പഞ്ചാബിലെ മര്‍കസ് പ്രവര്‍ത്തനം ശ്രദ്ധേയം

Posted on: May 31, 2014 12:01 am | Last updated: May 31, 2014 at 12:01 am

ദെയ്പി (പഞ്ചാബ്): പഞ്ചാബിലെ മുസ്‌ലിംകള്‍ക്ക് ആശ്വാസമേകി മര്‍കസ് പഞ്ചാബ് മിഷന്‍ ഒന്നാംഘട്ടം പൂര്‍ത്തിയായി. പഞ്ചാബില്‍ മര്‍കസ് നടപ്പിലാക്കുന്ന വിവിധ വിദ്യാഭ്യാസ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റിലീഫ് ആന്‍ഡ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ മാന്‍സ ജില്ലയിലെ ദെയ്പി ഗ്രാമത്തില്‍ മെഗാ മെഡിക്കല്‍ ക്യാമ്പില്‍ നൂറുകണക്കിന് രോഗികള്‍ പങ്കെടുത്തു. മര്‍കസ് മെഡിസിന ഡോക്‌ടേഴ്‌സ് വിംഗിലെ ഏഴ് ഡോക്ടര്‍മാരും പാരാമെഡിക്കല്‍ വളണ്ടിയര്‍മാരും സംബന്ധിച്ച മെഡിക്കല്‍ ക്യാമ്പില്‍ രണ്ട് ലക്ഷം രൂപയുടെ സൗജന്യ മരുന്നുകള്‍ വിതരണം ചെയ്തു. ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്ത അഞ്ഞൂറിലധികം രോഗികള്‍ക്ക് സൗജന്യ രോഗ നിര്‍ണയവും നടത്തി. ക്യാമ്പില്‍ മൂന്ന് മുതല്‍ 76 വയസ്സ് വരെയുള്ള 125 പേരുടെ ചേലാകര്‍മം നടത്തി.
മാന്‍സ ചണ്ഡീഗഢ് ഹൈവേയില്‍ മര്‍കസ് പണികഴിപ്പിച്ച പുതിയ മസ്ജിദിന്റെ ഉദ്ഘാടനം മര്‍കസ് ഡയറക്ടര്‍ ഡോ. എം എ എച്ച് അസ്ഹരി നിര്‍വഹിച്ചു. വിദൂര സ്ഥലങ്ങളില്‍ പ്രാര്‍ഥിക്കാനായി പോകേണ്ടിവരുന്ന ഗ്രാമീണ ജനതക്ക് മര്‍കസ് മസ്ജിദ് വലിയ ആശ്വാസമാകും.
മര്‍കസ് മെഡിസിന ഡോക്‌ടേര്‍സ് വിംഗിലെ ഡോ. മുജീബ് റഹ്മാന്‍, ഡോ. മുഹമ്മദലി, ഡോ. അബൂബക്കര്‍, ഡോ. മുഹമ്മദ് ശരീഫ്, ഡോ. ഷാഹുല്‍ ഹമീദ്, ഡോ. കെ എച്ച് പാഷ (മുറാദാബാദ്), ഡോ. അബ്ദുര്‍റബ്ബ് (മുറാദാബാദ്) എന്നിവര്‍ മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ആര്‍ സി എഫ് ഐ ഡല്‍ഹി ചാപ്റ്ററില്‍ നിന്ന് സിദ്ദീഖ് മുഹമ്മദ്, മുഹമ്മദ് റോഷന്‍, ജാഫര്‍ നൂറാനി, സതേണ്‍ റീജ്യന്‍ പ്രതിനിധികളായ റശീദ് പുന്നശ്ശേരി, റസാഖ് കൊടിയത്തൂര്‍, മുഹമ്മദ് യൂനുസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
ആരോഗ്യ ബോധവത്കരണ ക്ലാസുകളും ഗ്രാമീണ ജനങ്ങളുടെ ജീവിത നിലവാരത്തെക്കുറിച്ചുള്ള അന്വേഷണ പഠനവും ഇതോടൊപ്പം നടന്നു. കൂടുതല്‍ വിപുലമായ പദ്ധതികള്‍ പഞ്ചാബില്‍ നടപ്പിലാക്കാന്‍ മര്‍കസ് പദ്ധതിയിട്ടു.