Connect with us

Ongoing News

ആറന്മുള വിമാനത്താവളം: സര്‍ക്കാറും പിന്നോട്ട്

Published

|

Last Updated

തിരുവനന്തപുരം: ഹരിത ട്രൈബ്യൂണല്‍ പാരിസ്ഥിതിക അനുമതി റദ്ദാക്കുകയും പദ്ധതിയെ എതിര്‍ക്കുന്ന ബി ജെ പി കേന്ദ്രത്തില്‍ അധികാരത്തില്‍ വരികയും ചെയ്തതോടെ ആറന്മുള വിമാനത്താവള പദ്ധതിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാറും പിന്നാക്കം പോകുന്നു. പദ്ധതിക്കെതിരെ ശക്തമായ നിലപാടുള്ള വി എം സുധീരന്‍ കെ പി സി സി പ്രസിഡന്റായപ്പോള്‍ തന്നെ പുന:പരിശോധന വേണമെന്ന് ആവശ്യമുയര്‍ന്നിരുന്നെങ്കിലും അന്ന് മുഖ്യമന്ത്രി വഴങ്ങിയിരുന്നില്ല.

ഹരിത ട്രൈബ്യൂണല്‍ വിധി എതിരായതോടെയാണ് ഇനിയെല്ലാം കമ്പനിയുടെ ഉത്തരവാദിത്വം എന്ന നിലയിലേക്ക് മാറിയത്. വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകില്ലെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഇന്നലത്തെ പ്രസ്താവനയില്‍ തന്നെ പിന്നോട്ട് പോക്ക് വ്യക്തമാണ്. നിര്‍ദിഷ്ട വിമാനത്താവളത്തിന്റെ ഉടമസ്ഥരായ കെ ജി എസ് ഗ്രൂപ്പ് അനുകൂല വിധി നേടുകയാണെങ്കില്‍ അപ്പോള്‍ പരിഗണിക്കാമെന്നാണ് സര്‍ക്കാറിന്റെ പുതിയ നിലപാട്. അതേ സമയം, ഹരിത ട്രൈബ്യൂണല്‍ റദ്ദാക്കിയ പാരിസ്ഥിതിക അനുമതി, വഴിവിട്ട നീക്കങ്ങളിലൂടെയാണ് നേരത്തെ നേടിയെടുത്തതെന്ന് വ്യക്തമായി.
അപൂര്‍ണമായ റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് നല്‍കിയിരുന്നതെന്ന് പുറത്തുവന്ന രേഖകള്‍ വ്യക്തമാക്കുന്നു. വേണ്ടത്ര യോഗ്യതയില്ലെന്ന ആരോപണ വിധേയനായ വകുപ്പ് ഡയറക്ടര്‍ പി ശ്രീകണ്ഠന്‍ നായര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് സര്‍ക്കാര്‍ പദ്ധതിയെ അനുകൂലിച്ച് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയത്.
വിശദമായ പഠനം നടത്താതെ കെ ജി എസ് ഗ്രൂപ്പിന്റെ അവകാശവാദങ്ങള്‍ അതേപടി ഉള്‍പ്പെടുത്തിയാണ് സംസ്ഥാന പരിസ്ഥിതി വകുപ്പ് ഡയറക്ടര്‍ റിപ്പോര്‍ട്ട തയ്യാറാക്കിയത്. 400 ഏക്കര്‍ കൃഷിപ്പാടം നികത്തുമെന്നും 1000 കുടുംബങ്ങള്‍ കുടിയൊഴിപ്പിക്കപ്പെടുമെന്നുമുള്ള ആശങ്കയെക്കുറിച്ചുള്ള ചോദ്യത്തിന് പത്ത് വര്‍ഷമായി കൃഷിയില്ലെന്ന് നാട്ടുകാര്‍ പറയുന്നുവെന്നാണ് പരിസ്ഥിതി വകുപ്പിന്റെ റിപ്പോര്‍ട്ടിലെ മറുപടി. ഏഴ് വീടുകളെ ഒഴിപ്പിക്കേണ്ടിവരൂ എന്ന് കെ ജി എസ് കമ്പനി പറയുന്നതായും റിപ്പോര്‍ട്ടിലുണ്ട്.
വിമാനത്താവള കമ്പനിക്ക് സ്വന്തമായി ഭൂമിയില്ലെന്ന ആക്ഷേപത്തെക്കുറിച്ച്, 350 ഏക്കറിന് പട്ടയം ഉണ്ടെന്ന് കെ ജി എസ് കമ്പനി അറിയിച്ചെന്ന വിശദീകരണമാണ് നല്‍കിയിരിക്കുന്നത്. 400 ഏക്കര്‍ പാടം മണ്ണിട്ട് നികത്താന്‍ നിരവധി കുന്നുകള്‍ ഇടിച്ച് നിരത്തണമെന്ന പരാതിയെക്കുറിച്ചുള്ള ചോദ്യത്തിന് അത് തങ്ങള്‍ക്കറിയില്ല എന്ന മട്ടിലാണ് മറുപടി.
ശ്രീകണ്ഠന്‍ നായര്‍ക്ക് പുറമെ പരിസ്ഥിതി വകുപ്പില്‍ കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്തിരുന്ന കെ എസ് അരുണ്‍കുമാറും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പത്തനംതിട്ട ജില്ലാ എന്‍ജിനീയര്‍ പൗലോസ് ഈപ്പനും അടങ്ങുന്ന സമിതിയാണ് അഞ്ച് പേജുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയത്. വിമാനത്താവള കമ്പനി അനധികൃതമായി വയലും തണ്ണീര്‍ തടങ്ങളും നികത്തിയ വിവരവും കേന്ദ്ര സര്‍ക്കാറില്‍ നിന്ന് മറച്ചുവെച്ചു.
2012 ഫെബ്രുവരി 16നാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തണ്ണീര്‍ തടങ്ങളും വയലും ആറന്മുള വിമാനത്താവളത്തിനായി നികത്തിയതിനെ കുറിച്ച് വിശദീകരണം ചോദിച്ചത്. ഇതിനുള്ള മറുപടിക്കായി സംസ്ഥാന പരിസ്ഥിതി വകുപ്പ് കുറിപ്പ് തയ്യാറാക്കി.
ആറന്മുള പദ്ധതിക്കായി വിമാനത്താവള കമ്പനി തണ്ണീര്‍ തടം നികത്തിയെന്നും നിയമം ലംഘിച്ചാണ് നികത്തല്‍ നടത്തിയത് എന്നും കുറുപ്പില്‍ 52ാം ഇനമായി പരിസ്ഥിതി വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എഴുതിയിരുന്നു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി നേടിയിട്ടില്ലെന്നും കമ്പനിയുടെ ഈ നടപടി നിയമ വിരുദ്ധമാണെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി ഫയലില്‍ എഴുതി. ഇക്കാര്യങ്ങളെല്ലാം കേന്ദ്ര സര്‍ക്കാറിനെ അറിയിക്കണമെന്ന സുപ്രധാന നിര്‍ദേശവും പ്രിന്‍സിപ്പല്‍ സെക്രട്ടറി ഫയലില്‍ കുറിച്ചു. എന്നാല്‍, നിലം നികത്തിയത് തങ്ങളല്ല,
മുന്‍ഗാമികളാണെന്ന കെ ജി എസിന്റെ വാദം അംഗീകരിച്ച് കേന്ദ്രത്തിനു നല്‍കുന്ന കത്തില്‍ നിലം നികത്തല്‍ അടക്കമുള്ള കാര്യങ്ങള്‍ പരാമര്‍ശിക്കാതെ സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.