Connect with us

Editorial

കാവിവത്കരണമോ മുഖ്യ അജന്‍ഡ?

Published

|

Last Updated

മതന്യൂനപക്ഷ, മതേതര വിശ്വാസികള്‍ ആശങ്കിച്ചതു പോലെ രാജ്യത്തിന്റെ കാവിവത്കരണമാണോ നരേന്ദ്ര മോദി സര്‍ക്കാറിന്റ മുഖ്യ അജന്‍ഡ? കാശ്മീര്‍ പ്രശ്‌നം, വിദ്യാഭ്യാസ നയം, ന്യൂനപക്ഷ പദ്ധതികളും സംവരണവും തുടങ്ങിയ പ്രശ്‌നങ്ങളില്‍ ബന്ധപ്പെട്ട മന്ത്രിമാര്‍ നടത്തിയ പ്രസ്താവനകളാണ് ഈ സന്ദേഹമുണര്‍ത്തുന്നത്. മോദി മന്ത്രിസഭയിലെ മുസ്‌ലിം പ്രതിനിധിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ന്യൂനപക്ഷ മന്ത്രി നജ്മ ഹിബത്തുല്ലയാണ് മുസ്‌ലിംകളാദി ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായി മുന്‍സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതികളെക്കുറിച്ചു പുനരാലോചിക്കുമെന്നും സംവരണത്തെ എതിര്‍ക്കുമെന്നും പ്രഖ്യാപിച്ചത്. മതന്യൂനപക്ഷങ്ങള്‍ക്കു പ്രത്യേക ഉപസംവരണം നല്‍കുന്നത് അനാവശ്യമാണെന്നാണ് അവരുടെ പക്ഷം. മുസ്‌ലിംകളെ പിന്നാക്കാമയി താന്‍ കാണുന്നില്ലെന്നും ഒ ബി സിക്കുള്ളിലെ മുസ്‌ലിം ഉപ സംവരണം ഭരണഘടനാവിരുദ്ധമാണെന്നും നജ്മ അഭിപ്രായപ്പെടുന്നു.
ന്യൂനപക്ഷങ്ങളെ നിര്‍ണയിക്കേണ്ടത് മതാടിസ്ഥാനത്തിലല്ലെന്നും മുസ്‌ലിംകളും ക്രൈവസ്തവരും ഭരണഘടനാപരമായി ന്യൂനപക്ഷങ്ങളല്ലെന്നുമുള്ളത് ബി ജെ പിയുടെ പ്രഖ്യാപിത നയമാണ്. ന്യൂനപക്ഷങ്ങളെ കുറിച്ച് പരാമര്‍ശിച്ച ഭരണഘടനയുടെ 29, 30, 350(എ), 350(ബി) വകുപ്പുകളില്‍ അതാരാണെന്ന് നിര്‍വചിച്ചിട്ടില്ലെന്നാണ് പാര്‍ട്ടി ഇതിന് പറയുന്ന ന്യായീകരണം. എന്നാല്‍ 1992ലെ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ നിയമം ന്യൂനപക്ഷങ്ങളെ കുറിച്ച് വിശദീകരിക്കുന്നുണ്ട്. ഭരണഘടനയുടെ മാര്‍ഗനിര്‍ദേശക തത്വങ്ങളെ അടിസ്ഥാനപ്പെടുത്തി ആവിഷ്‌കരിച്ച ഈ നിയമമനുസരിച്ചു മുസ്‌ലിംകള്‍, ക്രിസ്തീയര്‍, സിഖുകാര്‍, ബുദ്ധര്‍, പാഴ്‌സികള്‍ എന്നീ അഞ്ച് സമുദായങ്ങളാണ് ന്യൂനപക്ഷത്തില്‍ പെടുക. ഇത്് ബി ജെ പി അംഗീകരിക്കുന്നില്ല. കാലങ്ങളായി സാര്‍വത്രികമായ മേഖലകളിലും പാര്‍ശ്വവത്കരിക്കപ്പെട്ട മതന്യൂനപക്ഷങ്ങളുടെ വിശിഷ്യാ മുസ്‌ലിംകളുടെ മുന്നേറ്റത്തിനും പുരോഗതിക്കുമുള്ള എല്ലാ വഴികളും കൊട്ടിയടച്ചു അവരെ കൊടിയ ദുരിതത്തിലേക്ക് തള്ളുകയാണ് സംവരണത്തെ എതിര്‍ക്കുക വഴി സംഘ്പരിവാറിന്റെ ലക്ഷ്യം.
