ഡറില്‍ 110ഓളം പേര്‍ പങ്കെടുത്തു. വില കൂടുതലാണെന്ന് ബോധ്യപ്പെട്ടതിനാല്‍ ടെന്‍ഡറിലൂടെ വാങ്ങാന്‍ ഉദ്ദേശിച്ചിരുന്ന അരി, മുളക് എന്നിവയുടെ പര്‍ച്ചേഴ്‌സ് റദ്ദാക്കി. വേനലവധി ആയതിനാല്‍, ദക്ഷിണേന്ത്യയിലെ പ്രധാന മുളകു വിപണിയായ ആന്ധ്രയിലെ ഗുണ്ടൂര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നില്ല. ഇതുമൂലമാണ് മുളകു വില ഉയര്‍ന്നത്. വില താഴ്ന്നാല്‍ ഉടന്‍ മുളകു വാങ്ങാനാണ് ആലോചന. ഇപ്പോള്‍ വാങ്ങാന്‍ തീരുമാനിച്ച പയറു വര്‍ഗ്ഗങ്ങളും മറ്റും ഏറ്റവും കുറഞ്ഞ തുകക്കാണ് സംഭരിക്കുന്നത്. ബര്‍മ, തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന തുവരപ്പരിപ്പ്, ഉഴുന്ന്, എന്നിവയുടെ വില ഇറക്കുമതിയിലെ കുറവുമൂലം രാജ്യത്തൊട്ടാകെ ഉയര്‍ന്നു നില്‍ക്കുകയാണ്. ഈ സാഹചര്യത്തിലും ഏറ്റവും കുറഞ്ഞ തുകയ്ക്കാണ് ഇവ സംഭരിച്ചിട്ടുള്ളതെന്നും സപ്ലൈകോ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
സപ്ലൈകോ വിതരണത്തിനെത്തിച്ച സാധനങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ച് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഇതിലെ വസ്തുത ബോധ്യപ്പടുന്നതിനായി തുവരപ്പരിപ്പ്, ഫട്ക ഇനം, കടുക്, മട്ട, ജയ, കുറുവ എന്നീ ഇനങ്ങളില്‍പ്പെട്ട അരി, കടല, ജീരകം എന്നിവയുടെ സാമ്പിളുകള്‍ പത്തനം തിട്ട കോന്നിയിലെ സി എഫ് ആര്‍ ഡി ലാബില്‍ ഗുണനിലവാര പരിശോധനക്ക് വിധേയമാക്കി. മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലെ ടെന്‍ഡറിലൂടെ വാങ്ങിയ ഉല്‍പ്പന്നങ്ങളാണ് ഇപ്രകാരം പരിശോധിച്ചത്. നിര്‍ദ്ദിഷ്ട ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഏതാനും വിതരണക്കാര്‍ക്ക് ഇതിന്റെ അടിസ്ഥാനത്തില്‍ കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. മാനദണ്ഡം പാലിക്കാതിരുന്ന വിതരണക്കാരില്‍ നിന്ന് പിഴ ഈടാക്കിയ ശേഷം പണം നല്‍കിയാല്‍ മതിയെന്ന് ഹെഡ് ഓഫീസ് മാനേജ്‌മെന്റ് കമ്മിറ്റി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ വിതരണക്കാര്‍ക്കുള്ള പണം നല്‍കുന്നത്. ഏതാനും വിതരണക്കാരുടെ മാത്രം പണം തടഞ്ഞെന്ന വാര്‍ത്തകള്‍, വസ്തുതാവിരുദ്ധമാണ്.
ആന്ധ്രയില്‍ നിന്ന് അരിയും മറ്റ് ഭക്ഷ്യ വസ്ത്തുക്കളും കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് ആന്ധ്രാ സര്‍ക്കാറിന്റെ പെര്‍മിറ്റ് വ്യവസ്ഥകള്‍ പാലിക്കേണ്ടതുണ്ട്. പുതിയ സര്‍ക്കാര്‍ രൂപവത്കരണം നടക്കുന്ന ഘട്ടമായതിനാല്‍ ചരക്കുനീക്കത്തില്‍ ചില വൈഷമ്യങ്ങള്‍ നേരിട്ടിരുന്നു. ഇത് മറികടന്ന് സാധന ലഭ്യത ഉറപ്പാക്കുന്നതിനാണ് ടെണ്ടര്‍ തിയതി 24ലേക്ക് മാറ്റിയത്.
ടെന്‍ഡറില്‍ ക്വോട്ട് ചെയ്ത തുകകള്‍ വിപണിവിലയേക്കാള്‍ ഉയര്‍ന്നതാണെന്ന പരാമര്‍ശവും വസ്തുതാപരമല്ല. സാധ്യമായ ഏറ്റവും കുറഞ്ഞ വിലയില്‍ സാധനങ്ങള്‍ വാങ്ങുന്നതിനാണ് സപ്ലൈകോ ശ്രമിച്ചിട്ടുള്ളത്. കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ അംഗീകാരമുള്ള സോഫ്റ്റ്‌വെയറാണ് ഇ ടെണ്ടറിന് ഉപയോഗിക്കുന്നത്.
സി എ ജി, ഡയറക്ടര്‍ ബോര്‍ഡ് എന്നിവയുടെയും പരിശോധനക്ക് വിധേയമാണ് സപ്ലൈകോ പര്‍ച്ചേസ് നടപടികള്‍. വസ്തുതകള്‍ ശരിയായി മനസിലാക്കാതെ തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നതിലൂടെ വിപണി ഇടപെടലിനുള്ള ഫലപ്രദമായ സംവിധാനത്തെയാണ് അപകീര്‍ത്തിപ്പെടുത്തുന്നതെന്നും സപ്ലൈകോ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.