ഉക്രൈനിലേക്ക് സൈന്യത്തെ അയച്ചിട്ടില്ല: ചെച്‌നിയ

Posted on: May 29, 2014 2:29 am | Last updated: May 29, 2014 at 12:29 am

കീവ്: റഷ്യന്‍ അനുകൂല പ്രക്ഷോഭകരെ സഹായിക്കാന്‍ ഉക്രൈനിലേക്ക് സൈന്യത്തെ അയച്ചുവെന്ന ആരോപണം ചെച്‌നിയ തള്ളി. റഷ്യന്‍ ഫെഡറേഷന്റെ ഭാഗമായതിനാല്‍ ചെച്‌നിയക്ക് സായുധ സൈന്യമില്ലെന്ന് പ്രസിഡന്റ് റമസാന്‍ കാദിറോവ് അറിയിച്ചു. അതേസമയം, രണ്ട് ദിവസമായി രൂക്ഷ ഏറ്റുമുട്ടലുണ്ടായ കിഴക്കന്‍ ഉക്രൈന്‍ നഗരമായ ഡൊണേറ്റ്‌സ്‌കില്‍ സ്ഥിതി ശാന്തമായി.
‘ഡൊണേറ്റ്‌സ്‌കിലേക്ക് ചെചന്‍ സൈന്യം കടന്നുകയറിയതായി ഉക്രൈന്‍ വൃത്തങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ അത് സത്യമല്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണ്.’ റമദാന്‍ കാദിറോവ് പ്രസ്താവനയിലൂടെ അറിയിച്ചു. ചെച്‌നിയയില്‍ 30 ലക്ഷം ജനങ്ങളാണുള്ളത്. ഇവരില്‍ മൂന്നിലൊന്നും വിദേശത്താണ്. അവര്‍ എവിടെ പോകുന്നുവെന്ന് അറിയാന്‍ സാധിക്കില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡൊണേറ്റ്‌സ്‌ക് വിമാനത്താവളം പിടിച്ചടക്കാന്‍ ശ്രമിച്ചത് ഉക്രൈന്‍ സൈന്യം നേരിട്ടതിനെ തുടര്‍ന്ന് തങ്ങളുടെ നൂറ് പോരാളികള്‍ കൊല്ലപ്പെട്ടതായി വിമതര്‍ അറിയിച്ചു. വിമാനത്താവളം തങ്ങളുടെ പൂര്‍ണ നിയന്ത്രണത്തിലാണെന്ന് ഉക്രൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അതേസമയം, തങ്ങളുടെ നാല് നിരീക്ഷകരുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് യൂറോപ്യന്‍ സുരക്ഷാ- സഹകരണ സംഘടന അറിയിച്ചു. ഡൊണേറ്റ്‌സ്‌കിന്റെ കിഴക്കന്‍ പ്രദേശത്തെ ചെക്ക്‌പോയിന്റില്‍ ഇവര്‍ സഞ്ചരിച്ച വാഹനം തടഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.
പുതിയ പ്രസിഡന്റായി പ്രമുഖ വ്യവസായി പെഡ്രോ പൊറോഷെങ്കോ തിരഞ്ഞെടുക്കപ്പെട്ട് മണിക്കൂറുകള്‍ക്കകമാണ് സൈന്യം വ്യോമാക്രമണം തുടങ്ങിയത്.