പാക് താലിബാനില്‍ പിളര്‍പ്പ്‌

Posted on: May 29, 2014 4:33 am | Last updated: May 29, 2014 at 12:33 am

ഇസ്‌ലാമാബാദ്: പാക് താലിബാനില്‍ പിളര്‍പ്പ്. സംഘടനക്കുള്ളില്‍ ഭിന്നിപ്പ് രൂക്ഷമായതോടെ അക്രമപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നടത്തിവരുന്ന ചര്‍ച്ചകള്‍ ഫലപ്രാപ്തിയിലെത്തുമോയെന്ന് സംശയമുയര്‍ന്നിരിക്കുകയാണ്. ശക്തരായ മെഹ്‌സൂദ് ഗോത്രത്തിലെ രണ്ട് എതിര്‍ ഗ്രൂപ്പുകളാണ് പിളര്‍പ്പിന് പിന്നില്‍.
വടക്കന്‍ വസീറിസ്ഥാന്‍ മേഖലയില്‍ താലിബാന് പ്രവര്‍ത്തിക്കാന്‍ വന്‍തോതില്‍ പണമൊഴുകുന്നതും പോരാളികള്‍ എത്തുന്നതും ഈ ഗോത്രത്തില്‍ നിന്നാണ്. ഗ്രൂപ്പില്‍ ഒരു വിഭാഗം സര്‍ക്കാറുമായുള്ള സമാധാന ചര്‍ച്ചകളെ അനുകൂലിക്കുമ്പോള്‍ മറുവിഭാഗം സര്‍ക്കാറിനും സുരക്ഷാ സേനക്കുമെതിരായ ആക്രമണം തുടരുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. താലിബാന്റെ നേതൃത്വവും പോരാളികളും ഇപ്പോള്‍ പണം വാങ്ങി കൊല ചെയ്യുന്നവരായി മാറിയെന്നും അനിസ്‌ലാമികമായ കൊലയിലും കവര്‍ച്ചയിലും തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടുന്ന പ്രവര്‍ത്തിയിലുമാണ് ഇവര്‍ ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്നതുമെന്ന് സമാധാന ചര്‍ച്ചകള്‍ക്ക് അനുകൂലമായി നിലകൊള്ളുന്ന വിഭാഗത്തിന്റെ വക്താവ് അഅ്‌സം താരിഖ് പറഞ്ഞു. എന്നാല്‍ ഇത് സംബന്ധിച്ച് താലിബാന്‍ നേതൃത്വം പ്രതികരിച്ചിട്ടില്ല.
താലിബാനിലുള്ള ഭിന്നിപ്പ് സമാധാന ചര്‍ച്ച നടത്തുന്ന സര്‍ക്കാറിന് ആശങ്കയുണ്ടാക്കിയിരിക്കുകയാണ്. താലിബാനിലെ ഇരു സംഘങ്ങള്‍ ഏറ്റുമുട്ടല്‍ തുടരുന്ന സാഹചര്യത്തില്‍ പാക്കിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലേയും താലിബാന്‍ നേത്യത്വം ഇരു വിഭാഗങ്ങളും അടിയന്തരമായി യോജിപ്പിലെത്തണമെന്ന് നിരന്തരം അഭ്യര്‍ഥിച്ചു വരികയാണ്.