Connect with us

International

കാഡ്ബറി ചോക്ലേറ്റുകളില്‍ പന്നിയുടെ ഡി എന്‍ എ കണ്ടെത്തി

Published

|

Last Updated

ജക്കാര്‍ത്ത: പ്രശസ്ത ചോക്ലേറ്റ് നിര്‍മാണക്കമ്പനികളായ കാഡ്ബറിയുടെയും ക്രാഫ്റ്റിന്റെയും ചോക്ലേറ്റുകളില്‍ പന്നിയുടെ ഡി എന്‍ എ കണ്ടെത്തി. മലേഷ്യയില്‍ നടത്തിയ പരിശോധനയിലാണ് ഈ ഉത്പന്നങ്ങളില്‍ പന്നിയുടെ ഡി എന്‍ എ കണ്ടെത്തിയത്. ഇതേതുടര്‍ന്ന് കാഡ്ബറിയുടെയും ക്രാഫ്റ്റിന്റെയും ചോക്ലേറ്റുകള ബഹിഷ്‌കരിക്കാന്‍ മലേഷ്യയിലെ മുസ്ലിം സംഘടനകള്‍ ആഹ്വാനം ചെയ്തു. ഇതിന് പിന്നാലെ കാഡ്ബറിയുടെ ഡയറി മില്‍ക്ക് (ഹെയ്‌സല്‍നട്ട്), ഡയരിമില്‍ക്ക് (റോസ്റ്റ് അല്‍മണ്ട്) എന്നീ ചോക്ലേറ്റുകള്‍ മലേഷ്യയില്‍ നിന്നും കമ്പനി പിന്‍വലിച്ചതായി റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ലോകത്തിലെ ഏറ്റവും വലിയ മുസ്ലിം രാഷ്ട്രങ്ങളിലൊന്നായ മലേഷ്യയില്‍ ഉത്പന്നങ്ങള്‍ ഇസ്ലാമിക നിയമപ്രകാരം ഭക്ഷ്യയോഗ്യമാണോ എന്ന് പരിശോധന നടത്താറുണ്ട്. ഇത്തരത്തില്‍ നടത്തിയ പരിശോധനയിലാണ് കാഡ്ബറി ചോക്ലേറ്റുകളിലും കാഡ്ബറിയുടെ മാതൃകകമ്പനിയായ ക്രാഫ്റ്റ് ചോക്ലേറ്റുകളിലും പന്നിയുടെ ഡി എന്‍ എ കണ്ടെത്തിയത്.

കാഡ്ബറിയുടെ ചോക്ലേറ്റുകള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി 20 ഓളം മുസ്ലിം സംഘടനകള്‍ മലേഷ്യയില്‍ ശക്തമായി രംഗത്തിറങ്ങിയിട്ടുണ്ട്. കാഡ്ബറിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് മലേഷ്യന്‍ ഇസ്ലാമിക് ഡെവലപ്‌മെന്റ് വകുപ്പ് ആവശ്യപ്പെട്ടു.

അതേസമയം മലേഷ്യയില്‍ വിറ്റഴിക്കുന്ന മുഴുവന്‍ ഉത്പന്നങ്ങളും മുസ്ലിം നിയമപ്രകാരം അനുവദനീയമാണെന്ന് ഉറപ്പ് വരുത്താറുണ്ടെന്ന് കാഡ്ബറി മലേഷ്യ ഫേസ്ബുക്കിലൂടെ അറിയിച്ചു. കാഡ്ബറി മലേഷ്യന്‍ സര്‍ക്കാറുമായി സഹകരിക്കുന്നുണ്ടെന്നും കാഡ്ബറി ഉത്പന്നങ്ങളില്‍ എങ്ങിനെ പന്നിയുടെ ഡി എന്‍ എ കടന്നുകൂടിയെന്നത് അന്വേഷിക്കുമെന്ന് ഉറപ്പ് നല്‍കിയതായും മലേഷ്യന്‍ ആരോഗ്യ മന്ത്രി സുബ്രഹ്മണ്യം സദാശിവം പറഞ്ഞു.