മുത്തശ്ശി തീകൊളുത്തുന്ന രംഗം മകന്റെ മൊബൈലില്‍; വധശ്രമക്കേസില്‍ നിന്നൊഴിവായ ആശ്വാസത്തില്‍ മാതാപിതാക്കള്‍

Posted on: May 30, 2014 1:06 am | Last updated: May 30, 2014 at 1:06 am

ഒറ്റപ്പാലം: പന്ത്രണ്ടുകാരന്റെ മൊബൈല്‍ ദൃശ്യം വധശ്രമക്കേസിലകപ്പെടുമായിരുന്ന മാതാപിതാക്കള്‍ക്ക് രക്ഷയായി. അമ്പലപ്പാറ കടമ്പൂര്‍ കൂനന്‍മല പഴയാട്ടുപറമ്പില്‍ പരേതനായ ചന്ദ്രന്റെ ‘ഭാര്യ രുഗ്മിണി(61)ക്ക് തീപൊള്ളലേറ്റത് പേരമകന്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതാണ് ‘വധശ്രമ’ക്കേസിന് വഴിത്തിരിവായത്. ബുധനാഴ്ച ഉച്ചക്ക് മൂന്നുമണിയോടെ വീട്ടില്‍ വെച്ച് സാരമായി പൊള്ളലേറ്റ രുഗ്മിണിയെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

നില ഗുരുതരമായതിനെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മകന്‍ ജയപ്രകാശും മരുമകള്‍ ശ്രീജയും തന്നെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന രുഗ്മിണിയുടെ മൊഴി ആശുപത്രിയില്‍ വെച്ച് ഒറ്റപ്പാലം മജിസ്‌ട്രേറ്റ് നേരിട്ട് രേഖപ്പെടുത്തിയിരുന്നു. ഈ കേസിനാണ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ വീഡിയോ ദൃശ്യം വഴിത്തിരിവായത്. ജയപ്രകാശിന്റെ മകന്‍ അമൃത് പ്രകാശ് തന്റെ മുത്തശ്ശി മുണ്ടില്‍ തീകൊളുത്തി ദേഹത്ത് പുതക്കുന്ന സംഭവം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിട്ടുണ്ടെന്ന് ഇന്നലെ പോലീസ് സ്റ്റേഷനില്‍ ഹാജരായ ജയപ്രകാശും ഭാര്യയും മൊഴി നല്‍കി.
പോലീസ് തിരയുകയായിരുന്ന ജയപ്രകാശും ‘ഭാര്യയും ഇന്നലെ രാവിലെയാണ് ഹാജരായത്. മകന്‍ പകര്‍ത്തിയ വീഡിയോ ദൃശ്യം ഉണ്ടെന്നു പറയപ്പെടുന്ന മൊബൈല്‍ ഫോണും സ്റ്റേഷനില്‍ ഹാജരാക്കിയിട്ടുണ്ട്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ജയപ്രകാശും മാതാവ് രുഗ്മിണിയും ഒരു വീട്ടില്‍ രണ്ടുഭാഗങ്ങളിലായിട്ടായിരുന്നുവത്രെ താമസം.
രുഗ്മിണിയുടെ മരണപ്പെട്ട ‘ഭര്‍ത്താവ് ചന്ദ്രന്റെ പേരിലാണ് ഇവര്‍ താമസിക്കുന്ന വീടും സ്ഥലവും. ഇത് തന്റെ പേരിലേക്ക് മാറ്റണമെന്നായിരുന്നു രുഗ്മിണിയുടെ ആവശ്യം. ഇതിനു വഴങ്ങാതിരുന്ന ജയപ്രകാശ് ഇവിടെ നിന്ന് താമസം മാറാന്‍ തീരുമാനിച്ചിരുന്നു.
വീട്ടു സാമഗ്രികള്‍ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് ബുധനാഴ്ച മകനും മാതാവും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവത്രെ.
ഗുരുതരമായി പരുക്കേറ്റ രുഗ്മിണി ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. സംഭവം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ അമൃത് പ്രകാശ് കടമ്പൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്.
മൊബൈല്‍ വീഡിയോ ദൃശ്യം വിദഗ്ധ പരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.