തിരഞ്ഞെടുപ്പ്, ജനാധിപത്യം, റിപ്പബ്ലിക്ക്‌

Posted on: May 29, 2014 6:00 am | Last updated: May 29, 2014 at 1:31 am

edit-web-modiമോദിയുടെ അഭൂതപൂര്‍വമായ വിജയവും സ്ഥാനാരോഹണവും എല്ലാവരുടെയും കണ്ണ് മഞ്ഞളിപ്പിച്ചു. പത്രങ്ങളും ചാനലുകളും തെരുവുകളും ഷെയര്‍ മാര്‍ക്കറ്റും ആഹ്ലാദാരവങ്ങള്‍ കൊണ്ട് മുഖരിതമായിരിക്കുന്നു. ലോക്‌സഭയുടെ മാത്രമല്ല, ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെയും ജനാധിപത്യ ഭരണഘടനയുടെയും പരിണാമം എപ്രകാരമാണ് എന്നതിനെ സംബന്ധിച്ചുള്ള വിവേകപൂര്‍ണമായ വിശകലനങ്ങള്‍ കുറവാണെങ്കിലും അവിടവിടെ തെളിഞ്ഞു വരുന്നുണ്ടെന്നതു മാത്രമാണല്‍പ്പം ആശ്വാസം.
ഈ വിജയം മോദിയുടെത് മാത്രമാണെന്ന് നിശ്ചയിക്കുന്നത് കൃത്യമായിരിക്കുകയില്ല. രാഷ്ട്രീയ സ്വയം സേവക് സംഘ് കഴിഞ്ഞ ഒരു നൂറ്റാണ്ടു കാലമായി നടത്തിക്കൊണ്ടിരിക്കുന്ന പ്രത്യയശാസ്ത്ര പ്രചാരണത്തിന്റെയും പ്രത്യക്ഷ രാഷ്ട്രീയ, വര്‍ഗീയ പ്രയോഗത്തിന്റെയും പരിണതഫലമാണ് ഈ തിരഞ്ഞെടുപ്പ് വിജയം എന്നതാണ് ചരിത്ര വസ്തുത. ആര്‍ എസ് എസിന്റെ സ്വാധീനം ബി ജെ പിയില്‍ മാത്രമാണെന്ന് വിചാരിക്കുകയും വേണ്ട. നിരവധി ബി ജെ പിയിതരര്‍ ഇപ്പോള്‍ ബി ജെ പിയില്‍ ചേര്‍ന്നതും, പല ബി ജെ പിക്കാരും മുമ്പ് കോണ്‍ഗ്രസടക്കമുള്ള മറ്റു പാര്‍ട്ടികളില്‍ ചേര്‍ന്നതുമെല്ലാം കൂട്ടി വായിച്ചാല്‍; സംഘപരിവാര്‍ ആശയം ഏതൊക്കെ സ്ഥലകാലങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടെന്ന് ബോധ്യമാകും.
വികസനത്തെക്കുറിച്ചുള്ള വായ്ത്താരിയും അഴിമതിവിരുദ്ധ പോരാട്ടവുമാണ് ബി ജെ പിയുടെ വിജയത്തിന് നിദാനം എന്നു കരുതുന്നതും ശരിയായിരിക്കില്ല. മുസ്‌ലിംകളടക്കമുള്ള ‘അന്യര്‍’ക്കെതിരായ നിരന്തര വിദ്വേഷ പ്രചാരണത്തിലൂടെ മുന്നേറുന്ന ഹിന്ദുത്വാശയത്തിന്റെ വിജയമായി തന്നെ അതിനെ കൃത്യമായി സ്ഥാനപ്പെടുത്തുന്നതായിരിക്കും വസ്തുനിഷ്ഠം. ഇത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മറ്റൊരു ചലനമായി നിസ്സാരവത്കരിക്കുന്നതും തെറ്റാണ്. സത്യത്തില്‍, അത് ജനാധിപത്യ വ്യവസ്ഥക്കകത്തു തന്നെ ഉള്ള ജനാധിപത്യ നിരാകരണമാണ്.
