മോദിയുടെ സ്ഥാനാരോഹണവും രാജ്യത്തിന്റെ ഭാവിയും

Posted on: May 30, 2014 6:00 am | Last updated: May 30, 2014 at 1:00 am

NARENDRA MODI 2ജര്‍മ്മനിയില്‍ ഹിറ്റ്‌ലര്‍ നടത്തിയ ഏകാധിപത്യ വാഴ്ചയെക്കുറിച്ച് ഒട്ടേറെ പഠനങ്ങള്‍ നടക്കുകയുണ്ടായി. പ്രത്യേകിച്ച്, ജനാധിപത്യ മാര്‍ഗങ്ങളിലൂടെ അധികാരത്തില്‍ വരുന്ന ഒരു വ്യക്തി ഒരു സുപ്രഭാതത്തില്‍ എന്തുകൊണ്ട് സ്വേച്ഛാധിപതിയായി മാറുന്നു? അത്തരമൊരു മാറ്റത്തിലേക്ക് അയാളെ നയിക്കുന്ന മനഃശാസ്ത്രപരമായ ഘടകങ്ങള്‍ എന്തൊക്കെ എന്ന് മനസ്സിലാക്കാന്‍ പാകത്തില്‍ ഏകദേശം 40 വര്‍ഷം മുമ്പ് ജര്‍മനി കേന്ദ്രീകരിച്ച് ഒരു സംഘം ശാസ്ത്രജ്ഞന്മാര്‍ പഠനം നടത്തി. അപ്രകാരം ഏതൊരു സമൂഹത്തിലേയും 10 ശതമാനം ആളുകള്‍ ഒരു തരം ആധിപത്യസ്വഭാവം പുലര്‍ത്തുന്നവരും 15 ശതമാനം ആളുകള്‍ ജനാധിപത്യപരമായ ഭരണ സംവിധാനങ്ങള്‍ക്കനുകൂലമായ മാനസിക ഘടന കാത്തുസൂക്ഷിക്കുന്നവരും ആണ്. അവശേഷിച്ച 75 ശതമാനം പേരും മേല്‍പ്പറഞ്ഞ ആധിപത്യാഭിരുചിയും ജനാധിപത്യ താത്പര്യവും സമ്മിശ്രമായ ഒരു മാനസികാവസ്ഥ പുലര്‍ത്തുന്നവരും ആണ്.
ആധിപത്യ സ്വഭാവം പുലര്‍ത്തുക എന്നത് മനുഷ്യരില്‍ മാത്രമല്ല മൃഗങ്ങളിലും പക്ഷികളിലുമെല്ലാം കാണാറുള്ളതാണ്. മേല്‍പ്പറഞ്ഞ രണ്ട് വിഭാഗങ്ങളില്‍ നിന്നും വ്യത്യസ്തരായ മൂന്നാമതൊരു വിഭാഗമുണ്ട്. അവരാണ് വിപ്ലവ സ്വഭാവം പുലര്‍ത്തുന്നവര്‍. അവരുടെ എണ്ണം കൃത്യമായി കണക്കാക്കുക പ്രയാസമാണ്. മുകളില്‍ സൂചിപ്പിച്ച രണ്ട് വിഭാഗങ്ങളിലും അവരുടെ സാന്നിധ്യം നമുക്ക് കാണാം. മറ്റൊരു പേരിലും അവര്‍ മുദ്ര കുത്തപ്പെടാറുണ്ട്; വിമതര്‍. അവര്‍ തങ്ങള്‍ക്കു മേല്‍ അധികാരം പ്രയോഗിക്കുന്നവര്‍ക്ക് അതിനുള്ള അര്‍ഹതയെ സദാ ചോദ്യം