പ്രഥമ ബശീര്‍ സ്മാരക പുരസ്‌കാരം യു കെ കുമാരന് യുവ സാഹിത്യ പുരസ്‌കാരം പി ആര്‍ സൗമ്യക്ക്

Posted on: May 30, 2014 1:07 am | Last updated: May 30, 2014 at 1:07 am

കൊച്ചി: വൈക്കം മുഹമ്മദ് ബശീര്‍ മലയാള പഠനകേന്ദ്രത്തിന്റെ പ്രഥമ ബശീര്‍ സ്മാരക പുരസ്‌കാരത്തിന് യു കെ കുമാരന്റെ തച്ചന്‍കുന്ന് സ്വരൂപം എന്ന നോവല്‍ അര്‍ഹമായി. പഠനകേന്ദ്രത്തിന്റെ മുഖ്യരക്ഷാധികാരിയായി ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരാണ് വാര്‍ത്താസമ്മേളനത്തില്‍ പുരസ്‌കാരം പ്രഖ്യാപനം നടത്തിയത്.
കഥ, നോവല്‍ വിഭാഗത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ മലയാളത്തില്‍ പുറത്തിറങ്ങിയ ഏറ്റവും മികച്ച കൃതിക്ക് പുരസ്‌കാരം 25,001 രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ്. പ്രൊഫ. എം കെ സാനു അധ്യക്ഷനും, പ്രൊഫ. എം തോമസ് മാത്യു, കാനേഷ് പുനൂര്‍, ജോഷി ജോര്‍ജ്, വി വി ശുക്കൂര്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാരത്തിന് അര്‍ഹമായ കൃതി തിരഞ്ഞെടുത്തത്.
തച്ചന്‍കുന്ന് എന്ന ഗ്രാമത്തിന്റെ ഒരു നൂറ്റാണ്ട് നീണ്ട കഥ പറഞ്ഞുകൊണ്ട് വടക്കേ മലബാറിന്റെ സാമൂഹികവും സാമ്പത്തികവും ജാതീയവും വിശ്വാസാചാരപരവുമായ വ്യവഹാരങ്ങളുടെ വിസ്മയകരമായ അടരുകളിലേക്ക് വായനക്കാരെ നയിക്കുകയാണ് നോവലിസ്റ്റ് ചെയ്യുന്നത്. ഒപ്പം, ദേശീയപ്രസ്ഥാനം ഉദ്ദീപിപ്പിച്ച മൂല്യവ്യവസ്ഥയുടെ ബലത്തില്‍ ജനത പരിവര്‍ത്തനം കൊള്ളുന്നതിന്റെ ചേതോഹരമായ ചിത്രവും വരച്ചിടുന്നു. ജഡ്ജിംഗ് കമ്മിറ്റി അഭിപ്രായപ്പെട്ടു.
മലയാള പഠനകേന്ദ്രത്തിന്റെ യുവ സാഹിത്യ പുരസ്‌കാരത്തിന് പരിഗണിക്കുന്നതിന് മുപ്പത് വയസില്‍ താഴെയുള്ളവര്‍ക്കായി നടത്തിയ പ്രബന്ധമത്സരത്തില്‍ സൗമ്യ പി ആര്‍ തയ്യാറാക്കിയ ബഷീറിയന്‍ തത്വചിന്തയുടെ മാനങ്ങള്‍ അരികുജീവിത സിദ്ധാന്തങ്ങളില്‍ എന്ന പ്രബന്ധം അര്‍ഹമായി. എറണാകുളം മഹാരാജാസ് കോളജ് മലയാള വിഭാഗത്തില്‍ മുഴുസമയ ഗവേഷകയാണ് സൗമ്യ. 10001 രൂപയും പ്രശംസാപത്രവുമാണ് പുരസ്‌കാരം.
ആഗസ്റ്റ് അവസാനവാരം എറണാകുളത്ത് സംഘടിപ്പിക്കുന്ന വിപുലമായ സാഹിത്യ സമ്മേളനത്തില്‍ പുരസ്‌കാരങ്ങള്‍ നല്‍കും.