കോര്‍പറേറ്റ് കൊള്ളയും പരിസ്ഥിതി വിനാശവും ഭരണകൂടത്തിന്റെ ഒത്താശയോടെ നടത്തിയ വംശഹത്യയും വികസനം എന്ന മുഖമറയിലൂടെ അവതരിപ്പിക്കപ്പെടുകയും കൊണ്ടാടപ്പെടുകയും ചെയ്തു/ചെയ്യുന്നു. അഭിപ്രായവ്യത്യാസങ്ങളെ നിശ്ശബ്ദമാക്കി. പടുകൂറ്റന്‍ റാലികളും സാങ്കേതിക കെട്ടുകാഴ്ചകളും നാടുനീളെ ഒരുക്കി. ഭൂതകാലത്തിലേക്ക് തിരിഞ്ഞു നോക്കരുതെന്നും ഭാവിയിലേക്ക് ചടുലമായി നടന്നു മുന്നേറുക എന്നും ആഹ്വാനം ചെയ്യപ്പെട്ടു. ധാരാളം അധ്വാനവും സര്‍ഗാത്മകതയും സംഘാടനവും മനുഷ്യവിഭവശേഷിയും അന്താരാഷ്ട്ര പരിശീലനം ലഭിച്ച പ്രൊഫഷനലുകളും കോടിക്കണക്കിന് രൂപയും ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ഈ വിജയം നേടിയെടുത്തിരിക്കുന്നത്. അയ്യായിരം മുതല്‍ പതിനായിരം വരെ കോടി രൂപയാണ് ചെലവ് എന്നാണ് പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. ടെലിവിഷനും ഗൂഗിളും ഫേസ്ബുക്കും ട്വിറ്ററും യുട്യൂബും ചേര്‍ന്ന് മോദിയെ വല്ലാതെ പൊലിപ്പിച്ചെടുക്കുകയും ചെയ്തു. ആര്‍ എസ് എസ് ആയിരുന്നു എല്ലാറ്റിന്റെയും പിന്നിലും മുന്നിലും. വിജയത്തിന്റെ തൊട്ടു പിറ്റേന്ന് എന്‍ ഡി ടി വിയില്‍ ഉമാഭാരതി പറഞ്ഞതിപ്രകാരമായിരുന്നു. ആര്‍ എസ് എസ് ആണ് ഞങ്ങളുടെ നയങ്ങള്‍ തീരുമാനിക്കുന്നതെന്ന് പറയാന്‍ സങ്കോചമൊന്നുമുണ്ടാകേണ്ടതില്ല. അവര്‍ പഠിപ്പിച്ചത് ഞങ്ങളുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്. അത് പ്രത്യേകം ഓര്‍മിപ്പിക്കേണ്ടതൊന്നുമില്ല. എല്ലാവരും പറയുന്നതു പോലെ ഒരു റിമോട്ട് കണ്‍ട്രോളിന്റെ ആവശ്യവുമില്ല. ഞങ്ങളെല്ലാം സ്വയം നിയന്ത്രിതരാണ്. അവരെന്താണ് ചിന്തിക്കുന്നത് അതു തന്നെയാണ് ഞങ്ങളും ചിന്തിക്കുന്നത്. ആര്‍ എസ് എസ്സിന്റെ ഒരു സ്വയം സേവകും പ്രചാരകനുമാണ് പ്രധാനമന്ത്രിയായിരിക്കുന്നത്. ജനങ്ങള്‍ ഞങ്ങളുടെ പ്രത്യയശാസ്ത്രം അംഗീകരിച്ചിരിക്കുന്നു.