ചെയ്തുകൊണ്ടിരിക്കും. തങ്ങള്‍ അര്‍ഹിക്കുന്ന തരത്തില്‍ മറ്റുള്ളവര്‍ തങ്ങളെ അംഗീകരിക്കുന്നില്ലെന്നതും തങ്ങളെ ആരും വേണ്ടപോലെ സ്‌നേഹിക്കുന്നില്ലെന്നതും അവരുടെ നിരന്തര പരാതിയായിരിക്കും. അധികാരസ്ഥാനത്തിരിക്കുന്നവരെ കിട്ടുന്ന ആദ്യ അവസരത്തില്‍ തന്നെ പുറംതള്ളുക എന്നതു മാത്രമല്ല, അവര്‍ സൃഷ്ടിക്കുന്ന ഒഴിവുകള്‍ തങ്ങളാല്‍ തന്നെ നികത്തപ്പെടണമെന്ന നിര്‍ബന്ധ ബുദ്ധിയും ഇവര്‍ വെച്ചുപുലര്‍ത്തുന്നുണ്ടാകും. ഇവര്‍ വെച്ചുപുലര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന വിമതത്വത്തില്‍ മുന്നിട്ടുനില്‍ക്കുക അവരില്‍ അന്തര്‍ലീനമായ ആധിപത്യ പ്രവണതയുടെ ആവിഷ്‌കാരമായിരിക്കും. ഇത് ഒരു തരം വ്യാജ വിമതത്വം മാത്രമാണ്. ഇതുകൊണ്ടൊക്കെ തന്നെ നമ്മള്‍ ആര്‍ക്കെങ്കിലും വിപ്ലവകാരിപട്ടവും വിമതപ്പട്ടവും കല്‍പ്പിച്ചു നല്‍കുന്നതിനു മുമ്പ് വളരെ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. ഇന്നത്തെ വിമതന്‍ നാളെ വിപ്ലവകാരിയാകുന്നതും മറ്റന്നാള്‍ അമിതാധികാരപ്രമത്തനായ ഫാസിസ്റ്റാകുന്നതും ഒക്കെ തികച്ചും സ്വാഭാവികം മാത്രമാണെന്നു വരുന്നു. ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍ നമ്മുടെ അഭിനവ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നമ്മള്‍ ഏതു കള്ളിയില്‍ ചേര്‍ത്തായിരിക്കും അടയാളപ്പെടുത്തേണ്ടത്? അമിതാധികാരപ്രമത്തന്‍, ജനാധിപത്യവാദി, വിമതന്‍, വിപ്ലവകാരി ഇതില്‍ ഏതില്‍പ്പെടുത്തും? ഇതാണിപ്പോള്‍ സാമാന്യ ജനങ്ങളെ മാത്രമല്ല മാധ്യമ വിശകലനക്കാരെ പോലും അലോസരപ്പെടുത്തുന്ന ചോദ്യം. ഇതുവരെ മോദിനിന്ദ പുലര്‍ത്തിപ്പോന്നവര്‍ പോലും ഇപ്പോള്‍ മോദിസ്തുതികളുമായി ഇളകിയാടുന്ന കാഴ്ചയാണ് കാണുന്നത്.
