സാങ്കേതിക വിദ്യാഭ്യാസ മേഖലയെ ഐ ഐ ടി നിലവാരത്തിലേക്ക് ഉയര്‍ത്തും: പി കെ അബ്ദുര്‍റബ്ബ്

Posted on: May 30, 2014 12:57 am | Last updated: May 30, 2014 at 12:57 am

തിരുവനന്തപുരം: സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ മേഖലയെ ഐ ഐ ടി നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ്. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ സംഘടിപ്പിച്ച പ്രിന്‍സിപ്പല്‍മാരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനുള്ള നിരവധി പദ്ധിതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ നാല് വര്‍ഷങ്ങളായി നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. 2016 ഓടെ വിദ്യാഭ്യാസ മേഖലയെ പൂര്‍ണമായി യു ജി സി നിലവാരത്തിലെത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
പ്രിന്‍സിപ്പല്‍മാര്‍ വിദ്യാര്‍ഥികളുടെ കുടുംബ സാഹചര്യങ്ങള്‍ കൂടി മനസിലാക്കി പ്രവര്‍ത്തിക്കണം. വൈസ് ചാന്‍സലര്‍മാരുടെ ഉത്തരവാദിത്തത്തോടെയാണ് പ്രിന്‍സിപ്പല്‍മാര്‍ ചിന്തിക്കേണ്ടത്. നഗരപ്രദേശങ്ങളില്‍ നിന്നും ഗ്രാമീണ മേഖലകളില്‍ നിന്നുമെത്തുന്ന വിദ്യാര്‍ഥികളുടെ സാഹചര്യങ്ങള്‍ രണ്ട് തരത്തിലായിരിക്കും. ഇത് മനസ്സിലാക്കി പ്രവര്‍ത്തിക്കുന്ന പ്രിന്‍സിപ്പല്‍മാര്‍ വിദ്യാഭ്യാസ മേഖലക്ക് കരുത്താകും. ഇക്കാര്യത്തില്‍ പ്രിന്‍സിപ്പല്‍മാരുടെ പങ്ക് വളരെ വലുതാണ്. വിദ്യാഭ്യാസമേഖലക്ക് 879 കോടി രൂപയാണ് നീക്കി വെച്ചിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ നിലവാരം ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച രാഷ്ട്രീയ ഉച്ഛതാര്‍ ശിക്ഷാ അഭിയാന്‍ (റൂസ) പദ്ധതിയില്‍ കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന ഫണ്ട് ഉപയോഗപ്പെടുത്തും. വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചയാണ് സര്‍ക്കാറിന്റെ പ്രധാന ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.