ഹിന്ദുത്വവാദിയായിരുന്ന കെ എം മുന്‍ഷി, ഹിന്ദു മഹാസഭയിലും കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ചിരുന്നു. 1946ല്‍ ഗാന്ധി തന്നെ മുന്‍ഷിയോട് കോണ്‍ഗ്രസില്‍ തിരിച്ചു ചേരാന്‍ ആഹ്വാനം ചെയ്തിരുന്നു. ലാലാ ലജ്പത് റായ്, കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ചാണ് ഹിന്ദു മഹാസഭയുടെ പ്രസിഡന്റായത്. ഹിന്ദു മഹാസഭയുടെ മുന്‍ പ്രസിഡന്റായിരുന്ന ശ്യാമപ്രസാദ് മുഖര്‍ജിയെ നെഹ്‌റു തന്നെ തന്റെ മന്ത്രിസഭയിലേക്ക് ക്ഷണിക്കുകയും അത് പ്രകാരം അദ്ദേഹം മന്ത്രിയാകുകയും ചെയ്തു. രണ്ട് വട്ടം കോണ്‍ഗ്രസിന്റെ പ്രസിഡന്റായിരുന്ന മദന്‍ മോഹന്‍ മാളവ്യ, പിന്നീട് ഹിന്ദു മഹാസഭയുടെയും പ്രസിഡന്റായി. മാളവ്യയുടെ സഹായത്തോടെയാണ് ബനാറസ് ഹിന്ദു സര്‍വകലാശാല ആരംഭിച്ചത്. ഈ പട്ടിക പൂര്‍ണമല്ല. ഇത്തരം മറിച്ചും തിരിച്ചുമുള്ള സഞ്ചാരങ്ങള്‍ ഇപ്പോഴും യഥേഷ്ടം തുടരുന്നു.
ബി ജെ പിയില്‍ നിന്ന് മാറി കോണ്‍ഗ്രസിലെത്തി അതിന്റെ മുഖ്യ നേതാവായി തീര്‍ന്ന ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് ശങ്കര്‍ സിംഗ് വഗേല, പ്രധാനമന്ത്രിയായി പോകുന്നതിനു തൊട്ടു മുമ്പ്, മുഖ്യ മന്ത്രി നരേന്ദ്ര മോദിക്ക് ഗുജറാത്ത് നിയമസഭ നല്‍കിയ യാത്രയയപ്പില്‍ നടത്തിയ ആശംസാപ്രസംഗം ഇത്തരം ആശയവ്യാപനത്തിന്റെയും സര്‍വസമ്മതി നിര്‍മാണത്തിന്റെയും ഏറ്റവും പുതിയ ഉദാഹരണമാണ്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ മോദിക്ക് സാധ്യമാകട്ടെ എന്നായിരുന്നു വഗേലയുടെ ആശംസ. ബാബരി പള്ളി ഓര്‍മയില്‍ നിന്നു തന്നെ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു!
2014ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഹിന്ദുത്വയുടെ വ്യാപക പ്രചാരണത്തിനും പൊതു സമ്മതിയുടെ നിര്‍മാണത്തിനും വേണ്ടി, വര്‍ഗീയ കലാപങ്ങളും വിദ്വേഷ പ്രചാരണങ്ങളും ആസൂത്രണം ചെയ്യപ്പെട്ടു. 2013 ആഗസ്തിലാരംഭിച്ച ഉത്തര്‍ പ്രദേശിലെ മുസഫര്‍ നഗര്‍ കലാപവും ഒക്‌ടോബറില്‍ മോദി പ്രസംഗിക്കാനിരുന്ന പട്‌ന റാലിക്കു മുന്നോടിയായുണ്ടായ സ്‌ഫോടനവും ഈ രണ്ട് പ്രധാന സംസ്ഥാനങ്ങളിലും വര്‍ഗീയ പ്രചാരണത്തിനായി വന്‍ തോതില്‍ ഉപയോഗിക്കപ്പെട്ടു. ജാതികളെ ആസപ്ദമാക്കി വോട്ട് ബേങ്കുകളും പാര്‍ട്ടികളും സംഘടിപ്പിക്കപ്പെട്ടിരുന്ന ഈ സംസ്ഥാനങ്ങളില്‍ ചരിത്രത്തിലാദ്യമായി ജാതി കണക്കിലെടുക്കാതെ തന്നെ ഹിന്ദു ഏകോപനം സാധ്യമായി. വിശാല ഹിന്ദു എന്ന സ്വത്വത്തിലേക്ക് എല്ലാവരും ഉരുകിച്ചേര്‍ന്നു. ഹിന്ദുത്വയും വികസനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഉമാഭാരതി ഇപ്രകാരം വിശദീകരിച്ചു. ഹിന്ദുത്വം എന്നത് ഇന്ത്യന്‍ ജീവിതത്തിന്റെ പ്രാണനാണ്. പ്രാണന്‍ എപ്പോഴും സുരക്ഷിതമായി അവിടെ സ്ഥിതി ചെയ്യും. എന്നാല്‍, കാര്യങ്ങള്‍ നടത്താനായി കൈകളും കാലുകളും കണ്ണുകളും പ്രവര്‍ത്തനനിരതമാകും. അതിനെയാണ് ഞങ്ങള്‍ വികസനം എന്നു പറയുന്നത്.
