സ്മൃതിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവാദം കൊഴുക്കുന്നു

Posted on: May 29, 2014 12:26 am | Last updated: May 29, 2014 at 12:26 am

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അജയ് മാക്കന്‍ തിരികൊളുത്തിയ വിവാദം, ഇപ്പോള്‍ കോണ്‍ഗ്രസ് പ്രസിഡന്റും യു പി എ അധ്യക്ഷയുമായ സോണിയാ ഗാന്ധിയുടെ വിദ്യാഭ്യാസ യോഗ്യതയില്‍ എത്തി നില്‍ക്കുന്നു.
തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി ഇനിയും കോണ്‍ഗ്രസിന് ഉള്‍ക്കൊള്ളാനാകുന്നില്ല. ഗര്‍വ് അവസാനിപ്പിച്ച്, ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിനുള്ള കാരണങ്ങള്‍ സംബന്ധിച്ച് ആത്മപരിശോധന നടത്താന്‍ ബി ജെ പി വക്താവ് മുക്താര്‍ അബ്ബാസ് നഖ്‌വി കോണ്‍ഗ്രസ് നേതാക്കളോട് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പില്‍ തോറ്റത് കോണ്‍ഗ്രസ് നേതാക്കളുടെ ധിക്കാരവും ഗര്‍വും കാരണമാണ്.
‘ബി ജെ പി നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന മോശമായ പദപ്രയോഗങ്ങള്‍ അവസാനിപ്പിക്കണം. തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നടത്തിയ വിധിയെഴുത്ത് കോണ്‍ഗ്രസ് മാനിക്കണം’- നഖ്‌വി കൂട്ടിച്ചേര്‍ത്തു.
സ്മൃതി ഇറാനിക്ക് മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലെന്നും ബിരുദധാരി പോലുമല്ലെന്നും പരാതിപ്പെടുന്നവര്‍, കോണ്‍ഗ്രസ് പ്രസിഡന്റും യു പി എ അധ്യക്ഷയുമായ സോണിയാ ഗാന്ധിയുടെ വിദ്യാഭ്യാസ യോഗ്യത എന്തെന്ന് വെളിപ്പെടുത്തണമെന്നും കേന്ദ്ര ജലവിഭവ- ഗംഗ ശുചീകരണ മന്ത്രി ഉമാഭാരതി ആവശ്യപ്പെട്ടു.
‘മേഡം സോണിയാ ഗാന്ധിയുടെ വിദ്യാഭ്യാസ യോഗ്യതയെന്തെന്നറിയാന്‍ എനിക്ക് താത്പര്യമുണ്ട്. യു പി എ സര്‍ക്കാറിനെ നയിച്ചതും സര്‍ക്കാറിന് ദിശാബോധം നല്‍കിയതും അവരാണല്ലോ. അവരുടെ സര്‍ട്ടിഫിക്കറ്റ് കാണാന്‍ എനിക്ക് താത്പര്യമുണ്ട്. എന്നിട്ടാകാം സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത തിരക്കുന്നത്’ -അവര്‍ പറഞ്ഞു.
മറ്റൊരു ബി ജെ പി നേതാവും കേന്ദ്ര മന്ത്രിയുമായ സന്തോഷ് ഗാംഗ്‌വാറും സോണിയയുടെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു.
‘എന്തൊരു മന്ത്രിസഭയാണ് മോദിയുടെത്. മാനവശേഷി വികസന മന്ത്രി(വിദ്യാഭ്യാസ കാര്യങ്ങള്‍ നോക്കുന്ന)ഒരു ബിരുദധാരി പോലുമല്ല. തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുമ്പാകെ അവര്‍ സമര്‍പ്പിച്ച സത്യപ്രതിജ്ഞയുടെ 11- ാം പേജ് നോക്കുക’ – വിവാദത്തിന് തിരികൊളുത്തിയ കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്റെ ട്വിറ്റ് ഇതായിരുന്നു.