ഇരു വൃക്കകളും തകരാറിലായ പണ്ഡിതന്‍ സുമനസ്സുകളുടെ കനിവ് തേടുന്നു

Posted on: May 31, 2014 7:57 am | Last updated: May 31, 2014 at 7:57 am

തരുവണ: ഇരു വൃക്കകളും തകരാറിലായ യുവാവ് സുമനസ്സുകളുടെ കാരുണ്യം തേടുന്നു. വയനാട് ജില്ലയിലെ തരുവണക്കടുത്ത് പുലിക്കാട് സ്വദേശി പുതിയാമ്മല്‍ മുഹമ്മദ് അലി സഖാഫി (39)യാണ് ചികിത്സക്കായി മനുഷ്യ സ്‌നേഹികളുടെ സഹായം തേടുന്നത്.
ദരിദ്ര കുടുംബാംഗമായ ഇദ്ദേഹം മദ്‌റസാ അധ്യാപനതിലൂടെയാണ് ജീവിതം പുലര്‍ത്തിയിരുന്നത്. പത്ത് വര്‍ഷം മുമ്പ് വീടിനു തറ പണിതു വെച്ചിട്ടുണ്ടെങ്കിലും ഇനിയും നിര്‍മാണം തുടങ്ങിയിട്ടില്ല. സ്വന്തമായി ഒരു വീട് എന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ഒരു വര്‍ഷം മുമ്പ് ഗള്‍ഫിലേക്ക് പോയി അവിടെ ജോലി ചെയ്തു വരികയായിരുന്നു. ഇതിനിടയിലാണ് രോഗ ലക്ഷണങ്ങള്‍ പ്രകടമായത്, ജിദ്ദയിലെ പ്രാഥമിക ചികിത്സക്കു ശേഷം നാട്ടില്‍ തിരിച്ചെത്തി, ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തുടരുകയാണ്.
വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച ഏക ചികിത്സ. സഹോദരി സുലൈഖ വൃക്ക നല്‍കാന്‍ തയ്യാറായിട്ടുണ്ടെങ്കിലും, ശസ്ത്രക്രിയക്കും തുടര്‍ ചികിത്സക്കുമാവശ്യമായ ഭീമമായ തുക കണ്ടെതാനാകാത്തതാണ് ഇദ്ദേഹത്തെയും കുടുംബത്തെയും ആശങ്കപ്പെടുത്തുന്നത്.
പുലിക്കാട് മഹല്ല് കമ്മിറ്റി മുന്‍കൈയെടുത്തു ‘ പുതിയാമ്മല്‍ അലി മുസ്‌ലിയാര്‍ ചികിത്സാ സഹായ കമ്മിറ്റിക്ക് രൂപം നല്‍കിയിരിക്കുകയാണ്. പി കെ മൊയ്തു , വാര്‍ഡ് മെമ്പര്‍ സി എച്ച അഷ്‌റഫ്, യു കെ അബ്ദുല്ല ഹാജി, അഡ്വ. സമദ്, പി കുഞ്ഞാലി, മൂലയില ഇബ്‌റാഹിം എന്നിവരാണ് ഭാരവാഹികള്‍. എസ് ബി ഐ യുടെ അഞ്ചുകുന്നു ശാഖയില്‍ 33834071967 നമ്പര്‍ ആയി എക്കൗണ്ടും തുടങ്ങിയിട്ടുണ്ട്.