ഗര്‍ഭിണിയായ മലയാളി യുവതി ഡല്‍ഹിയില്‍ കൊല്ലപ്പെട്ടു; ഭര്‍ത്താവ് കസ്റ്റഡിയില്‍

Posted on: May 31, 2014 12:57 am | Last updated: May 30, 2014 at 11:57 pm

തൊടുപുഴ: പൂര്‍ണ ഗര്‍ഭിണിയായ മലയാളി യുവതിയെ ഡല്‍ഹിയിലെ ഫഌറ്റില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. തൊടുപുഴ മുണ്ടന്മുടി പനക്കല്‍ തങ്കച്ചന്റെ മകള്‍ പ്രിന്‍സി(27)യെയാണ് പശ്ചിമവിഹാര്‍ ബി-5ലെ ഫഌറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. യുവതിയെ ചവിട്ടിക്കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് നാട്ടുകാരുടെയും ബന്ധുക്കളുടെയും പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് അടൂര്‍ കളിയിക്കല്‍ ഷൈജു (28)വിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ പുലര്‍ച്ചെ 2.30ന് തന്റെ വീട് തുറക്കുന്നില്ലെന്നും ഭാര്യയെ കാണാനില്ലെന്നും പറഞ്ഞ് നാട്ടുകാരുടെ സഹായത്തോടെ ഷൈജു വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തുകയറിയപ്പോഴാണ് അസ്വാഭാവികരീതിയില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ യുവതിയെ കണ്ടെത്തിയത്. ഒമ്പത് മാസം ഗര്‍ഭമുള്ള യുവതിയെ ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നതാണ്.
ഷൈജുവിനെതിരെ ഭാര്യ പ്രിന്‍സി അടുത്തിടെ ഒരു പരാതി നല്‍കിയതാണ് നാട്ടുകാര്‍ക്ക് സംശയത്തിനിടയാക്കിയത്. സമീപത്തുള്ള യുവതിയുമായി ബന്ധമുണ്ടായിരുന്ന ഷൈജുവിനെയും യുവതിയെയും പ്രിന്‍സിയുടെ പരാതിയെത്തുടര്‍ന്ന് കഴിഞ്ഞ 24ന് ഇയാളുടെ വീട്ടില്‍നിന്നും പിടികൂടിയിരുന്നു. ഇതേത്തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. പ്രിന്‍സിയുടെ ആദ്യ ഗര്‍ഭവും ഷൈജു ചവിട്ടിയതിനെത്തുടര്‍ന്ന് അലസിപ്പോയതായി നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നതാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം ഇന്ന് നാട്ടിലെത്തിച്ച് സംസ്‌കരിക്കും. അന്നക്കുട്ടിയാണ് പ്രിന്‍സിയുടെ മാതാവ്.