പേഴ്‌സണല്‍ സ്റ്റാഫില്‍ ബന്ധുക്കള്‍ പാടില്ലെന്ന് മന്ത്രിമാര്‍ക്ക് മോദിയുടെ നിര്‍ദേശം

Posted on: May 29, 2014 12:27 am | Last updated: May 29, 2014 at 12:27 am

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭയില്‍ പ്രധാനമന്ത്രി മോദിയുടെ ഗുജറാത്ത് മോഡല്‍ പരിഷ്‌കരണം ആരംഭിച്ചു. ഇതിന്റെ ആദ്യഘട്ടമായി പേഴ്‌സനല്‍ സ്റ്റാഫില്‍ ബന്ധുക്കളെ നിയമിക്കാന്‍ പാടില്ലെന്ന് അദ്ദേഹം മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്കി. പ്രധാനമന്ത്രിയായ ശേഷം മോദി ഒപ്പിട്ട ആദ്യ നിര്‍ദേശമാണിതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മന്ത്രിമാര്‍ തങ്ങളുടെ സെക്രട്ടറി സ്ഥാനത്തേക്കും മറ്റ് തസ്തികകളിലേക്കും ആളെ നിയമിക്കുന്നത് നീതിപൂര്‍വകമായിരിക്കണം. ചെലവുകള്‍ വെട്ടിച്ചുരുക്കാനും സാധാരണക്കാരുമായി നല്ല ബന്ധം സ്ഥാപിക്കാനും മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി നിര്‍ദേശം നല്കിയിട്ടുണ്ട്. സ്വന്തം മന്ത്രാലയം സ്വകാര്യ സ്വത്തായി മന്ത്രിമാര്‍ കൈവശം വെക്കുന്നത് ഒഴിവാക്കാനാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയത്. സുതാര്യമായ ഭരണത്തിന് ബന്ധുക്കളുടെ സ്വാധീനം തടസ്സമാകുമെന്നും മോദി ചൂണ്ടിക്കാട്ടി.
ഇതാദ്യമായാണ് ഓഫീസില്‍ നിന്ന് ബന്ധുക്കളെ അകറ്റിനിര്‍ത്താന്‍ മന്ത്രിമാരോട് ഒരു പ്രധാനമന്ത്രി നിര്‍ദേശം നല്‍കുന്നത്.