Connect with us

Ongoing News

ഓപറേഷന്‍ കുബേര വ്യാജ പരാതികള്‍ കണ്ടെത്താന്‍ സംവിധാനം

Published

|

Last Updated

തിരുവനന്തപുരം: ബ്ലേഡ് മാഫിയക്ക് എതിരെ നടത്തിവരുന്ന ഓപറേഷന്‍ കുബേര വന്‍വിജയമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിലയിരുത്തി. ഓപ്പറേഷന്‍ ശക്തമായി മുന്നോട്ടു കൊണ്ടു പോകാനും യോഗം തീരുമാനിച്ചു. വ്യാജ പരാതികളോ വ്യക്തിവിരോധം തീര്‍ക്കാനുള്ള പരാതികളോ അല്ലെന്ന് പ്രാഥമികമായി പരിശോധിച്ച ശേഷം മാത്രമേ ഇത്തരം പരാതികളില്‍ നടപടി തുടങ്ങാവൂ എന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ പൊലീസ് സൂപ്രണ്ടിന്റെയും നോഡ ല്‍ ഓഫീസറുടെയും നേതൃത്വത്തില്‍ ഓരോ ജില്ലയിലും ഓപ്പറേഷന്‍ കുബേര ശക്തമായി മുന്നോട്ടു പോകുകയാണെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തന്റെ ഫോണിലേക്ക് വന്ന പരാതികളുടെ എണ്ണം പതിനായിരം കവിഞ്ഞതായി മന്ത്രി തന്നെ വെളിപ്പെടുത്തി. നേരിട്ടും ഇ- മെയില്‍ വഴിയും ഇപ്പോഴും ധാരാളം പരാതികള്‍ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച വൈകുന്നേരം ആറ് മണി വരെ സംസ്ഥാനത്തൊട്ടാകെ 7244 റെയ്ഡുകളാണ് നടത്തിയത്. 1012 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 518 പേര്‍ അറസ്റ്റിലായി.
അറസ്റ്റിലായവരില്‍ പോലീസുകാരും ഉണ്ട്. ഇത്തരം ഇടപാടുകളില്‍ ഏര്‍പ്പെടുന്ന പോലീസുകാര്‍ നീരീക്ഷണത്തിലാണ്. 3.47 കോടിയോളം രൂപ ഇവരില്‍ നിന്ന് പോലീസ് പിടിച്ചെടുത്തു. വിദേശ കറന്‍സിയും സ്വര്‍ണവും ബ്ലാങ്ക് ചെക്കുകളും പ്രമാണങ്ങളും ആധാരവുമെല്ലാം ഇവരില്‍ നിന്ന് കണ്ടെടുത്തു. ഓപറേഷന്‍ കുബേരക്ക് എല്ലാ ജില്ലകളില്‍ നിന്നും പൊലീസിന്റെ ആത്മാര്‍ഥമായ സഹകരണമാണ് ലഭിക്കുന്നത്. കുറ്റമറ്റരീതിയില്‍ റെയ്ഡുകള്‍ മുന്നോട്ടുകൊണ്ടുപോകും. അതേസമയം, ബേങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ വ്യാപകമായ പരാതികളാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഈ പരാതികള്‍ പോലീസ് പരിശോധിച്ചുവരികയാണ്. റിസര്‍വ് ബേങ്കിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും. മൈക്രോ ഫിനാന്‍സ് എന്ന പേരില്‍ പണമിടപാട് നടത്തുന്ന സ്ഥാപനങ്ങളും ബ്ലേഡ് കമ്പനികളാണെന്ന പരാതിയുണ്ട്. അത്തരം സ്ഥാപനങ്ങളും നിയമവിധേയമായി മുന്നോട്ടുപോകണമെന്ന് അവരോട് ആവശ്യപ്പെടും രജിസ്‌ട്രേഷന്‍ വകുപ്പിന്റെ സഹായത്തോടെ വ്യാജ ചിട്ടികള്‍ നടത്തുന്നവരെ കണ്ടെത്താനുള്ള നടപടികളും പോലീസ് തുടരുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് മയക്കുമരുന്നിന്റെ ഉപഭോഗം വര്‍ധിച്ചുവരുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് തടയാന്‍ സര്‍ക്കാര്‍ വിശദമായ പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

 

Latest