Connect with us

Kozhikode

നജ്മ ഹിബതുല്ലയുടെ വാദം നിരുത്തരവാദപരം: യൂത്ത്‌ലീഗ്

Published

|

Last Updated

കോഴിക്കോട്: ഇന്ത്യയിലെ മുസ്‌ലിംകളെ ന്യൂനപക്ഷമായി കണക്കാക്കേണ്ടതില്ലെന്ന കേന്ദ്ര ന്യൂനപക്ഷ മന്ത്രി നജ്മ ഹിബതുല്ലയുടെ പ്രസ്താവന അങ്ങേയറ്റം നിരുത്തരവാദപരവും നിരാശാജനകവുമാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി എം സാദിഖലി പറഞ്ഞു. മോദി സര്‍ക്കാരിലെ ഏറ്റവും അപകടകാരിയാകാന്‍ പോകുന്നത് നജ്മ ഹിബതുല്ലയെ പോലെയുള്ള അന്തക വിത്തുകളായിരിക്കുമെന്നതിന്റെ സൂചനയാണിത്.
അധികാരത്തിനായി ഏത് വേഷവും കെട്ടാന്‍ മടിയില്ലെന്ന് ഇതിനകം തെളിയിച്ചിട്ടുള്ള ഇവര്‍ സംഘ്പരിവാരിന്റെ പ്രീതി സമ്പാദിക്കാനാണ് ഇത്തരത്തില്‍ പെരുമാറുന്നത്. രാജ്യത്തെ പ്രബല ന്യൂനപക്ഷമായ മുസ്‌ലിംകളുടെ പരിതാപകരമായ അവസ്ഥയെക്കുറിച്ചുള്ള പഠനങ്ങളും ശിപാര്‍ശകളും കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലുള്ളതാണ്. സച്ചാര്‍ സമിതി കണ്ടെത്തലുകളുടെയും രംഗനാഥന്‍ മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെയും ഭാവി ഇരുളടഞ്ഞതായിരിക്കുമെന്ന് വകുപ്പ് മന്ത്രി തന്നെ പറഞ്ഞ് കഴിഞ്ഞു. ന്യൂനപക്ഷ ക്ഷേമത്തിനായുള്ള പ്രധാനമന്ത്രിയുടെ പതിനഞ്ചിന പരിപാടിയും തുടരുന്ന കാര്യം സംശയമാണ്.
യു പി എ സര്‍ക്കാര്‍ തുടക്കം കുറിച്ച സംവരണ നടപടികള്‍ ബി ജെ പി നേരത്തെ തന്നെ നിരാകരിച്ചിട്ടുള്ളതാണ്. രാജ്യത്തെ പട്ടികജാതി ജനവിഭാഗത്തെക്കാള്‍ പരിതാപകരമാണ് ന്യൂനപക്ഷ ജനവിഭാഗമായ മുസ്‌ലിംകളുടെ സ്ഥിതിയെന്നാണ് സച്ചാര്‍ സമിതിയുടെ കണ്ടെത്തലുകള്‍. മുസ്‌ലിംകളെ ശത്രുപക്ഷത്ത് നിര്‍ത്തി ഇനിയും രാഷ്ട്രീയ നേട്ടം കൊയ്യുന്നതിനുള്ള ബി ജെ പി യുടെ ശ്രമങ്ങള്‍ അത്യന്തം ക്രൂരമാണ്.
എല്ലാ ജന വിഭാഗങ്ങളുടെയും ക്ഷേമവും പുരോഗതിയും ഉറപ്പാക്കിയിട്ടുള്ള രാഷ്ട്ര നിര്‍മാണമാണ് രാജ്യത്തിന്റെ മുഖമുദ്ര. ഇത് അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ രാജ്യത്തെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും മതേതര വിശ്വാസികളും ഉണര്‍ന്നിരിക്കേണ്ട സമയമാണിതെന്നും സാദിഖലി പറഞ്ഞു.