Connect with us

Ongoing News

ബ്രസീലിലെത്തുന്ന ആദ്യ ടീം ആസ്‌ത്രേലിയ: സോക്കറൂസ് എത്തി

Published

|

Last Updated

ബ്രസീലിയ: സോക്കറൂസ് (ആസ്‌ത്രേലിയന്‍ ഫുട്‌ബോള്‍ ടീം) ബ്രസീല്‍ മണ്ണിലിറങ്ങി. ഫിഫ ലോകകപ്പില്‍ പങ്കെടുക്കാന്‍ ബ്രസീലിലെത്തുന്ന ആദ്യ ടീമായി ആസ്‌ത്രേലിയ. ദക്ഷിണ നഗരമായ കുരിടിബയിലാണ് വിമാനമിറങ്ങിയത്. തീരദേശ പട്ടണമായ വിക്‌ടോറിയയിലാണ് ആസ്‌ത്രേലിയയുടെ ബേസ് ക്യാമ്പ്. ലോകകപ്പില്‍ പങ്കെടുക്കുന്ന 32 ടീമുകളില്‍ ഏറ്റവും കുറഞ്ഞ റാങ്കിംഗ് ഉള്ളത് സോക്കറൂസിനാണ് – 59. എന്നാല്‍, റാങ്കിംഗാണ് തങ്ങള്‍ക്ക് പ്രചോദനമേകുന്നതെന്ന് മിഡ്ഫീല്‍ഡര്‍ ടോമി ഓര്‍ പറഞ്ഞു.
ഞങ്ങള്‍ അപ്രസക്തരാണ്. അതിശയിപ്പിക്കുന്ന പ്രകടനം പുറത്തെടുക്കാന്‍ ആസ്‌ത്രേലിയക്കുള്ള വന്‍ അവസരമാണിത്. പ്രതീക്ഷകളുടെ ഭാരമില്ലാതെ കളിക്കുന്നത് ഭാഗ്യമാണ്. ഫുട്‌ബോള്‍ രാഷ്ട്രമായ ബ്രസീലിലെ അന്തരീക്ഷമാണ് മറ്റൊരു പ്രചോദനം- ടോമി ആവേശത്തോടെ പറയുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ കഠിനമായി പരിശീനത്തിലേര്‍പ്പെട്ട ആസ്‌ത്രേലിയ വരുന്ന രണ്ടാഴ്ച ബ്രസീലിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ ഉപയോഗിക്കും.
കുരിടിബയില്‍ സോക്കറൂസിന് വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. ലോകകപ്പ് പ്രതിഷേധകരെ ടീം താമസിക്കുന്ന ഹോട്ടലിന്റെ നാലയലത്ത് പോലും അടുപ്പിക്കാതിരിക്കാന്‍ പഴുതില്ലാത്ത സുരക്ഷയാണൊരുക്കിയിരിക്കുന്നതെന്ന് ഒരു എ എഫ് പി ഫോട്ടോഗ്രാഫര്‍ പറയുന്നു.
പതിനൊന്ന് ശതലക്ഷം ഡോളര്‍ ചെലവഴിച്ചുള്ള ലോകകപ്പിനെതിരെ രാജ്യത്തുടനീളം പ്രേേക്ഷാഭാന്തരീക്ഷം നിലനില്‍ക്കുന്നുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം എന്നീ അവശ്യ മേഖലകളില്‍ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കാതെ ലോകകപ്പിന് വേണ്ടി പണം ധൂര്‍ത്തടിക്കുന്നുവെന്നാണ് ആക്ഷേപം.
ആസ്‌ത്രേലിയന്‍ ടീമിന് പിഴവറ്റ സുരക്ഷയൊരുക്കിയതോടെ ബ്രസീല്‍ അധികൃതര്‍ മറ്റ് വിദേശ ടീമുകളുടെ ആശങ്കയകറ്റി.
തുടരെ മൂന്നാം ലോകകപ്പിനാണ് ആസ്‌ത്രേലിയ വരുന്നത്. ജൂണ്‍ പതിമൂന്നിന് ചിലിക്കെതിരെയാണ് ആദ്യ കളി. ഗ്രൂപ്പ് എയില്‍ സ്‌പെയിന്‍, ഹോളണ്ട് ടീമുകളാണ് സോക്കറൂസിന്റെ മറ്റ് എതിരാളികള്‍.
ബ്രസീലിലെത്തുന്ന അടുത്ത ടീമുകള്‍ ക്രൊയേഷ്യും ഇറാനുമാകും.
അവര്‍ ജൂണ്‍ മൂന്നിന് വിമാനമിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ഏറ്റവും അവസാനമെത്തുക ദക്ഷിണകൊറിയ, ഘാന, പോര്‍ച്ചുഗല്‍. ജൂണ്‍ പതിനൊന്നിനാണ് അവര്‍ എത്തുക. ലോകകപ്പ് കിക്കോഫിന് ഒരു ദിവസം മുമ്പ് മാത്രം.