മുകുള്‍ രോഹ്തഗി പുതിയ അറ്റോര്‍ണി ജനറല്‍

Posted on: May 29, 2014 12:58 am | Last updated: May 29, 2014 at 12:25 am

ന്യൂഡല്‍ഹി: പുതിയ അറ്റോര്‍ണി ജനറലായി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ രോഹ്തഗി നിയമിതനായി. മുന്‍ സര്‍ക്കാര്‍ നിയമിച്ച ജി ഇ വഹന്‍വതി രാജിവെച്ച ഒഴിവിലാണ് രോഹ്തഗിയുടെ നിയമനം. മുന്‍ ഡല്‍ഹി ഹൈക്കോടതി ജഡ്ജി അവധ് ബിഹാരി രോഹ്തഗിയുടെ മകനാണ് മുകുല്‍ രോഹ്തഗി. മുമ്പ് എന്‍ ഡി എ ഭരിച്ചപ്പോള്‍ രേഹ്തഗി അഡീഷണല്‍ സോളിസിറ്റര്‍ ജനറലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2002ലെ ഗുജറാത്ത് കലാപം, വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകം തുടങ്ങിയ കേസുകള്‍ക്ക് അന്ന് സംസ്ഥാനം ഭരിച്ച മോദി സര്‍ക്കാറിനായി സുപ്രീം കോടതിയില്‍ ഹാജരായിരുന്നത് രോഹ്തഗിയായിരുന്നു.
അംബാനി സഹോദരന്‍മാര്‍ തമ്മിലുണ്ടായിരുന്ന ഗ്യാസ് വിതരണവുമായി ബന്ധപ്പെട്ട കേസുകള്‍ക്കും ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട കേസില്‍ ഇറ്റാലിയന്‍ എംബസിക്കായി മേല്‍ക്കോടതിയിലും ഹാജരായത് രോഹ്തഗിയാണ്. പ്രമാദമായ കേസുകള്‍ കൈകാര്യം ചെയ്യുന്ന രോഹ്തഗി 2ജി കേസില്‍ വലിയ വ്യവസായ ഗ്രൂപ്പുകള്‍ക്കായും വാദിച്ചിരുന്നു.