Connect with us

Ongoing News

തീരസംരക്ഷണ സേനയുടെ സി- 407 നിരീക്ഷണക്കപ്പല്‍ കമ്മീഷന്‍ ചെയ്തു

Published

|

Last Updated

തിരുവനന്തപുരം: തീരസംരക്ഷണ സേനയുടെ സി- 407 എന്ന നിരീക്ഷണക്കപ്പല്‍ സംസ്ഥാന ഡി ജി പി. കെ എസ് ബാലസുബ്രഹ്മണ്യന്‍ ഇന്നലെ വിഴിഞ്ഞം തുറമുഖത്ത് കമ്മീഷന്‍ ചെയ്തു. ചടങ്ങില്‍ തീരസംരക്ഷണ സേനയുടെ പശ്ചിമ മേഖലാ കമാന്‍ഡര്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ എസ് പി എസ് ബസ്‌റയും സേനാ വിഭാഗങ്ങളിലെയും കേന്ദ്ര-സംസ്ഥാന സര്‍വീസിലെയും മുതിര്‍ന്ന ഓഫിസര്‍മാരും സംബന്ധിച്ചു.
ഇന്റര്‍സെപ്റ്റര്‍ ബോട്ട്‌സ് വിഭാഗത്തില്‍പ്പെട്ട ഏഴാമത്തെ കപ്പലാണ് സൂറത്തിലെ എല്‍ ആന്‍ഡ് ടി ഷിപ്പ്‌യാര്‍ഡ് നിര്‍മിച്ച സി- 407. 27.8 മീറ്റര്‍ നീളവും 106.3 ടണ്‍ സംവഹന ശേഷിയുമുള്ള കപ്പലിന്റ പരമാവധി വേഗം മണിക്കൂറില്‍ 45 നോട്ടിക്കല്‍ മൈലാണ്. ഇതിന്റെ പ്രവര്‍ത്തനം തുടങ്ങുന്നതോടെ വിഴിഞ്ഞത്തെ തീരസംരക്ഷണ സേനക്ക് കടല്‍ രക്ഷാപ്രവര്‍ത്തനത്തിനും പട്രോളിംഗിനും കൂടുതല്‍ ശക്തിപകരാന്‍ കഴിയും. ആധുനിക കടല്‍ നിരീക്ഷണ സംവിധാനങ്ങളും വാര്‍ത്താവിനിമയ സൗകര്യങ്ങളുമുള്ള ബോട്ടില്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് ഡി സി മത്പാലിന്റെ നേതൃത്വത്തില്‍ 11 സേനാംഗങ്ങളുണ്ട്. ഈ കപ്പലിന്റെ പ്രവര്‍ത്തനം വിഴിഞ്ഞം മേഖലയിലായിരിക്കും. തീരസംരക്ഷണ സേന നിര്‍വഹിക്കുന്ന തീരദേശ സുരക്ഷ, മത്സ്യബന്ധനത്തിനിടെ അപകടത്തില്‍പ്പെടുന്നവരെ രക്ഷപ്പടുത്താനുള്ള കഴിവ്, ഏത് കാലാവസ്ഥയെയും അവഗണിച്ച് കടലിലെ അടിയന്തര ആവശ്യഘട്ടങ്ങളിലെ സേവനനിരത, ശരിയായ രീതിയിലുള്ള കടല്‍ നിയമ പരിപാലനം തുടങ്ങിയ കാര്യങ്ങളില്‍ തീരസംരക്ഷണ സേന സ്തുത്യര്‍ഹമായ സേവനമാണ് അനുഷ്ഠിക്കുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച ഡി ജി പി പറഞ്ഞു.
തിരുവനന്തപുരത്ത് എയര്‍ സ്‌ക്വാഡ്രണ്‍ ആരംഭിക്കാനുള്ള പദ്ധതി പരിഗണനയിലാണെന്ന് തീരസംരക്ഷണ സേനയുടെ പശ്ചിമ മേഖലാ കമാന്‍ഡര്‍ എസ് പി എസ് ബസ്‌റ പറഞ്ഞു.

 

Latest