മറ്റെന്തു വിശേഷണം തന്നെ മോദിക്കു പതിച്ചു നല്‍കിയാലും വിപ്ലവകാരിയെന്ന കോളത്തില്‍ അദ്ദേഹത്തിന്റെ പേര് ചേര്‍ക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല. വിപ്ലവകാരികളുടെ കാഴ്ചപ്പാടുകളെയും സ്വഭാവഘടനകളെയും അടിസ്ഥാനപ്പെടുത്തി നടത്തിയ പഠനങ്ങള്‍ പുറത്തുകൊണ്ടുവന്ന കാര്യം ഇതാണ്: സ്വന്തം മനസ്സിന്റെയും സ്വന്തം സമൂഹത്തിന്റെയും സങ്കുചിതത്വങ്ങള്‍ക്കപ്പുറമായി മനുഷ്യരാശിയെ ഒന്നായിക്കാണുകയും വംശ, ദേശീയ, ലിംഗ വ്യത്യാസങ്ങള്‍ക്കതീതമായി മനുഷ്യ വംശത്തെ ഒന്നായിക്കണ്ട് അവരുമായി താദാത്മ്യപ്പെടുകയും ചെയ്യുക. മനുഷ്യന്റെ മേധാശക്തിയുടെ പൊതുലക്ഷണമായ യുക്തി, മാനവികതാബോധം ഇവയുടെ അടിസ്ഥാനത്തില്‍ എന്തിനെയും ഏതിനെയും വിമര്‍ശവിധേയമാക്കാന്‍ വിപ്ലവകാരി മടി കാണിക്കുകയില്ല. അതുപോലെ തന്നെ ജീവന്റെ ദിവ്യതയെ മാനിക്കുന്നവനും ജീവിതത്തെ അഗാധമായി സ്‌നേഹിക്കുന്നവനും ആയിരിക്കും വിപ്ലവകാരി. അയാള്‍ ജീവിതത്തെ സ്‌നേഹിച്ചു സാംശീകരിക്കുന്നതിനു പകരം അതിന്മേല്‍ തൂങ്ങിക്കിടക്കുന്നവനായിരിക്കില്ല. (കാള്‍ മാര്‍ക്‌സ് എക്കണോമിക്ക് ആന്‍ഡ് ഫിലോസഫിക്കല്‍ മാനുസ്‌ക്രിപ്റ്റ്- സ്വന്തം തര്‍ജമ) ഇത്തരം വിശദീകരണങ്ങളുടെ അടിസ്ഥാനത്തില്‍ ‘നരേന്ദ്ര മോദി 2014’ എവിടെ നില്‍ക്കുന്നു എന്നു കൃത്യമായി നിര്‍ണയിക്കുക അത്ര ക്ഷിപ്രസാധ്യമല്ല.
ഫാസിസത്തെ പോലെ നവ ഫാസിസം അതിന്റെ പല്ലും നഖങ്ങളും പുറത്തുകാണിക്കാറില്ല. മുന്‍ കാല ഫാസിസ്റ്റ് പ്രസ്ഥാനങ്ങളെ പോലെ തീവ്ര ദേശീയവാദത്തെയും സ്വയം കല്‍പ്പിത മേധാവിത്വ വാദത്തെയും പിന്താങ്ങുന്നു. മാര്‍ക്‌സിസത്തെയും മറ്റു തൊഴിലാളിവര്‍ഗ തത്വശാസ്ത്രങ്ങളെയും തരം കിട്ടുമ്പോഴൊക്കെ ആക്രമിക്കുന്നു. വംശീയവും വൈദേശികവുമായ പ്രശ്‌നങ്ങളുയര്‍ത്തിക്കൊണ്ടുവന്നു രക്തസാക്ഷികളെ സൃഷ്ടിക്കുന്നതില്‍ അഭിരമിക്കുന്നു. പരമ്പരാഗത ദേശീയ സംസ്‌കാരത്തിന്റെയും മതത്തിന്റെയുമൊക്കെ സംരക്ഷകനായി ഭാവിക്കുന്നു. അക്രമത്തെ മഹത്വവത്കരിക്കുന്നു. വലതുപക്ഷ സാമ്പത്തിക നടപടികളെ പ്രോത്സാഹിപ്പിക്കുന്നു. തങ്ങളുടെ രാജ്യത്തെ പ്രശ്‌നങ്ങളുടെ ഉത്തരവാദിത്വം ഇടതുപക്ഷങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും മേല്‍ കെട്ടിവെക്കുന്നു. ജനാധിപത്യത്തിന്റെ മുഖ്യധാര തങ്ങളാണെന്ന അവകാശവാദം സദാ മുഴക്കിക്കൊണ്ടിരിക്കുന്നു. രണ്ടാം ലോക മഹായുദ്ധാനന്തര യൂറോപ്പില്‍ തുടങ്ങിയ നവ ഫാസിസ്റ്റ് പ്രസ്ഥാനം ക്രമേണ ഏഷ്യനാഫ്രിക്കന്‍ രാജ്യങ്ങളിലെ പല ഭരണകൂടങ്ങളും സാംശീകരിക്കുകയായിരുന്നു. ലിബിയയിലെ ഗദ്ദാഫി, ഇറാഖിലെ സദ്ദാം ഹുസൈന്‍ ഇവരൊക്കെയാണ് നമ്മുടെ കാലത്തെ പേരു കേട്ട നവ ഫാസിസ്റ്റുകള്‍. ഈ പട്ടികയില്‍ മോദിയുടെ പേരും കാലം എഴുതിച്ചേര്‍ക്കുമോ എന്ന് ആശങ്കപ്പെടുന്ന രാഷ്ട്രീയ നിരീക്ഷകരുണ്ട്. മോദിയുടെ ഇപ്പോഴത്തെ വിനയപ്രകടനവും ഉദാരതാപ്രകടനവും ഒന്നും അദ്ദേഹത്തെ ഒരു നവ ഫാസിസ്റ്റാകാനുള്ള സാധ്യതകളില്‍ നിന്നു പിന്തിരിപ്പിക്കും എന്ന പ്രതീക്ഷക്കു വക നല്‍കുന്നില്ല.
