നൂറുദിന കര്‍മപദ്ധതി തയ്യാറാക്കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശം

Posted on: May 29, 2014 3:08 pm | Last updated: May 31, 2014 at 8:04 am

narendra modi 3ന്യൂഡല്‍ഹി: എന്‍ ഡി എ സര്‍ക്കാറിന്റെ ആദ്യ നൂറുദിനത്തേക്കുള്ള കര്‍മപദ്ധതികളുടെ പട്ടിക തയ്യാറാക്കാന്‍ മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നിര്‍ദേശം. മന്ത്രിസഭാ യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം നിര്‍ദേശിച്ചത്. മുന്തിയ പരിഗണന നല്‍കേണ്ട പത്ത് കാര്യങ്ങളുടെ പട്ടിക മോഡി തയ്യാറാക്കിയിട്ടുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, ജലം എന്നിവക്കാണ് ലിസ്റ്റില്‍ മുന്‍ഗണന നല്‍കുന്നത്.

ഭരണനിര്‍വഹണത്തിന് കൂടുതല്‍ സമയം ചിലവഴിക്കണമെന്നും സഹമന്ത്രിമാരെ വിശ്വാസത്തിലെടുത്ത് അവര്‍ക്ക് തുല്ല്യമായി ഉത്തരവാദിത്വങ്ങള്‍ വീതിച്ചു നല്‍കണമെന്നും മോദി മന്ത്രിമാരോട് നിര്‍ദേശിച്ചു.

മുന്‍ഗണനാ ലിസ്റ്റിലെ പത്തിനങ്ങള്‍:

1) സാമ്പത്തിക വളര്‍ച്ചക്കുള്ള തടസ്സങ്ങള്‍ നീക്കുക
2) വിദ്യാഭ്യാസം, ഊര്‍ജം, ജലം എന്നിവക്ക് മുന്‍ഗണന നല്‍കുക
3) അടിസ്ഥാന സൗകര്യ മേഖലയില്‍ പരിഷ്‌കാരം കൊണ്ടുവരിക
4) ജനങ്ങളെ കേന്ദ്രീകരിച്ചുള്ള ഭരണം ഉറപ്പാക്കുക
5) നയങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുക
6) നയങ്ങളില്‍ സ്ഥിരത നിലനിര്‍ത്തുക
7) ഗവണ്‍മെന്റ് ടെണ്ടറുകളില്‍ ഇ-ലേലം പ്രോത്സാഹിപ്പിക്കുക
8) മന്ത്രിതല സഹകരണം മെച്ചപ്പെടുത്തുക
9) ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആത്മവിശ്വാസം വളര്‍ത്തുക
10) ഉദ്യോഗസ്ഥര്‍ക്ക് സ്വാതന്ത്ര്യം അനുവദിക്കുക.