ഈജിപ്തില്‍ അല്‍സീസിക്ക് വന്‍ വിജയം

Posted on: May 30, 2014 1:15 am | Last updated: May 30, 2014 at 1:15 am

asisകൈറോ: ഈജിപ്തിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മൂന്‍ സൈനിക മേധാവി അബ്ദുല്‍ ഫത്താഹ് അല്‍സീസിക്ക് വന്‍ വിജയം. പ്രവിശ്യാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നപ്പോഴാണ് സീസിയുടെ മുന്നേറ്റം വ്യക്തമായത്. രാജ്യത്ത് രണ്ട് ദിവസങ്ങളായി നടന്ന വോട്ടെടുപ്പ് ജനങ്ങളുടെ പങ്കാളിത്തം കുറഞ്ഞതോടെ മൂന്ന് ദിവസമായി നീട്ടിയിരുന്നു. രാജ്യത്ത് പ്രധാന രാഷ്ട്രീയ കക്ഷിയും മുഹമ്മദ് മുര്‍സിയുടെ സംഘടനയുമായ ബ്രദര്‍ഹുഡും അതിന്റെ രാഷ്ട്രീയ രൂപമായ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിയും തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു.
അതേസമയം, തിരഞ്ഞെടുപ്പില്‍ ജനങ്ങളുടെ മോശം പ്രതികരണം സീസിക്ക് സര്‍ക്കാറുണ്ടാക്കുന്നതിന് പ്രതിസന്ധിയുണ്ടാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. രാജ്യത്തെ പല ബൂത്തുകളും ജനങ്ങളില്ലാതെ ഒഴിഞ്ഞുകിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൂന്നാം ദിവസത്തേക്ക് വോട്ടെടുപ്പ് നീട്ടിയതിലൂടെ സീസി തിരഞ്ഞെടുപ്പ് സംവിധാനം പോലും അട്ടിമറിക്കുകയാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു.
93.3 ശതമാനം വോട്ടുകള്‍ സീസി നേടിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ വക്താക്കള്‍ നല്‍കിയ വിവരം. തലസ്ഥാനമായ കൈറോയില്‍ സീസിയുടെ അനുകൂലികള്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു വരികയാണ്. തഹ്‌രീര്‍ ചത്വരത്തില്‍ സ്വതന്ത്രമായ ജനാധിപത്യത്തിന് ഭാവുകങ്ങള്‍ നേരാനായി ആയിരങ്ങള്‍ തടിച്ചു കൂടിയിരുന്നു. മുര്‍സിയെ പുറത്താക്കിയതിന് ജനങ്ങളുടെ പിന്തുണയുണ്ടെന്ന് വ്യക്തമാക്കുന്ന രീതിയില്‍ തിരഞ്ഞെടുപ്പ് വന്‍ വിജയമാകുമെന്ന് സീസി പ്രതീക്ഷിച്ചിരുന്നു. സീസിയുടെ ഏക എതിര്‍ സ്ഥാനാര്‍ഥി ഹംദീന്‍ സ്വബാഹിക്ക് മൂന്ന് ശതമാനം വോട്ടുകള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്.
മൂന്നാം ദിവസത്തേക്ക് വോട്ടെടുപ്പ് നീട്ടിയിട്ടും 44.4 ശതമാനം പേര്‍ മാത്രമാണ് വോട്ട് ചെയ്യാനെത്തിയത്. വോട്ടെടുപ്പില്‍ ജനപങ്കാളിത്തം കുറഞ്ഞതിനാല്‍ സര്‍ക്കാറിനെതിരെ ശക്തമായ വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്. ജനാധിപത്യത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ ജനകീയ പ്രക്ഷോഭത്തിനൊടുവില്‍ പുറത്താക്കി സൈനിക മേധാവിയായ സീസി അധികാരം പിടിച്ചെടുക്കുകയായിരുന്നു. മുര്‍സിയെ തിരഞ്ഞെടുത്ത വോട്ടെടുപ്പിലെ ജനപങ്കാളിത്തം ഇത്തവണയില്ലെന്നാണ് പ്രതിപക്ഷ കക്ഷികള്‍ അവകാശപ്പെടുന്നത്.