പാര്‍ലിമെന്റിന്റെ സെന്‍ട്രല്‍ ഹാളിലേക്കുള്ള മോദിയുടെ പ്രഥമ കാല്‍വെപ്പും ജനാധിപത്യത്തിന്റെ ആ ചരിത്രസ്മാരകത്തിന്റെ പടവുകള്‍ക്കു മുമ്പിലുള്ള അദ്ദേഹത്തിന്റെ കുമ്പിടലും പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷമുള്ള പ്രസംഗവും പ്രസംഗമധ്യേ ഉണ്ടായ വികാരവിക്ഷോഭവുമെല്ലാം തത്സമയം കണ്ടുകൊണ്ടിരുന്ന ആരേയും വികാരതരിളിതരാക്കാന്‍ പര്യാപ്തമായ പ്രകടനങ്ങളായിരുന്നു. പാര്‍ലിമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ സന്നിഹിതരായവരെ സംബോധന ചെയ്തുകൊണ്ട് മോദി നടത്തിയ പ്രസംഗം 1947 ആഗസ്റ്റ് 14 നു നെഹ്‌റു നടത്തിയ പ്രസംഗത്തെ പോലും അനുസ്മരിപ്പിക്കുന്നു.
അന്നു തന്നെ കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് കമ്മിറ്റി സമ്മേളനവേദിയില്‍ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും നടത്തിയ രാജിപ്രഖ്യാപനവും രാജി പിന്‍വലിക്കണമെന്ന നിര്‍ബന്ധവും എല്ലാം കണ്ടുകൊണ്ടിരുന്നവര്‍ക്ക് ‘അയ്യോ അച്ഛാ പോകല്ലേ, അയ്യോ അച്ഛാ പോകല്ലേ’ എന്നുള്ള ശ്രീനിവാസന്‍ സിനിമാ ശൈലിയിലുള്ള ഒരു നാടകാഭിനയം മാത്രമായിട്ടാണ് അനുഭവപ്പെട്ടിട്ടുണ്ടാകുക. ഒരു സരസന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു: ‘കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയില്‍ സംഭവിച്ചത് എന്താണെന്ന് അറിയേണ്ടേ. സോണിയാ ഗാന്ധിയുടെ രാജി സോണിയാ ഗാന്ധി സോണിയാ ഗാന്ധിക്കു സമര്‍പ്പിച്ചു. സോണിയാ ഗാന്ധി രാജി പിന്‍വലിക്കണമെന്നു സോണിയാ ഗാന്ധിയോട് ആവശ്യപ്പെട്ടു. സോണിയാ ഗാന്ധി അതു സ്വികരിച്ചു. യോഗം ചായ കുടിച്ചു പിരിഞ്ഞു.’
