തേങ്ങ വില വര്‍ധന: കൊപ്ര ഉണക്കല്‍ ഗ്രാമങ്ങളില്‍ അപൂര്‍വ കാഴ്ചയാകുന്നു

Posted on: May 30, 2014 6:48 pm | Last updated: May 30, 2014 at 6:48 pm

പെരുങ്ങോട്ടുകുറുശ്ശി: തേങ്ങയുടെ വില ഉയര്‍ന്നതും വിളവ് കുറഞ്ഞതും വെളിച്ചെണ്ണക്കുള്ള കൊപ്ര ഉണക്കല്‍ ഗ്രാമങ്ങളില്‍ അപൂര്‍വകാഴ്ചയാകുന്നു. കഴിഞ്ഞ വേനലില്‍ തെങ്ങുകള്‍ വ്യാപകമായി ഉണങ്ങിയതാണ് വില വര്‍ധിക്കാന്‍ ഇടയാക്കിയത്. വിലത്തകര്‍ച്ചമൂലം തെങ്ങിന്‍തോട്ടങ്ങളില്‍ തേങ്ങയുടെ വലിയ കൂമ്പാരങ്ങള്‍ ഒരുകാലത്ത് കണ്ടിരുന്നു. എന്നാല്‍ ഇതെല്ലാം പഴങ്കഥയായി. പത്തും പതിനഞ്ചും രൂപ ലഭിച്ചിരുന്ന സ്ഥാനത്ത് ഒരു കിലോ തേങ്ങക്ക് വില 30 നു മുകളിലാണിപ്പോള്‍. കാര്‍ഷിക ഗ്രാമങ്ങളില്‍ ഒരു തെങ്ങ് പോലുമില്ലാത്ത വീടുകള്‍ വിരളമാണ്. വേനല്‍ക്കാലത്ത് വീട്ടുമുറ്റങ്ങളില്‍ വെളിച്ചെണ്ണ ആട്ടുന്നതിനുള്ള കൊപ്ര വെട്ടിയുണക്കല്‍ പതിവ് കാഴ്ചകളിലൊന്നാണ്. കടകളില്‍ നിന്നും വാങ്ങുന്ന വെളിച്ചെണ്ണ കലര്‍പ്പില്ലാതെ കിട്ടത്തതുംതലയില്‍ തേക്കാനാവശ്യമായ വെളിച്ചെണ്ണക്ക് വേണ്ടിയെങ്കിലും കൊപ്രയാക്കി ആട്ടിയെടുക്കുന്നത് പതിവായിരുന്നു. തെങ്ങ് ഉണ്ടായിട്ടും പൊന്നും വില കൊടുത്ത് വാങ്ങിയാണ് പലരും മഴക്കാലത്തിന് മുമ്പായി വെളിച്ചെണ്ണ ഉണ്ടാക്കുന്നത്. കര്‍ഷകരില്‍ നിന്നും കൊപ്ര സംഭരിച്ചിരുന്ന സഹകരണ സ്ഥാപനങ്ങളും നാളികേരത്തിന്റെ ക്ഷാമം മൂലം പ്രതിസന്ധിയിലായിരിക്കുകയാണ്.