രാജ്യത്തെ പിന്നാക്ക വിഭാഗങ്ങളില്‍ ഏറ്റവും പിന്നാക്കമാണ് മുസ്‌ലിംകളെന്നും ആദിവാസി, ദളിതരേക്കാളും സാമൂഹിക വികസന സൂചികകളില്‍ പിന്നിലാണ് ഈ സമുദായമെന്നും സച്ചാര്‍ കമ്മിറ്റിയും അതിന് മുമ്പും ശേഷവും മുസ്‌ലിംകളെക്കുറിച്ചു പഠനം നടത്തിയ മറ്റു സമിതികളും കണ്ടെത്തിയതാണ്. ദാരിദ്ര്യത്തിന്റെ ദേശീയ ശരാശരി 29 ശതമാനമാണെങ്കില്‍ മുസ്‌ലിംകളില്‍ നാല്‍പത് ശതമാനത്തോളം ദാരിദ്ര്യ രേഖക്ക് താഴെയാണ്. സുരക്ഷിതവും ഭേദപ്പെട്ട വേതനവുമുള്ള ജോലികളിലെ മുസ്‌ലിം പ്രാതിനിധ്യവും നന്നേ കുറവാണ്. താണ വേതനമുള്ള മേഖലകളിലാണ് മുസ്‌ലിം വിഭാഗങ്ങള്‍ കൂടുതലായും ജോലി ചെയ്യുന്നത്. 35 ശതമാനം മുസ്‌ലിം പുരുഷന്മാരും 47 ശതമാനം മുസ്‌ലിം സ്ത്രീകളും നിരക്ഷരരാണ്. സര്‍ക്കാര്‍ സര്‍വീസില്‍ മുസ്‌ലിം പ്രാതിനിധ്യം ആറ് ശതമാനം മാത്രം. മുസ്‌ലിം പ്രദേശങ്ങളിലെ പൊതു സൗകര്യങ്ങളും ,സര്‍ക്കാര്‍ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളും ഗുണനിലവാരവും ഏറെ മോശമാണെന്ന് സച്ചാര്‍ കമ്മീഷന്‍ രേഖപ്പെടുത്തുന്നു. രാഷ്ട്രീയാധികാരത്തിലെയും ഉദ്യോഗസ്ഥമേഖലയിലെയും പ്രാതിനിധ്യവും വിരളം. വെള്ളം, വെളിച്ചം, ആരോഗ്യപരിരക്ഷാ സൌകര്യങ്ങള്‍ ഗതാഗത സൌകര്യം, റോഡുകളുടെ നിലവാരം, ശുചിത്വം എന്നിവയിലും മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങള്‍ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ചു പിന്നിലാണ്. മുസ്‌ലിംകള്‍ കഷ്ടപ്പെട്ടു പഠിച്ചു ഡിഗ്രിയും സര്‍ട്ടിഫിക്കറ്റും സമ്പാദിച്ചാലും ജോലി ലഭിക്കുക പ്രയാസം. പുരോഗതിയുടെ വഴികളില്‍ നിന്ന് മുസ്‌ലികളെ അകറ്റി നിര്‍ത്താനുള്ള ലോബിയിംഗ് ഉദ്യോഗസ്ഥ മേധാവിത്വത്തില്‍ അത്രയും ശക്തമാണ്. വായ്പ നല്‍കുന്നതില്‍ പൊതുസ്വകാര്യ ബേങ്കുകള്‍ മുസ്‌ലിംകളോട് പ്രകടമായ വിവേചനം കാണിക്കുകയും ചെയ്യുന്നു.
ഇത്രയും ദൈന്യതയാര്‍ന്ന അവസ്ഥ പോരേ മുസ്‌ലിംകള്‍ പിന്നാക്കമാണെന്ന് വിധിയെഴുതാന്‍? ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ മുസ്‌ലിംകളെ ന്യൂനപക്ഷ സമൂദായങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതും സംവരണമുള്‍പ്പെടെയുള്ള അനുബന്ധ ആനുകൂല്യങ്ങള്‍ അനുവദിച്ചതും ഇക്കാര്യങ്ങളെല്ലാം ബോധ്യപ്പെട്ടതു കൊണ്ടാണ്. ഈ ആനുകൂല്യങ്ങളും ന്യൂനപക്ഷ ക്ഷേമപദ്ധതികളും എടുത്തുകളയാന്‍ സംഘ്പരിവാര്‍ ഭരണകൂടം ധൃതി കാണിക്കുമ്പോള്‍, മതേതര പാര്‍ട്ടികള്‍ക്കിടയിലെ ഭിന്നിപ്പ് സൃഷ്ടിച്ച വിള്ളലിലൂടെ കൈവന്നതാണ് ഈ അധികാരമെന്നും ആകെ പോള്‍ ചെയ്ത 60 ഓളം ശതമാനത്തിന്റെ 31 ശതമാനത്തിന്റെ പിന്‍ബലമാണ് തങ്ങള്‍ക്കുള്ളതെന്നും വിസ്മരിക്കരുത്. സമുദായ ഭേദമന്യെ മൊത്തം ജനങ്ങളുടെ ക്ഷേമത്തിലും മുന്നേറ്റത്തിലുമാണ് ഒരു രാജ്യത്തിന്റെ പുരോഗതിയെന്ന തത്വം ഉള്‍ക്കൊണ്ട് ന്യൂനപക്ഷങ്ങളുടെ മുന്നേറ്റത്തിനുള്ള പദ്ധതികള്‍ നിലനിര്‍ത്തുകയും കൂടുതല്‍ കാര്യക്ഷമമാക്കുകയുമാണ് രാജ്യത്തിന്റെ വളര്‍ച്ചയും പുരോഗതിയും ആഗ്രഹിക്കുന്നുവെങ്കില്‍ പുതിയ ഭരണകൂടം ചെയ്യേണ്ടത്.

Latest