മോദിയുടെ വൈകാരിക വിക്ഷോഭവും സോണിയാ രാഹുല്‍മാരുടെയും അവരുടെ ഉപഗ്രഹങ്ങളുടെയും നാടകീയപ്രകടനങ്ങളും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വരാനിരിക്കുന്ന ദശകങ്ങളുടെ ഒരു ഏകദേശ ദിശാസൂചന കൂടിയാണ്. എന്തായാലും ഒരു കാര്യം ഉറപ്പിച്ചു പറയാം. അധികാരത്തിനു വെളിയിലുള്ള മോദിയോളം അപകടകാരിയായിരിക്കില്ല അധികാരം കൈയാളുന്ന മോദി. മൃദുഹിന്ദുത്വം പുലമ്പി രാഷ്ട്രീയാധികാരം കൈയടക്കി വെക്കുന്ന കോണ്‍ഗ്രസിനോളം പോലും പേടിക്കേണ്ട തീവ്രഹിന്ദുത്വം പറഞ്ഞു നടക്കുന്ന ആര്‍ എസ് എസുകാരെ. ആദ്യത്തെ കൂട്ടര്‍ ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്ക്കളാണെങ്കില്‍ രണ്ടാമത്തെ കൂട്ടര്‍ യഥാര്‍ഥ ചെന്നായ്ക്കള്‍ തന്നെയാണ്. അവരെ ദൂരെ നിന്നു കാണുമ്പോള്‍ തന്നെ ജനം എന്ന ആട്ടിന്‍ പറ്റത്തിനു തിരിച്ചറിയാന്‍ കഴിയും. അതിന്റെ അടിസ്ഥാനത്തില്‍ അനിവാര്യമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കാനും കഴിയും. ഇതാണ് ബാബരി മസ്ജിദിന്റെ തകര്‍ക്കല്‍ മുതല്‍ ഇങ്ങോട്ടുള്ള സമീപകാല ഇന്ത്യാ ചരിത്രം തെളിയിക്കുന്നത്. ഈ തിരിച്ചറിവിന്റെ അടിസ്ഥാനത്തിലായിരിക്കുമല്ലോ യു പിയിലെയും ബീഹാറിലെയും ഗുജറാത്തിലെയും ഒരു വിഭാഗം മുസ്‌ലിം വോട്ടുകളെ പോലും തങ്ങള്‍ക്കനുകൂലമാക്കി മാറ്റാന്‍ മോദിയുടെ രാഷ്ട്രീയത്തിനു കഴിഞ്ഞത്. മുസ്‌ലിംകളെ രാജ്യത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള പരിശ്രമം ആരുടെ ഭാഗത്തുനിന്നുണ്ടായാലും അത് പ്രശംസനീയമാണ്. സത്യപ്രതിജ്ഞാ ചടങ്ങിലേക്കു നവാസ് ശറീഫ് ഉള്‍പ്പെടെയുള്ള വിദേശ രാഷ്ട്രത്തലവന്മാരെ ക്ഷണിച്ചതും ആ ക്ഷണം സ്വീകരിക്കപ്പെട്ടതും ഇന്ത്യാ ചരിത്രത്തില്‍ ഒരു പുതിയ അധ്യായത്തിനു തുടക്കം കുറിക്കും എന്നു തന്നെ പ്രതീക്ഷിക്കാം.
