Connect with us

National

പിന്തുണക്കാന്‍ പിതാവ്; വെട്ടിനിരത്തി അഖിലേഷ് യാദവ്‌

Published

|

Last Updated

ലക്‌നോ: പരാജയത്തില്‍ നിന്ന് പാഠം പഠിക്കാനും പ്രവര്‍ത്തിക്കാനും തന്നെയാണ് സമാജ്‌വാദി പാര്‍ട്ടി മേധാവി മുലായം സിംഗ് യാദവിന്റെ മകനും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിന്റെ തീരുമാനം. പാര്‍ട്ടിയുടെ സംസ്ഥാന നിര്‍വാഹക സമിതി പിരിച്ച് വിട്ട് കഴിഞ്ഞു. മുഴുവന്‍ അനുബന്ധ സംഘടനകളുടെ സംസ്ഥാന കമ്മിറ്റിയും പിരിച്ചുവിട്ടിട്ടുണ്ട്. ഇനിയിപ്പോള്‍ ഉദ്യോഗസ്ഥ വൃന്ദത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ് അഖിലേഷ്. 22 സീറ്റില്‍ നിന്ന് എം പിമാരുടെ എണ്ണം അഞ്ചില്‍ എത്തി നില്‍ക്കുമ്പോള്‍ കടുത്ത പരിഹാരക്രിയകള്‍ക്ക് പിതാവിന്റെ പിന്തുണയുമുണ്ട്. സംസ്ഥാനത്തെ 12 നിയമസഭാ സീറ്റുകളിലേക്ക് ഉടന്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളില്‍ തിരിച്ച് വരാനാണ് അഖിലേഷ് യാദവ് സര്‍ക്കാറിന്റെ കൊണ്ടുപിടിച്ച ശ്രമം.
ഒരു ഡസനിലധികം ഐ പി എസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. രണ്ട് പേരെ സസ്‌പെന്‍ഡ് ചെയ്തു. ലഖിംപൂര്‍ കെഹ്‌രിയിലെ എസ് പി. സത്യേന്ദ്ര കുമാര്‍ സിംഗും ഫിറോസാബാദ് എസ് പി. രാകേഷ് സിംഗുമാണ് സസ്‌പെന്‍ഷനിലായത്. മാന്യനും സൗമ്യനുമായ നേതാവെന്ന പ്രതിച്ഛായ സൂക്ഷിക്കാന്‍ നാല്‍പ്പത്കാരനായ അഖിലേഷ് ശ്രമിച്ചതിനാല്‍ പല ഉദ്യോഗസ്ഥരും തോന്നിയ പോലെ പ്രവര്‍ത്തിച്ചുവെന്നാണ് മുലായം സിംഗ് അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ വിലയിരുത്തിയത്. അത് അവര്‍ അഖിലേഷിനോട് പറയുകയും ചെയ്തു. ഈ പശ്ചാത്തലത്തില്‍ കൂടിയാണത്രേ അഖിലേഷ് അല്‍പ്പം “കാര്‍ക്കശ്യ”ക്കാരനാകാന്‍ തീരുമാനിച്ചത്.
രണ്ട് വയസ്സായ എസ് പി സര്‍ക്കാര്‍ വികസനം, അടിസ്ഥാന സൗകര്യ വികസനം, ക്രമസമാധാനം തുടങ്ങിയ മേഖലകളില്‍ വട്ടപ്പൂജ്യമായിരുന്നുവെന്നും പാവപ്പെട്ട ജനങ്ങള്‍ അവരുടെ പ്രതിഷേധമാണ് ബൂത്തില്‍ പ്രകടിപ്പിച്ചതെന്നും അഖിലേഷ് ഇന്ന് മനസ്സിലാക്കുന്നുവെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ബി ജെ പി നടത്തിയ വര്‍ഗീയ ധ്രുവീകരണ തന്ത്രങ്ങളെ പഴിച്ച് തന്റെ സര്‍ക്കാറിന്റെ പരാജയം മറച്ച് വെക്കാന്‍ അഖിലേഷ് തയ്യാറല്ലത്രേ.
ഗ്രാമപ്രദേശങ്ങളില്‍ 12 മുതല്‍ 16 വരെ മണിക്കൂറും നഗര പ്രദേശങ്ങളില്‍ ആറ് മുതല്‍ എട്ട് വരെ മണിക്കൂറും വൈദ്യുതിയേ ഉണ്ടാകാറില്ല. ഈ സ്ഥിതി മാറ്റാന്‍ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം യോഗങ്ങളുടെ ഒരു പരമ്പര തന്നെ നടത്തി അഖിലേഷ് യാദവ്. എല്ലാ യോഗങ്ങളിലും മുഖ്യമന്ത്രി നേരിട്ട് തന്നെ പങ്കെടുത്തു. സബ് സ്റ്റേഷന്‍ ഉണ്ടാക്കുന്നതിനും പ്രസരണ ലൈനുകള്‍ വലിക്കുന്നതിനും സര്‍ക്കാര്‍ ഏല്‍പ്പിച്ചിരുന്ന