ഇന്ത്യയിലെ ജനപ്രിയ നോവലിസ്റ്റായ ചേതന്‍ ഭഗത്; ‘ഈ തിരഞ്ഞെടുപ്പു വിജയം, ഹിന്ദു അമിതാധികാരവാഴ്ചയായി മാറാതിരിക്കട്ടെ’ എന്നാശംസിക്കുന്നുണ്ട്. കാരണം മറ്റൊന്നുമല്ല. അങ്ങനെയായിത്തീര്‍ന്നാല്‍, ഇന്ത്യയില്‍ ബിസിനസ് ചെയ്യാന്‍ ആരും വരില്ല എന്നതാണ് മുന്നറിയിപ്പ്. അതായത്. ഇന്ത്യയിലെ മുസ്‌ലിം ജീവിതത്തെ അപ്രസക്തമാക്കാനുള്ള ഹിന്ദുത്വ പദ്ധതികളുടെ ഭാവി, ലാഭം, മൂലധനം എന്നിവയുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത് എന്ന് സാരം. ഉമാഭാരതി അടക്കമുള്ള ഹിന്ദുത്വ നേതാക്കള്‍ പറയുന്നതു പോലെ, മുസ്‌ലിംകള്‍ക്കുള്ള യഥാര്‍ഥ സുരക്ഷ തങ്ങള്‍ക്കാണ് നല്‍കാന്‍ കഴിയുക എന്നവര്‍ ഉറപ്പ് പറയുന്നു. ഈ സുരക്ഷയെ, അനിശ്ചിതകാല ദയാദാക്ഷിണ്യം എന്നും മാറ്റി നിര്‍വചിക്കാം.
അരുന്ധതി റോയ് പറയുന്നത്, മോദി സര്‍ക്കാറിന്റെ ആദ്യ ആക്രമണം മുസ്‌ലിംകള്‍ക്കു നേരെയായിരിക്കില്ല എന്നാണ്. മറിച്ച്, കാടുകളിലേക്കായിരിക്കും അദ്ദേഹത്തിന്റെ വികസനവണ്ടി ആദ്യം സഞ്ചരിക്കുന്നത്. ഖനികളും പശ്ചാത്തല സൗകര്യങ്ങളും വികസിപ്പിക്കുന്നതിനു വേണ്ടി പ്രകൃതിവിഭവങ്ങളും ഭൂമിയും ജലവും പരിസ്ഥിതിയും മാത്രമല്ല ആദിവാസി ജനതയെയും കൊള്ളമുതലാക്കി മാറ്റുകയായിരിക്കും ദേശ, വിദേശ കോര്‍പറേറ്റുകള്‍ക്കു വേണ്ടി പുതിയ സര്‍ക്കാര്‍ ആദ്യം തന്നെ ചെയ്യുക. ഇത്തരം മേഖലകളിലുള്ള പ്രതിരോധത്തെ അടിച്ചമര്‍ത്തുക എന്നതായിരിക്കും മോദിക്കു മുമ്പിലുള്ള ആദ്യ വെല്ലുവിളി. അത് നിസ്സാരമായി പൂര്‍ത്തീകരിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നതില്‍ ആര്‍ക്കും സംശയങ്ങളില്ല. മനുഷ്യാവകാശം, അന്താരാഷ്ട്ര നീതി, പരിസ്ഥിതി എന്നിങ്ങനെയുള്ള എല്ലാ പായാരങ്ങളെയും മാവോയിസം എന്ന് പറഞ്ഞ് തോല്‍പ്പിക്കാന്‍ സാധിക്കുമെന്നിരിക്കെ എന്തിന് കാത്തു നില്‍ക്കണം!
Reference :
1.Welcome to Pseudo-Democracy – Unpacking the BJP Victory: IrfanAhmad(http://kafila.org/2014/05/25/welcome topseudodemocracy unpacking the bjp victoryirfan ahmad/)
2.’Now, we have a democratically elected totalitarian government’ Arundhati Roy (http://www.dawn.com/news/1108001/now we have a democratically elected totalitarian government Arundhati-Roy)