വീട്ടുവേലക്കാര്‍ക്ക് സംരക്ഷണം ഉറപ്പാക്കി സഊദിയിലെ പുതിയ തൊഴില്‍ നിയമം

Posted on: May 30, 2014 9:21 pm | Last updated: May 30, 2014 at 9:21 pm

saudi labour ministryജിദ്ദ: വീട്ടുവേലക്കാര്‍ക്ക് സംരക്ഷണം ഉറപ്പാക്കി സഊദിയില്‍ തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിച്ചു. വീട്ടുവേലക്കാരും സ്‌പോണ്‍സറും തമ്മില്‍ ആരോഗ്യകരമായ ബന്ധം ഉറപ്പാക്കുന്നതാണ് നിയമം. വീട്ടുവേലക്കാരന്‍ എന്ത് ജോലികള്‍ ചെയ്യണമെന്നും ശമ്പളം എത്രയായിരിക്കുമെന്നും ജോലിക്ക് പ്രവേശിക്കുന്ന സമയത്ത് തയ്യാറാക്കുന്ന കരാറില്‍ കൃത്യമായി പ്രതിപാദിക്കണമന്ന് നിയമം വ്യവസ്ഥയ ചെയ്യുന്നു. കരാറില്‍ പറഞ്ഞതിനപ്പുറം ഒരു അധിക ജോലിയും ജോലിക്കാരനെക്കൊണ്ട് ചെയ്യിക്കാന്‍ പാടില്ല. കരാര്‍ കാലാവധിയും കാലാവധി പൂര്‍ത്തിയായാല്‍ പുതുക്കേണ്ട രീതികളും എല്ലാം കൃത്യമായി രേഖപ്പെടുത്തണം.

കരാര്‍ സമയത്ത് നിശ്ചയിച്ച ശമ്പളം മൂന്ന് സന്ദര്‍ഭങ്ങളിലൊഴികെ മറ്റൊരു കാരണത്താലും കുറക്കാന്‍ പാടില്ലെന്ന് നിയമം അടിവരയിടുന്നു. വീട്ടുവേലക്കാരന്റെ അശ്രദ്ധ കാരണമുണ്ടായ നഷ്ടങ്ങള്‍, ശമ്പളത്തില്‍ മുന്‍കൂറായി നല്‍കിയ തുക, കോടതി പിഴ എന്നിവ മാത്രമേ ശമ്പളത്തില്‍ നിന്ന് കുറവ് ചെയ്യാന്‍ തൊഴിലുടമക്ക് അനുമതിയുള്ളൂ.

തൊഴിലാളികള്‍ക്ക് രണ്ട് വര്‍ഷത്തിലൊരിക്കല്‍ ഒരു മാസവും ആഴ്ചയില്‍ ഒരു ദിവസവും അവധി നല്‍കണമെന്നും പുതിയ തൊഴില്‍ നിയമത്തില്‍ വ്യക്തമാക്കുന്നുണ്ട്.