കിഴക്കന്‍ ഉക്രൈനില്‍ സൈനിക ഹെലികോപ്റ്റര്‍ വിമതര്‍ വെടിവെച്ചിട്ടു; 14 മരണം

Posted on: May 30, 2014 1:13 am | Last updated: May 30, 2014 at 1:13 am

കീവ്: കിഴക്കന്‍ ഉക്രൈനിലെ സ്ലോവ്യാന്‍സ്‌കിന് സമീപം റഷ്യന്‍ അനുകൂല വിമതര്‍ സൈനിക ഹെലികോപ്റ്റര്‍ വെടിവെച്ചിട്ടു. സംഭവത്തില്‍ ജനറലടക്കം 14 പേര്‍ കൊല്ലപ്പെട്ടതായി അധികാരമൊഴിയുന്ന പ്രസിഡന്റ് ഒലക്‌സാണ്ടര്‍ ടര്‍ച്ചിനോവ് പറഞ്ഞു. റഷ്യന്‍ നിര്‍മിത വിമാനവേധ സംവിധാനമാണ് വിമതര്‍ ഉപയോഗിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ആഴ്ചകളില്‍ സ്ലോവ്യാന്‍സ്‌കില്‍ വിമതരും സൈന്യവും തമ്മില്‍ രൂക്ഷ ഏറ്റുമുട്ടലുകളുണ്ടായിരുന്നു. കിഴക്കന്‍ മേഖലയിലെ കൊള്ളക്കാരെ വകവരുത്തുമെന്ന് നിയുക്ത പ്രസിഡന്റ് പെഡ്രോ പൊറോഷെങ്കോയും പ്രഖ്യാപിച്ചിട്ടുണ്ട്.
വിമതര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്ന സൈന്യത്തിനേറ്റ കനത്ത തിരിച്ചടിയാണ് പുതിയ സംഭവം. സ്ലോവ്യാന്‍സ്‌കിലും ക്രാമതോഴ്‌സ്‌കിനും ഇടയില്‍ ശക്തമായ പോരാട്ടം നടത്തിയ സൈനികരെ വ്യോമത്താവളത്തിലേക്ക് കൊണ്ടുപോകും വഴിയാണ് വിമത ആക്രമണമുണ്ടായത്. ഉക്രൈന്‍ നാഷനല്‍ ഗാര്‍ഡിന്റെ സ്‌പെഷ്യല്‍ ട്രൈനിംഗ് വിഭാഗം മേധാവി ജനറല്‍ സെര്‍ഗി കള്‍ച്ചിസ്‌കിയും കൊല്ലപ്പെട്ടരില്‍ ഉള്‍പ്പെടും. കഴിഞ്ഞയാഴ്ച ഡൊണേറ്റ്‌സകിലെ സൈനിക ചെക്ക് പോയിന്റിലുണ്ടായ ആക്രമണത്തില്‍ 14 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. സ്ലോവ്യന്‍സ്‌കിന് സമീപം ഈ മാസമാദ്യം രണ്ട് ഹെലികോപ്റ്ററുകള്‍ വിമതര്‍ വെടിവെച്ചിട്ടിരുന്നു. ഇതില്‍ ഒരു പൈലറ്റും ഒരു സൈനികനും കൊല്ലപ്പെട്ടു. കഴിഞ്ഞ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഡൊണേറ്റ്‌സ്‌കില്‍ നടന്ന സൈനിക നടപടിയില്‍ നൂറോളം വിമതര്‍ കൊല്ലപ്പെട്ടിരുന്നു. വിമതര്‍ പിടിച്ചെടുത്ത വിമാനത്താവളം തിരിച്ചുപിടിക്കാനാണ് സൈന്യം ആക്രമണം നടത്തിയത്.
അതേസമയം, നാല് അന്താരാഷ്ട്ര നിരീക്ഷകരെ വിമതര്‍ പിടിച്ചുവെച്ചതായി റിപ്പോര്‍ട്ടുണ്ട്. സുരക്ഷക്കും സഹകരണത്തിനുമുള്ള യൂറോപ്യന്‍ സംഘടനയായ ഒസ്‌കിന്റെ അംഗങ്ങളെയാണ് കാണാതായത്. ഇവര്‍ സുരക്ഷിതരാണെന്നും ഉടന്‍ മോചിതരാകുമെന്നും സ്ലോവ്യാന്‍സ്‌കിലെ സ്വയം പ്രഖ്യാപിത ഭരണകൂടത്തിന്റെ മേയര്‍ വ്യാഷെസ്ലേവ് പോനോമരിയോവ് പറഞ്ഞു. ഇവര്‍ മകെയേവ്ക ഗ്രാമത്തിലാണ് ഉള്ളതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ പതിനൊന്നാം തീയതി ഡൊണേറ്റ്‌സ്‌ക്, ലുഹാന്‍സ്‌ക് പ്രവിശ്യയില്‍ വിമതര്‍ ഹിതപരിശോധന നടത്തി സ്വയംഭരണം പ്രഖ്യാപിച്ചിരുന്നു.