സര്‍വര്‍ തകരാര്‍ ഇനിയും പരിഹരിച്ചില്ല പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനാവാതെ വിദ്യാര്‍ഥികള്‍

Posted on: May 30, 2014 4:38 pm | Last updated: May 30, 2014 at 4:38 pm

കല്‍പകഞ്ചേരി: ഇത്തവണ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നത് ഓണ്‍ലൈന്‍ വഴിയാക്കിയതോടെ ഇത് ലഭിക്കാതെ വിദ്യാര്‍ഥികള്‍ കുഴങ്ങുന്നു.
ഇതിനായി വിദ്യാഭ്യാസ വകുപ്പ് ഏര്‍പ്പെടുത്തിയ സൗകര്യ കുറവിനെതിരെ ആക്ഷേപമുയര്‍ന്നു. ഇക്കഴിഞ്ഞ 26 മുതലാണ് ഓണ്‍ലൈന്‍ വഴി പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷ നല്‍കാനുള്ള സമയം ആരംഭിച്ചത്. എന്നാല്‍ വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ അക്ഷയ കേന്ദ്രങ്ങളിലും ഇന്റര്‍നെറ്റ് കഫേകളിലും ഇതു സംബന്ധമായ ആവശ്യങ്ങള്‍ക്ക് എത്തിയതോടെ ഇവിടെങ്ങളിലെ ജീവനക്കാരും മറ്റു ജോലികള്‍ പൂര്‍ത്തിയാക്കാനാവാതെ ഏറെ ദുരിതത്തിലായി. ഈ സംവിധാനമുള്ള സര്‍വര്‍ തകരാറിലായതാണ് ഹയര്‍ സെക്കന്‍ഡറി പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികളെ ഏറെ വലച്ചത്. എന്നാല്‍ ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്നത് തുടങ്ങിയിട്ട് നാലു ദിനങ്ങള്‍ പിന്നിട്ട ശേഷവും ഇതിനായി ഏര്‍പ്പെടുത്തിയ നിലവിലുള്ള സര്‍വ്വര്‍ സംബന്ധിച്ച് പരാതികള്‍ വ്യാപകമായിട്ട് പോലും ഇതിന് പരിഹാരം കണ്ടെത്താന്‍ അധികൃതര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. വിവിധ ഭാഗങ്ങളിലെ ഇന്റര്‍നെറ്റ് സൗകര്യമുള്ള സ്ഥാപനങ്ങളില്‍ ഇപ്പോള്‍ ഇതിനായുള്ള അപേക്ഷകള്‍ കുന്നു കൂടികിടക്കുകയാണ്. വിദ്യാര്‍ഥികളുടെ ബുദ്ധിമുട്ടകറ്റാന്‍ സ്‌കൂളുകള്‍ വഴി അപേക്ഷ ഫോറം വിതരണം നടത്തണമെന്നതാണ് ആവശ്യമുയര്‍ന്നിരിക്കുന്നത്.