ജാതിയും സമുദായവും കേന്ദ്രീകരിച്ചുള്ള ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തെ കുറേയൊക്കെ ഉന്മൂലനം ചെയ്യാന്‍ കഴിഞ്ഞു എന്നതും ഈ തിരഞ്ഞടുപ്പ് ഫലത്തിന്റെ ശ്രദ്ധേയമായ ഒരു ഘടകം ആണ്. ബംഗാളിലെ മമതയും തമിഴ്‌നാട്ടിലെ ജയലളിതയും കൈവരിച്ച വിജയം ചൂണ്ടിക്കാണിക്കുന്നത് വ്യക്തിപ്രഭാവത്തിന്റെ രാഷ്ട്രീയം ഇന്ത്യയില്‍ സജീവമാണെന്നു തന്നെയാണ്. കോണ്‍ഗ്രസ് രാഷ്ട്രീയം കഴിഞ്ഞ 40 വര്‍ഷമായി വ്യക്തികേന്ദ്രീകൃതമായി മുന്നേറുകയായിരുന്നല്ലോ. നെഹ്‌റു കുടുംബത്തോടുള്ള അന്ധമായ ആരാധന ബോധപൂര്‍വം വളര്‍ത്തിയെടുത്ത ഒന്നായിരുന്നു. നെഹ്‌റു, ഇന്ദിര, സഞ്ജയ്, രാജീവ്, സോണിയാ, രാഹുല്‍. ഇപ്പോള്‍ ആ കുടുംബത്തിലെ പുതിയ തലമുറയിലെ യുവ നായകന്റെ ഹൈടെക് പ്രചാരണ നടപടികളാണ് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ ദയനീയമായ പതനത്തിനു കാരണമെന്നാണ് സഖ്യകക്ഷിയായ ലീഗിന്റെ മുഖപത്രം പോലും ആക്ഷേപിക്കുന്നത്. ലീഗ് അവരിരിക്കുന്ന മരത്തിന്റെ കൊമ്പിന് തന്നെയാണ് കോടാലി ഓങ്ങിയിരിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. യാഥാര്‍ഥ്യം, അത് ചൂണ്ടിക്കാണിക്കുന്നത് ആരു തന്നെ ആയാലും അതംഗീകരിക്കുന്നതിനു പകരം അത് ചൂണ്ടിക്കാണിച്ചവര്‍ക്കെതിരെ കുരച്ചു ചാടുക എന്ന പാരമ്പര്യത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ് മുഖപ്രസംഗത്തിന്റെ പേരില്‍ ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്ന വിമര്‍ശവും ശിക്ഷാ ഭീഷണിയും. രാഹുല്‍ തോറ്റു പോയിടത്ത് പ്രിയങ്കയെ പരീക്ഷിക്കാനുള്ള ശ്രമത്തിലാണ് നമ്മുടെ തോമസ് മാഷിനെ പോലുള്ളവര്‍. ഒഴുക്കുവെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന വാഴപ്പിണ്ടി പോലെ ജനഹൃദയങ്ങളില്‍ പൊങ്ങിക്കിടക്കുന്ന ചില നേതൃ ബിംബങ്ങളെ പ്രതിഷ്ഠിച്ച് അതില്‍ പിടിച്ചു സ്വന്തം അതിജീവനം സാധ്യമാക്കുക എന്ന ലക്ഷ്യമേ ഇത്തരം നേതാക്കള്‍ക്കുള്ളൂ എന്നു വ്യക്തം.
കോണ്‍ഗ്രസിനെ ഇന്ത്യന്‍ മണ്ണില്‍ നിന്നും ഏറെക്കുറെ തൂത്തുമാറ്റുന്നതില്‍ വ്യക്തികേന്ദ്രീകൃത രാഷ്ട്രീയവും കുടുംബ വാഴ്ചാസിദ്ധാന്തവും ബി ജെ പിയുടെ കാര്യത്തില്‍ സംഭവിക്കില്ലായെന്നു പ്രതീക്ഷിക്കാം. മോദിയെ ഉയര്‍ത്തിക്കൊണ്ടു വന്നതിലൂടെ ആര്‍ എസ് എസ് ഒരു വെടിക്ക് അനേകം പക്ഷികളെയാണ് വീഴിച്ചിരിക്കന്നത്. ഹിന്ദുത്വ രാഷ്ട്രീയത്തില്‍ ആരോപിക്കപ്പെട്ടിട്ടുള്ള ബ്രാഹ്മണ ആധിപത്യത്തിന്റെ നിരസിക്കല്‍, വളരെ താണ നിലയില്‍ നിന്നുള്ള മോദിയുടെ ഉയര്‍ച്ച ചൂണ്ടിക്കാണിച്ച് മനസ്സ് വെച്ചാല്‍ ഇന്ത്യയിലെ ഏതു ദളിതനും രാഷ്ട്രീയാധികാരത്തിന്റെ ഉന്നത ശ്രേണിയിലേക്കു അനായാസം നടന്നു കയറാന്‍ കഴിയുമെന്നു തെളിയിക്കല്‍, സ്വത്വരാഷ്ട്രീയത്തിന്റെ പേര് പറഞ്ഞ് പിന്നാക്ക സമുദായങ്ങളും പിന്നാക്ക ജാതികളും പ്രത്യേകം പ്രത്യേകം രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപവത്കരിച്ചു മുന്നേറേണ്ടതില്ലെന്ന താക്കീത് ഇതെല്ലാം ഈ തിരഞ്ഞെടുപ്പ് ഫലത്തില്‍ അന്തര്‍ലീനമായിരിക്കുന്നു.