അഞ്ച് കമ്പനികള്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടവയായിരുന്നു. ഈ കമ്പനികള്‍ക്ക് നല്‍കിയ കരാര്‍ കഴിഞ്ഞ ദിവസം റദ്ദാക്കി. അഴിമതിയാരോപിതരായ നിരവധി ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെയും ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥരുടെയും ജില്ലാ പോലീസ് മേധാവികളുടെയും യോഗം അടുത്ത മാസം പത്തിന് വിളിച്ചിരിക്കുകയാണ്. തകര്‍ന്ന് തരിപ്പണമായ ക്രമസമാധാന നിലയാണ് പാര്‍ട്ടിയുടെ പരാജയത്തിന് പ്രധാന കാരണമെന്നാണ് ആഭ്യന്തര വിലയിരുത്തലില്‍ പാര്‍ട്ടി കണ്ടെത്തിയിട്ടുള്ളത്. ഡിവിഷനല്‍ കമ്മീഷണര്‍മാര്‍, സോണല്‍ ഐ ജി മാര്‍, റേഞ്ച് ഡി ഐ ജി മാര്‍, ജില്ലാ പോലീസ് മേധാവികള്‍ എന്നിവരുടെ ഉത്തരവാദിത്വങ്ങള്‍ പുനര്‍നിര്‍ണയിച്ച് ബുധനാഴ്ച സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയിട്ടുണ്ട്.
പിതാവില്‍ നിന്നും അദ്ദേഹത്തിന്റെ അടുപ്പക്കാരില്‍ നിന്നും തനിക്ക് “മോചനം” വേണമെന്ന് അഖിലേഷ് ആവശ്യപ്പെട്ടിരിക്കുകയാണ്. ഉദ്യാഗസ്ഥ വൃന്ദവും പോലീസ് സേനയും മുലായം സിംഗിന്റെയോ അദ്ദേഹത്തിന്റെ അടുപ്പക്കാരുടെയോ അദൃശ്യ നിയന്ത്രണത്തിലായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ചെറുതും വലുതുമായ 100 വര്‍ഗീയ സംഘട്ടനങ്ങള്‍ സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ട്. 63 പേരുടെ മരണത്തിനിടയാക്കിയ മുസാഫര്‍ നഗറിലെതടക്കമുള്ള ഈ സംഘര്‍ഷങ്ങള്‍ നടക്കുമ്പോഴോ പുനരധിവാസത്തിലോ കൃത്യമായി പ്രവര്‍ത്തിക്കാന്‍ പോലീസ് സേനക്കും സര്‍ക്കാര്‍ സംവിധാനത്തിനും സാധിച്ചിരുന്നില്ല. ഇതിന്റെ കാരണം തനിക്ക് മുകളില്‍ നിന്ന് പോലീസ് സേനയെ നിയന്ത്രിക്കുന്നതാണെന്ന് അഖിലേഷ് പാര്‍ട്ടി വേദിയില്‍ തുറന്നടിച്ചിരിക്കുകയാണ്. പിതാവ്- പുത്രന്‍ ബന്ധത്തിലെ മുഴച്ച് നില്‍ക്കലുകള്‍ പ്രശ്‌നമാണെന്ന നിലപാട്് മുതിര്‍ന്ന ചില എസ് പി നേതാക്കള്‍ക്കുമുണ്ട്. പക്ഷേ പുറത്ത് പറയുന്നില്ലെന്ന് മാത്രം.
403 അംഗ നിയമ സഭയില്‍ സമാജ്‌വാദി പാര്‍ട്ടി 223 സീറ്റ് നേടി തിളക്കമാര്‍ന്ന വിജയം കൈപ്പിടിയിലൊതുക്കിയത് രണ്ട് വര്‍ഷം മുമ്പാണ്. ഇന്നിപ്പോള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കണക്ക് നോക്കിയാല്‍ 42 ഇടത്തേ എസ് പി മേല്‍ക്കൈ ഉള്ളൂ. ഈ പോക്ക് പോയാല്‍ അപകടമാണെന്ന് അഖിലേഷും കൂട്ടരും മനസ്സിലാക്കുന്നു. സൗജന്യ ലാപ്‌ടോപ്പ് പോലുള്ള തന്ത്രങ്ങള്‍ ഇനി വിജയിക്കില്ലന്നും അവര്‍ തിരിച്ചറിയുന്നു. ബി ജെ പിയാണെങ്കില്‍ കേന്ദ്ര ഭരണത്തിന്റെ ആത്മവിശ്വാസത്തില്‍ സംസ്ഥാനത്ത് വന്‍ മുന്നേറ്റം ആവര്‍ത്തിക്കാനുളള തയ്യാറെടുപ്പിലാണ്. ദേശീയ പാര്‍ട്ടിയോടൊപ്പം നില്‍ക്കുയെന്ന വിശാല കാഴ്ചപ്പാടിലേക്ക് യു പി ജനത മാറിക്കഴിഞ്ഞുവെന്നാണ് ബി ജെ പി സംസ്ഥാന പ്രസിഡന്റ് ലക്ഷ്മികാന്ത് വജ്‌പേയി പറയുന്നത്.

---- facebook comment plugin here -----

Latest