പ്രായോഗിക ബുദ്ധിയുണ്ടോ എന്നതാണ് പ്രധാനം: ഇന്നസെന്റ്

Posted on: May 31, 2014 12:19 am | Last updated: May 31, 2014 at 12:19 am

കൊച്ചി: ഒരാള്‍ക്ക് എത്രത്തോളം വിദ്യാഭ്യാസം ഉണ്ട് എന്നതിലല്ല പ്രായോഗിക ബുദ്ധിയുണ്ടോ എന്നതാണ് പ്രധാനമെന്ന് ചാലക്കുടി എം പി ഇന്നസെന്റ്. വിദ്യാഭ്യാസ യോഗ്യതയിലോ സര്‍ട്ടിഫിക്കറ്റിലോ കാര്യമില്ലെന്നും ഇന്നസെന്റ് പറഞ്ഞു. എറണാകുളം പ്രസ് ക്ലബില്‍ സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബുദ്ധി, വിവരം എന്നത് പുസ്തകത്തില്‍ നിന്ന് മാത്രം ലഭിക്കുന്ന ഒന്നല്ലെന്നും ഇതിനേക്കാള്‍ കൂടുതല്‍ അറിവ് പുറത്തുനിന്ന് ലഭിക്കുമെന്നും ഇന്നസെന്റ് പറഞ്ഞു. ഭരിക്കാന്‍ കഴിവുണ്ടായതിനാലാകാം സ്മൃതിക്ക് ആ വകുപ്പ് നല്‍കിയതെന്നും കാര്യങ്ങള്‍ കാണാന്‍ കഴിവുള്ളയാള്‍ക്ക് മന്ത്രിയാകാമെന്നും ഇന്നസെന്റ് പറഞ്ഞു. റാങ്ക് വാങ്ങി പാസായ പലരും അവരേക്കാള്‍ കുറവ് വിദ്യാഭ്യാസമുള്ളവരുടെ കീഴില്‍ പണിയെടുക്കുന്നത് കാണാമെന്ന് ഇന്നസെന്റ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വഴക്കുണ്ടാക്കേണ്ട കാര്യമില്ലെന്നും നല്ലത് ചെയ്താല്‍ അതിനെ എതിര്‍ക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ പരിചയക്കാരുണ്ട്. റാംജി റാവു സ്പീക്കിംഗ് ചിത്രത്തില്‍ ഉള്‍പ്പെടെ താന്‍ ചെയ്ത കഥാപാത്രങ്ങളെ ഹിന്ദിയില്‍ അവതരിപ്പിച്ച പരേഷ് റാവല്‍ പാര്‍ലമെന്റിലുണ്ട്. ഇവരുമായിട്ടുള്ള സൗഹൃദം സഹായകരമാണെന്നും ഇന്നസെന്റ് പറഞ്ഞു.