സുഷമാ സ്വരാജിന് ജോണ്‍ കെറിയുടെ അഭിനന്ദനം

Posted on: May 30, 2014 1:00 am | Last updated: May 30, 2014 at 1:02 am

ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റ സുഷമ സ്വരാജിനെ യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ഫോണില്‍ വിളിച്ച് അഭിനന്ദനമറിയിച്ചു. തന്ത്രപ്രധാന മേഖലയില്‍ ഇരുരാജ്യങ്ങളും കൂടുതല്‍ കരുത്തോടെ ഇടപെടുന്ന വിഷയങ്ങള്‍ ഇവര്‍ തമ്മില്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. ലോക നേതാക്കളില്‍ ആദ്യമായി സുഷമക്ക് അഭിനന്ദനമറിയിച്ച് വിളിച്ചത് ജോണ്‍ കെറിയായിരുന്നു. വിദേശകാര്യ മന്ത്രാലയത്തെയും തിരഞ്ഞെടുപ്പില്‍ ഉന്നത വിജയം നേടിയ പാര്‍ട്ടിയെയും യു എസ് സെക്രട്ടറി വിളച്ച് അഭിന്ദനമറിയിച്ചതായി മന്ത്രാലയത്തിലെ വക്താവ് തന്നെയാണ് വ്യക്തമാക്കിയത്. പുതിയ ഇന്ത്യന്‍ സര്‍ക്കാറിന്റെ സാമ്പത്തിക അജന്‍ഡകളെ കുറിച്ച് ജോണ്‍ കെറി സംസാരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപരം നിലവില്‍ 100 ബില്യണ്‍ ഡോളറാണെന്നും ഇത് 500 ബില്യണ്‍ ഡോളറിലേക്ക് ഉയര്‍ത്താന്‍ അമേരിക്ക തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഈ വാഗ്ദാനത്തെ സ്വാഗതം ചെയ്ത സുഷമ സ്വരാജ്, പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സാര്‍ക്ക് രാജ്യങ്ങളിലെ നേതാക്കള്‍ പങ്കെടുത്ത കാര്യം അദ്ദേഹത്തെ ഓര്‍മപ്പെടുത്തി. ജോണ്‍ കെറിക്ക് പുറമെ മറ്റു പല വിദേശരാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളും സുഷമയെ വിളിച്ച് അഭിനന്ദനമറിയിച്ചിട്ടുണ്ട്.