Connect with us

Malappuram

കാലാവസ്ഥാ വ്യതിയാനം ഇന്ത്യയുടെ ഭക്ഷ്യസുരക്ഷയെ തകര്‍ക്കും: റിപ്പോര്‍ട്ട്‌

Published

|

Last Updated

മലപ്പുറം: കാലാവസ്ഥാ വ്യതിയാനം ഇന്ത്യന്‍ ഭക്ഷ്യസുരക്ഷയെ അപകടത്തിലാക്കുമെന്ന് ഇന്റര്‍ഗവണ്‍മെന്റല്‍ പാനലിന്റെ പഠന റിപ്പോര്‍ട്ട്. ജപ്പാനിലെ യോക്കോഹാമയില്‍ പുറത്തിറക്കിയ ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ചി (ഐ പി സി സി) ന്റെ രണ്ടാം വര്‍ക്കിംഗ് ഗ്രൂപ്പിന്റെ റിപ്പോര്‍ട്ടിലാണ് കൃഷിയിലും ഭക്ഷ്യസുരക്ഷയിലും കാലാവസ്ഥാ വ്യതിയാനം പ്രതീക്ഷിച്ചതിലും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് വ്യക്തമാക്കുന്നത്. എഴുപതോളം രാജ്യങ്ങളില്‍ നിന്നുള്ള മുന്നൂറ് ശാസ്ത്രജ്ഞരുടെ മൂന്ന് വര്‍ഷത്തെ കഠിന പ്രയത്‌നത്തിന്റെ ഫലമാണ് ഈ റിപ്പോര്‍ട്ട്. കാലാവസ്ഥാ വ്യതിയാനം ഭാവിയില്‍ എപ്പോഴെങ്കിലും സംഭവിച്ചേക്കാവുന്ന പ്രതിഭാസമല്ലെന്നും അതിന്റെ ഗുരുതരമായ ആഘാതങ്ങള്‍ തുടങ്ങിക്കഴിഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഏറ്റവും ആശങ്കാജനകമായ കാലാവസ്ഥാ മാറ്റങ്ങള്‍ ഇനിയും വരാനിരിക്കുന്നതേയുള്ളൂവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
മണ്ണ്, ജലം, ജൈവവൈവിധ്യം തുടങ്ങിയ പ്രകൃതി വിഭവങ്ങളുടെ പാരിസ്ഥിതിക അടിത്തറയെ കാലാവസ്ഥാ വ്യതിയാനം തകര്‍ക്കുമെന്നതിനാല്‍ കൃഷിയും ഭക്ഷ്യസുരക്ഷയും അപകടത്തിലാകും. ഇതിനകം തന്നെ പ്രധാന ഭക്ഷ്യധാന്യങ്ങളുടെ ഉത്പാദനത്തെ കാലാവസ്ഥാ വ്യതിയാനം ബാധിച്ച് തുടങ്ങിയിട്ടുണ്ട്. 2007ന് ശേഷം ഭക്ഷ്യധാന്യങ്ങളുടെ വില ഓരോ വര്‍ഷവും കുതിച്ചുയരുന്നതിന്റെ പ്രധാനകാരണം ഇതാണ്. താപനില ഒരു ഡിഗ്രി സെല്‍ഷ്യസില്‍ അധികം കൂടിയാല്‍ രാജ്യങ്ങളുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ (ജി ഡി പി) മൂന്ന് ശതമാനത്തോളം കുറവുണ്ടാകും. ഇത്തരമൊരു സാഹചര്യത്തില്‍ ഇന്ത്യയുടെ കാര്‍ഷികോത്പാദനത്തില്‍ ഒരു വര്‍ഷം 40,000 കോടി രൂപയിലേറെ നഷ്ടമുണ്ടാകാ നാണ് സാധ്യത. ഏഷ്യയില്‍ ഇന്ത്യ, ചൈന, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, മാലദ്വീപുകള്‍ എന്നീ രാജ്യങ്ങളെയായിരിക്കും കാലാവസ്ഥാവ്യതിയാനം ഏറ്റവും ഗുരുതരമായി ബാധിക്കുക. ഇന്ത്യയിലും ചൈനയിലും ഗോതമ്പിന്റെ ഉത്പാദനം കുത്തനെ ഇടിയും. ഗോതമ്പ് കൃഷിക്ക് ഏറ്റവും അനുയോജ്യമായ സിന്ധു- ഗംഗാ സമതലങ്ങളില്‍ 2020 ഓടെ ഗോതമ്പ് ഉത്പാദനം 10 ശതമാനം കുറയും. കൂടാതെ നെല്ല്, ചോളം, മക്കച്ചോളം തുടങ്ങിയ പ്രമുഖ ധാന്യങ്ങളുടെയും ഉത്പാദനവും കുറഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ട്.
കൂടുതല്‍ മഴ ലഭിച്ചാല്‍ ഉയര്‍ന്ന താപനിലയില്‍ മണ്ണിലെ ഈര്‍പ്പം നഷ്ടപ്പെട്ട് പെട്ടെന്ന് വരണ്ടുപോകും. ഇത് മണ്ണിന്റെ ഈര്‍പ്പ സന്തുലിതാവസ്ഥയെ തകിടം മറിക്കും. ആഗോള താപനം ഇന്നത്തെ നിലയില്‍ തുടര്‍ന്നാല്‍ ലോകത്തെ കൃഷി ഭൂമിയുടെ മൂന്നിലൊരു ഭാഗം കൃഷി ചെയ്യാനാവാത്ത വിധം വരണ്ട പ്രദേശമായി മാറും. ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ കടല്‍ മത്സ്യത്തിന്റെ ലഭ്യത 40 ശതമാനം മുതല്‍ 60 ശതമാനം വരെ കുറയും.
തണ്ണീര്‍ത്തടങ്ങള്‍, ഉള്‍നാടന്‍ ജലാശയങ്ങള്‍, പുഴകള്‍ എന്നിവിടങ്ങളിലെ മത്സ്യ വൈവിധ്യമായിരിക്കും വംശനാശം നേരിടുക. കടല്‍ വെള്ളം ചൂട് കൂടുന്നതോടെ മത്സ്യങ്ങളുടെ പ്രജനനവും അപകടത്തിലാകും. തണുപ്പുള്ള പ്രദേശങ്ങളിലേക്ക് മത്സ്യങ്ങള്‍ പലായനം ചെയ്യുന്നതോടെ ഉഷ്ണമേഖലാ പ്രദേശങ്ങളിലെ സമുദ്ര മത്സ്യബന്ധനം അപകടത്തിലാകും.
ഇന്ത്യപോലുള്ള രാജ്യങ്ങളില്‍ മത്സ്യബന്ധനത്തെ ആശ്രയിച്ച് ജീവിക്കുന്നവര്‍ ഇതോടെ പട്ടിണിയിലാകും. ഇതിന്റെയെല്ലാം ഫലമായുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധിയും ഭക്ഷ്യ-ജല ക്ഷാമങ്ങളും യുദ്ധങ്ങള്‍ക്ക് തന്നെ വഴിതുറക്കുമെന്ന് ഐ പി സി സി രണ്ടാം വര്‍ക്കിംഗ് ഗ്രൂപ്പിന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
അരി, ഗോതമ്പ്, പഴം, പച്ചക്കറി, പാല്‍, മുട്ട, ഇറച്ചി എന്നിവക്ക് അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തെയായിരിക്കും ഇന്ത്യയില്‍ കാലാവസ്ഥാ വ്യതിയാനം ഏറ്റവും പ്രതികൂലമായി ബാധിക്കുക.

Latest