കേരളത്തില്‍ ഐഐടി സ്ഥാപിക്കാന്‍ സാധ്യത

Posted on: May 29, 2014 6:45 pm | Last updated: May 29, 2014 at 8:46 pm

IITന്യൂഡല്‍ഹി: കേരളത്തില്‍ പുതിയ ഐഐടി സ്ഥാപിക്കുന്നതിന്റെ സാധ്യത പരിശോധിക്കാന്‍ കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി സ്മൃതി ഇറാനി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കേരളമടക്കം എട്ട് സംസ്ഥാനങ്ങളില്‍ പുതിയ ഐഐടികള്‍ സ്ഥാപിക്കുന്ന കാര്യമാണ് പരിഗണനയില്‍.
കേരളം ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ ഐഐടി സ്ഥാപിക്കുന്നതിന്റെ സാധ്യത ആരായാനാണ് നിര്‍ദ്ദേശം. കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന്റെ ചുമതലയേറ്റ ശേഷം സ്മൃതി ഇറാനി ഉദ്യോഗസ്ഥരുമായി നടത്തിയ ആദ്യ യോഗത്തിലാണ് നിലവില്‍ ഐഐടി ഇല്ലാത്ത സംസ്ഥാനങ്ങളില്‍ ഐഐടി സ്ഥാപിക്കുന്നതിന്റെ സാധ്യതയെ പറ്റി ആരാഞ്ഞത്. 2009ല്‍ ഇന്ത്യയില്‍ പുതിയതായി എട്ട് ഐഐടികളാണ് സ്ഥാപിച്ചത്. നിലവില്‍ 16 ഐഐടികളാണ് രാജ്യത്തുള്ളത്. എന്നാല്‍ പുതിയ ഐഐടികള്‍ സ്ഥാപിക്കുന്നതിനോട് മാനവ വിഭവശേഷി മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് വലിയ താത്പര്യം ഇല്ല. 2009ല്‍ പുതിയ ഐഐടികള്‍ സ്ഥാപിച്ചപ്പോള്‍ മന്ത്രാലയത്തിന് വലിയ സാമ്പത്തിക നഷ്ടമുണ്ടായി. മതിയായ ഭൂമിയും അടിസ്ഥാന സൗകര്യങ്ങളും നല്‍കാുകയാണെങ്കില്‍ ഐഐടികള്‍ സ്ഥാപിക്കാമെന്ന നിലപാടാണ് ഉദ്യോഗസ്ഥര്‍ക്ക്. പുതിയ ഐഐടികള്‍ സ്ഥാപിച്ചാല്‍ മന്ത്രാലയത്തിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നാണ് ഇവരുടെ വാദം.