കൗമാരക്കാരായ സഹോദരിമാരെ കൂട്ടബലാത്സംഗം ചെയ്ത് കെട്ടിത്തൂക്കിക്കൊന്നു

Posted on: May 29, 2014 12:24 am | Last updated: May 29, 2014 at 12:24 am

ബദൗന്‍: ഉത്തര്‍പ്രദേശിലെ കത്ര ഗ്രാമത്തില്‍ കൗമാരക്കാരായ രണ്ട് സഹോദരിമാരെ കൂട്ടബലാത്സംഗം ചെയ്ത ശേഷം മരത്തില്‍ കെട്ടിത്തൂക്കിക്കൊന്നു. ബുധനാഴ്ചയാണ് അത്യന്തം പൈശാചികമായ സംഭവമെന്ന് പോലീസ് പറഞ്ഞു.സഹോദര പുത്രിമാരായ ഇവരെ ചൊവ്വാഴ്ച രാത്രി വീട്ടില്‍ നിന്നും കാണാതായിരുന്നു.
കാണാതായ സഹോദരിമാര്‍ക്കായി നാട്ടുകാരും ബന്ധുക്കളും തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഇന്നലെ കാലത്ത് ഉഷായിത് പ്രദേശത്ത് മാവിന്‍കൊമ്പില്‍ തൂങ്ങിയ നിലയില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പതിനാലും പതിനഞ്ചും വയസ്സ് പ്രായമുള്ളവരാണ് കുട്ടികള്‍.
ഈ സംഭവത്തില്‍ ഒരു പോലീസുകാരനും മറ്റ് നാല് പേരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്. കൂട്ടബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടികളെ മരത്തില്‍ കെട്ടിത്തൂക്കുകയായിരുന്നുവെന്നാണ് ഗ്രാമീണര്‍ ആരോപിക്കുന്നത്. ഈ സംഭവത്തിന് ശേഷം സര്‍വേഷ് യാദവ് എന്ന പോലീസ് കോണ്‍സ്റ്റബിളിനെ കാണാതായിട്ടുണ്ടെന്ന് സിറ്റി പോലീസ് സുപ്രണ്ട് മാന്‍ സിംഗ് ചൗഹാന്‍ പറഞ്ഞു.
സംഭവം സംബന്ധിച്ച് പരാതി ലഭിച്ചിട്ടും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് വിസമ്മതിച്ചതായി ഗ്രാമീണര്‍ കുറ്റപ്പെടുത്തുന്നു. പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയായിട്ടുണ്ടോ എന്നകാര്യം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലെ സ്ഥിരീകരിക്കാനാകൂവെന്ന് പോലീസ് പറഞ്ഞു.
സംഭവ ദിവസം പോലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവന്‍ പോലീസുകാരേയും സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ഗ്രാമീണര്‍ ഉഷായിത്- ലിലാവന്‍ റോഡ് ഉപരോധിച്ചു. ഗ്രാമത്തില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ടെങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്.