വരാനിരിക്കുന്ന ദശകങ്ങള്‍ മോദിയുടെ ഊഴമാണ്. രാജ്യത്തെ ഒന്നാകെ, തന്റെ പാര്‍ട്ടിയെ പ്രത്യേകിച്ചും, ജനാധിപത്യവത്കരിക്കുക എന്ന ദൗത്യം നരേന്ദ്ര മോദി എങ്ങനെ നിറവേറ്റുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. സാമ്പത്തിക രംഗത്ത് കോണ്‍ഗ്രസിന്റെതില്‍ നിന്നും വ്യത്യസ്തമായ നയപരിപാടികളൊന്നും മോദിയുടെ വികസന നയത്തില്‍ ഉണ്ടെന്നു തോന്നുന്നില്ല. അഴിമതിക്കു ധാരാളം പഴുതുകളുള്ള ഒരു സാമ്പത്തിക നയമാണ് അത്. ആ പഴുതുകളടക്കാന്‍ മോദിയുടെ പാര്‍ട്ടിക്കു എത്ര മാത്രം കഴിയും എന്നത് സംശയസ്ഥാനത്താണ്.
ഹിന്ദു മുസ്‌ലിം സംഘര്‍ഷം എന്ന ഈ മഹാ രാജ്യത്തിന്റെ ജന്മപാപം ഉണ്ടാക്കിയ മുറിവുകള്‍ വെച്ചുകെട്ടി സുഖപ്പെടുത്താനാണോ മൂര്‍ച്ഛിപ്പിക്കാനാണോ പോകുന്നത് എന്നതും ആശങ്കയുളവാക്കുന്നു. ഫാസിസ്റ്റ് എന്ന മുദ്ര മോദിക്കുമേല്‍ ആഴത്തില്‍ പതിഞ്ഞിട്ടുള്ളതാണ്. ജനകീയാംഗീകാരം നേടി തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന ഹിറ്റ്‌ലര്‍ യൂറോപ്പില്‍ അഴിച്ചുവിട്ടത് വെറുപ്പിന്റെ രാഷ്ട്രീയമായിരുന്നു. ഒരുപക്ഷേ, യുദ്ധത്തില്‍ തോറ്റില്ലായിരുന്നെങ്കില്‍ ഹിറ്റ്‌ലര്‍ ഇന്നും ലോകത്താകെ കൊണ്ടാടപ്പെടുമായിരുന്നു. ഫാസിസം, നിയോഫാസിസം ഇവയൊക്കെ ജനാധിപത്യാദര്‍ശത്തിലെ അര്‍ബുദങ്ങളാണ്. ഇത്തരം അര്‍ബുദബാധകളില്‍ നിന്നു രാജ്യത്തെ രക്ഷിക്കാന്‍ ഡല്‍ഹിയിലെ ഭരണമാറ്റത്തിനു കഴിയുമെങ്കില്‍ നെഹ്‌റുവിനു ശേഷം ചരിത്രത്തില്‍ ഇടം നേടുന്ന ഒരു സമുന്നത വ്യക്തിത്വമായി മോദി വിലയിരുത്തപ്പെടും. അല്ലെങ്കില്‍ ചരിത്രം അതിന്റെ ചവറ്റുകൊട്ടയിലേക്കു അദ്ദേഹത്തെയും തള്ളും.
കെ സി വര്‍ഗീസ്- ഫോണ്‍: 9446268581